കബളിപ്പിക്കപ്പെട്ടത് ആയിരങ്ങള്‍; കവര്‍ന്നത് 500 കോടിയോളം രൂപ
കോഴിക്കോട്: പലിശരഹിത ബിസിനസിന് ലാഭവിഹിതം വാഗ്ദാനം ചെയ്ത് അന്താരാഷ്ട്ര കമ്പനി കബളിപ്പിച്ചത് ആയിരക്കണക്കിന് നിക്ഷേപകരെ. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീര ഗ്രൂപ്പാണ് നിക്ഷേപകരില്‍ നിന്ന് പണം തട്ടിയത്. നിക്ഷേപകരെ പറഞ്ഞുപറ്റിച്ച് കമ്പനി 500 കോടിയോളം രൂപയാണ് കവര്‍ന്നത്.
കമ്പനിയുടെ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നിക്ഷേപവും ലാഭവിഹിതവും ലഭിക്കാതെ പറ്റിക്കപ്പെട്ടത് ആയിരങ്ങളാണ്. കേരളത്തില്‍ നിന്നുമാത്രം 500ലേറെ നിക്ഷേപകരാണ് തട്ടിപ്പിനിരയായത്. ഇതു കൂടാനും സാധ്യതയുണ്ട്. ഇതിനെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും അന്വേഷണത്തെ അട്ടിമറിക്കുന്നുവെന്നുമാണ് നിക്ഷേപകരുടെ ആക്ഷേപം.
കോഴിക്കോട് ഇടിയങ്ങരയിലാണ് കമ്പനി ഓഫിസ് തുറന്നത്. സ്വര്‍ണക്കട്ടകളും സ്വര്‍ണത്തരികളും ഇറക്കുമതിയും കയറ്റുമതിയും ചെയ്തുകൊണ്ടായിരുന്നു ഹീര ഗോള്‍ഡ് എക്‌സ്‌പോര്‍ട്ട്‌സ് ആന്‍ഡ് ഇംപോര്‍ട്ട്‌സ് പ്രവര്‍ത്തനം തുടങ്ങുന്നത്.
ഒരു ദശകത്തിനിടയില്‍ വിശ്വാസ്യത നേടിയ കമ്പനി വ്യാപകമായാണ് നിക്ഷേപകരില്‍ നിന്ന് ധനസമാഹരണം നടത്തിയത്. വിവിധ രാജ്യങ്ങളില്‍ ഓഫിസുകളും തുറന്നു. ലക്ഷം രൂപക്ക് 3000 രൂപക്കു മുകളിലായിരുന്നു പ്രതിമാസ വാഗ്ദാനം. മൂന്നുമാസം കൂടുമ്പോള്‍ ലാഭവിഹിതം വിതരണം ചെയ്യുമെന്നും പറഞ്ഞു.ഹീര ഗോള്‍ഡ്, ഹീര ജ്വല്ലേഴ്‌സ്, ഹീര ടെക്സ്റ്റയില്‍സ്, ഹീര ഡെവലപ്പേഴ്‌സ്, ഫാന്‍സി വേള്‍ഡ്, ഹീര ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, ഇസ്‌ലാമിക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, ഇന്റര്‍നാഷനല്‍ ദഅ്‌വ സെന്റര്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളാണ് വിവിധ രാജ്യങ്ങളില്‍ ഹീര ഗ്രൂപ്പിനു കീഴിലുള്ളത്.
ഇതിന്റെ നടത്തിപ്പിന് പിന്തുണ നല്‍കി മാനവരാശിയെ സഹായിക്കുന്നതിനു പകരമായാണ് കമ്പനി പലിശരഹിത നിക്ഷേപത്തിന് ലാഭ വിഹിതം നല്‍കുന്നതെന്നായിരുന്നു അവകാശവാദം. പലിശ രഹിത സംരംഭമായതിനാല്‍ മുസ്‌ലിംകളില്‍ നിന്ന് മാത്രമാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. എന്നാല്‍ ലാഭവിഹിതം പ്രതീക്ഷിച്ചവരെല്ലാം ഇപ്പോള്‍ ആശങ്കയിലാണ്. പലര്‍ക്കും തുടക്കത്തില്‍ ലാഭവിഹിതം ലഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ മെയ് മാസത്തോടെ ഇതില്ലാതായി. നിക്ഷേപമെങ്കിലും തിരിച്ചുകിട്ടിയാല്‍ മതിയെന്നതാണ് പലരുടേയും ആവശ്യം. മറ്റുസംസ്ഥാനങ്ങളിലും കമ്പനി സി.ഇ.ഒയെ പ്രതിചേര്‍ത്ത് നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവിടെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിക്ക് കേസ് കൈമാറിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ കേസ് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.
ഹീര ഗ്രൂപ്പിന് 500 കോടിയിലേറെ ആസ്തിയുണ്ടെന്നും കമ്പനി പൊളിഞ്ഞതുകൊണ്ടല്ല ലാഭവിഹിതം ലഭിക്കാതായതെന്നും സി.ഇ.ഒ ഹൈദരാബാദ് സ്വദേശിനി നൗഹീര ഷെയ്ഖ് ജയിലിലായതാണ് പ്രതിസന്ധിയിലാക്കിയതെന്നും ചില നിക്ഷേപകര്‍ തന്നെ പറയുന്നുണ്ട്. തലശേരി സ്വദേശി 70 ലക്ഷം രൂപയും കോഴിക്കോട് സ്വദേശി 30 ലക്ഷം രൂപയും നിക്ഷേപിച്ചിരുന്നു. ഇവര്‍ പൊലിസില്‍ പരാതിയുമായെത്തിയതോടെയാണ് കൂടുതല്‍ പേര്‍ രംഗത്തെത്തിയത്. കോഴിക്കോട് ചെമ്മങ്ങാട് പൊലിസാണ് കമ്പനി സി.ഇ.ഒയെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തത്. നിരവധിപേര്‍ നേരിട്ടും അല്ലാതെയും പരാതിയുമായെത്തിയതോടെ ഇടിയങ്ങരയിലുള്ള കമ്പനി ഓഫിസ് പൊലിസ് പൂട്ടി സീല്‍ ചെയ്തിരുന്നു.
അതിനിടെ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നായി കബളിപ്പിക്കപ്പെട്ടവര്‍ കോഴിക്കോട്ട് സംഘടിച്ച് നിയമ നടപടിക്കൊരുങ്ങുകയാണ്. 167 നിക്ഷേപകരാണ് ഇതിനകം കോഴിക്കോട് ഒത്തുച്ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ പൊലിസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാലും ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയായതിനാലും അന്വേഷണം മറ്റു ഏജന്‍സികള്‍ക്ക് വിടണമെന്നതാണ് നിക്ഷേപകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."