'ഭരണഘടന വിട്ട് കളിക്കില്ല, ഉറപ്പ്!'
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുമൊന്നിച്ചു സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതിനു മുന്നോടിയായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ചില നിബന്ധനകള്‍ വച്ചതായി വെളിപ്പെടുത്തല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാനാണ് ശിവസേനയില്‍നിന്നു സോണിയ എഴുതിവാങ്ങിയ ഉറപ്പുകള്‍ വെളിപ്പെടുത്തിയത്.
ഭരണഘടനയുടെ ചട്ടക്കൂടില്‍നിന്നു മാത്രമേ പ്രവര്‍ത്തിക്കൂ. അതിന്റെ ആമുഖത്തില്‍ പറയുന്ന മതേതരത്വമടക്കമുള്ള കാര്യങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുതരണം. ഭരണഘടനയ്ക്കു വിരുദ്ധ മായി നിലകൊള്ളുന്നപക്ഷം പാര്‍ട്ടി മുന്നണി വിടും തുടങ്ങിയവ ശിവസേനാ നേതാവും നിലവില്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയ്ക്കു മുന്നില്‍ സോണിയ നിബന്ധനകളായി വച്ചുവെന്നാണ് നിലവില്‍ സഖ്യസര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രികൂടിയായ ചാവാന്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.
പാര്‍ട്ടി അധ്യക്ഷയുടെ നിര്‍ദേശപ്രകാരം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തിയെന്നും ആവശ്യങ്ങള്‍ അദ്ദേഹം അംഗീകരിച്ചെന്നും അശോക് ചാവാന്‍ പറഞ്ഞു.
നിലവില്‍ എന്‍.സി.പികൂടി ഉള്‍പ്പെടുന്ന മുന്നണിയിലെ മൂന്നു കക്ഷികള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പൊതുമിനിമം പരിപാടിയനുസരിച്ചാണ് സഖ്യസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, അശോക് ചാവാന്റെ പ്രസ്താവനയില്‍ ശിവസേനയെ കുറ്റപ്പെടുത്തി ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."