സര്‍ക്കാര്‍-ഗവര്‍ണര്‍ ഉടക്ക് തുടരുന്നു
പുതുച്ചേരി: വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് തുടരുന്നു. കേരളത്തിനു പുറമേ, ബംഗാളിലും പുതുച്ചേരിയിലും സര്‍ക്കാര്‍-ഗവര്‍ണര്‍ അസ്വാരസ്യം നിലനില്‍ക്കുന്നുണ്ട്.
പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയാണ് ഇന്നലെ പുതിയ വിവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവര്‍ണര്‍മാര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നതിന് അനുസരിച്ചല്ല പ്രവര്‍ത്തിക്കുകയെന്നും മുഖ്യമന്ത്രി വി. നാരായണ സ്വാമിക്ക് റബര്‍ സ്റ്റാംപുകളായ ഗവര്‍ണര്‍മാരെയാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാരോപിച്ച അവര്‍, രാജ് നിവാസില്‍ റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാതിരുന്ന മുഖ്യമന്ത്രിയുടെ നടപടിയെ വിമര്‍ശിക്കുകയും ചെയ്തു.
അതേസമയം, ബംഗാളില്‍ സര്‍ക്കാരും ഗവര്‍ണര്‍ ജഗദീപ് ധന്‍കറും തമ്മിലുള്ള അസ്വാരസ്യം തുടരവേ, ഇന്നലെ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ ഒരു പരിപാടിക്കെത്തിയ ഗവര്‍ണറെ വിദ്യാര്‍ഥികള്‍ തടഞ്ഞ് തിരിച്ചയച്ചു. നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിക്ക് ഡോക്ടറേറ്റ് നല്‍കുന്ന ചടങ്ങിലേക്ക് ഗവര്‍ണര്‍ എത്തിയെങ്കിലും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെയടക്കം നേതൃത്വത്തില്‍ അദ്ദേഹത്തെ പ്രതിഷേധിച്ച് തിരിച്ചയക്കുകയായിരുന്നു.
മുഖ്യമന്ത്രി മമതാ ബാനര്‍ജിയെയും ഈ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നെങ്കിലും അവര്‍ എത്തിയിരുന്നില്ല. സര്‍വകലാശാലയുടെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ കൃത്യസമയത്തുതന്നെ എത്തിയെങ്കിലും വിദ്യാര്‍ഥികള്‍ അതിഥി മുറിയില്‍ തടഞ്ഞുവച്ചു. മുപ്പതു മിനുട്ടോളം അവിടെ തങ്ങിയ ഗവര്‍ണര്‍ പിന്നീട് പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ജാദവ്പൂര്‍ സര്‍വകലാശാലയില്‍നിന്നും ഗവര്‍ണര്‍ക്ക് സമാന അനുഭവമുണ്ടായിരുന്നു. സര്‍വകലാശാലയുടെ കവാടത്തില്‍ ഇദ്ദേഹത്തെ തടഞ്ഞ വിദ്യാര്‍ഥികള്‍ പിന്നീട് തിരിച്ചയക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."