ഇസ്റാഈല്‍ പൗരന്മാരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് സഊദി വിദേശകാര്യ മന്ത്രി
നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയിലേക്ക് ഇസ്റാഈല്‍ പൗരന്മാരെ പ്രവേശിപ്പിക്കില്ലെന്ന് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് അറിയിച്ചു. പ്രത്യേക സാഹചര്യങ്ങളില്‍ തങ്ങളുടെ പൗരന്മാര്ക്ക് സഊദി സന്ദര്‍ശിക്കാമെന്ന് ഇസ്റാഈല്‍ അറിയിച്ചതിനുപിന്നാലെയാണ് ഇത് നിഷേധിച്ച് സഊദിയുടെ പ്രതികരണം.
'തങ്ങള്‍ക്ക് സ്ഥിരമായ നിലപാടാണുള്ളത്. ഇസ്റഈലുമായി ഒരു ബന്ധവുമില്ല. ഇസ്റാഈല്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ സഊദി സന്ദര്‍ശിക്കാനും കഴിയില്ല'-ഫൈസല്‍ ബിന്‍ ഫര്ഹാന് രാജകുമാരന് പറഞ്ഞു. തീര്ഥാടനത്തിനായോ ബിസിനസ് ആവശ്യങ്ങള്‍ക്കോ മീറ്റിങ്ങുകളില്‍ പങ്കെടുക്കാനോ ഇസ്റാഈല്‍ പൗരന്മാര്ക്ക് സഊദി അധികൃതരുടെ അനുമതിയോടെ സഊദി സന്ദര്‍ശിക്കാമെന്നായിരുന്നു ഞായറാഴ്ച ഇസ്റാഈല്‍ ആഭ്യന്തര മന്ത്രി അറിയിച്ചത്. എന്നാല്‍, ഇത് നിഷേധിച്ചാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണമുണ്ടായത്. സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നിലവില്‍ ഇസ്റാഈലുമായി നയതന്ത്ര ബന്ധമില്ല. അടുത്തകാലത്തായി ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ ഇസ്റാഈല്‍ ശ്രമിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."