ആയിരക്കണക്കിന് ഷഹീന്‍ബാഗുകള്‍ ഇന്ത്യയില്‍ പിറക്കും: യെച്ചൂരി
കാഞ്ഞങ്ങാട് : പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരവേദിയായ ആയിരക്കണക്കിന് ഷഹീന്‍ബാഗുകള്‍ ഇന്ത്യയില്‍ ഇനിയും പിറവി കൊള്ളുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം സമരകേന്ദ്രങ്ങളിലേക്ക് യൂണിവേഴ്‌സിറ്റികളില്‍ നിന്നും ഐ.ഐ.ടികളില്‍ നിന്നും വിദ്യാര്‍ഥികളും മറ്റും ഒഴുകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂര്‍ സമരത്തിന്റെ സ്മരാണാര്‍ത്ഥം കാഞ്ഞങ്ങാട്ട് സ്ഥാപിച്ച സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ കെ. മാധവന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയ്ക്കു വേണ്ടി ശക്തമായി വാദിച്ചപ്പോഴാണ് ഗാന്ധിജി കൊല്ലപ്പെട്ടത്. ഇസ്‌ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ തന്നെ ആര്‍.എസ്.എസ് എതിര്‍ക്കുകയാണ്.
കശ്മീരിനെ മറ്റൊരു ഗസ്സയാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. കശ്മീരില്‍ ഓഗസ്റ്റ് അഞ്ചു മുതല്‍ ഈ ദിവസം വരെ ഇന്‍ര്‍നെറ്റ് റദ്ദാക്കിയിരിക്കുകയാണ്.
പൊതുഗതാഗതം തകരാറിലായി. 10 കോടിയുടെ ആപ്പിള്‍ കൃഷിയാണ് കശ്മീരില്‍ നഷ്ടമായത്. ബാബരി വിധിയെ അംഗീകരിക്കുന്നെങ്കിലും മുസ്‌ലിംകള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ഹിന്ദുത്വ ശക്തികള്‍ക്ക് അനുകൂലമായാണ് വിധിയുണ്ടായത്. മതനിരപേക്ഷതയ്ക്ക് കേരളം പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് ആര്‍.എസ്.എസ് ഈ സംസ്ഥാനത്തെ വെറുക്കുന്നത്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം തരില്ലെന്നു പറഞ്ഞ ബ്രിട്ടീഷുകാരുടെ അതേ നയം തന്നെയാണ് അമിത് ഷായ്ക്കുമുള്ളത്.
എന്നാല്‍ സ്വാതന്ത്ര്യം നേടിയതുപോലെ രണ്ടാം സ്വാതന്ത്ര്യ സമരമായ പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തിലും നമ്മള്‍ വിജയിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."