രാഷ്ട്രീയ കുറ്റവാളികളെ വെറുതെ വിടരുത്
പൊതുപണിമുടക്കു വേളയില്‍ തിരുവനന്തപുരത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് ആക്രമിച്ച് ഉപകരണങ്ങളും മറ്റും തല്ലിത്തകര്‍ത്ത സംഭവത്തില്‍ ഭരണപക്ഷ സര്‍വിസ് സംഘടനാ നേതാക്കളെ രക്ഷിക്കാന്‍ തകൃതിയായ നീക്കം നടക്കുന്നതായ വാര്‍ത്ത സംസ്ഥാനത്തെ സമാധാന പ്രേമികളായ ജനാധിപത്യവിശ്വാസികളില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. ചില നേതാക്കളെ അറസ്റ്റ് ചെയ്‌തെങ്കിലും സി.സി.ടി.വി ദൃശ്യങ്ങളടക്കം വ്യക്തമായ തെളിവുകളുണ്ടായിട്ടും അക്കൂട്ടത്തിലെ മറ്റുചിലരെ പിടികൂടാന്‍ മടിക്കുകയാണ് പൊലിസ്. ഇവരെയെല്ലാം തന്നെ കേസില്‍നിന്ന് മോചിപ്പിച്ചെടുക്കാന്‍ ഭരണകക്ഷി നേതാക്കള്‍ ഇടപെട്ട് ഉന്നതതലത്തില്‍ നീക്കം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏതെങ്കിലും സംഘടനയുടെ സാധാരണ അനുഭാവികള്‍ ആവേശംകയറി നടത്തിയ ആക്രമണമായിരുന്നില്ല അത്. സി.പി.എമ്മിന്റെ സര്‍വിസ് സംഘടനയായ എന്‍.ജി.ഒ യൂനിയന്റെ ജില്ലാ നേതാക്കളടക്കമുള്ളവരാണ് ബാങ്ക് ആക്രമിച്ചതെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്. തികഞ്ഞ സാമൂഹ്യ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളുമൊക്കെയായ ഇവര്‍ തന്നെ ഗുണ്ടാസംഘങ്ങളെപ്പോലെ പകല്‍വെളിച്ചത്തില്‍ ഒരു പൊതുമേഖലാ ബാങ്കില്‍ കയറി പൊതുമുതല്‍ തല്ലിത്തകര്‍ക്കുമ്പോള്‍ ആ കുറ്റകൃത്യത്തിനു ഗൗരവമേറുകയാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്‍ബലമുണ്ടെന്ന ധൈര്യത്തില്‍ എന്ത് അക്രമത്തിനും മടിക്കാത്ത കുറ്റവാളി മനസുള്ള ഇത്തരക്കാര്‍ സര്‍ക്കാര്‍ സേവന മേഖലയ്ക്കു മാത്രമല്ല സമൂഹത്തിനു തന്നെ കടുത്ത ഭീഷണിയാണ്. അതുകൊണ്ടു തന്നെ അവര്‍ രക്ഷപ്പെടാന്‍ പാടില്ലാത്തതുമാണ്.
എന്നാല്‍ ഇവരൊക്കെ അനായാസം രക്ഷപ്പെടുന്ന, അല്ലെങ്കില്‍ രക്ഷിക്കപ്പെടുന്ന നേരും നെറിയുമില്ലാത്തൊരു രാഷ്ട്രീയ സംസ്‌കാരം കേരളത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ബഹുജന സമ്മര്‍ദത്തിനു വഴങ്ങി തല്‍ക്കാലം കേസെടുത്താല്‍ തന്നെ സംഭവം ജനമനസുകളില്‍നിന്ന് മാഞ്ഞുപോകുന്ന ഏതെങ്കിലുമൊരു ഘട്ടത്തില്‍ കേസ് പിന്‍വലിക്കപ്പെടുകയും ഇവര്‍ രക്ഷപ്പെടുകയും ചെയ്യുമെന്ന് ഉറപ്പാണ്. അതു കേരള രാഷ്ട്രീയത്തിലെ ജനവിരുദ്ധമായൊരു നടപ്പുരീതിയാണ്. ബാങ്കിനു നേരെയുണ്ടായ അക്രമവും അതിന്റെ കേസും വാര്‍ത്തയായി പ്രചരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഇന്നലെയുണ്ടായ കേരള ഹൈക്കോടതിയുടെ ഒരു വിധി ഇതിനോടു ചേര്‍ത്തു വായിച്ചാല്‍ അക്കാര്യം കൂടുതല്‍ വ്യക്തമാകും.
ശിക്ഷാകാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് 209 തടവുകാരെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ വിട്ടയച്ച നടപടി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധിയുണ്ടായത്. ഇവരില്‍ ബഹുഭൂരിപക്ഷവും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരും സി.പി.എം പ്രവര്‍ത്തകരുമാണ്. പത്തു വര്‍ഷം തടവു പൂര്‍ത്തിയാക്കി എന്നു പറഞ്ഞാണ് ജീവപര്യന്തമടക്കം വിധിക്കപ്പെട്ട് ജയിലിലായവരെ വിട്ടയച്ചത്. ഇതു റദ്ദാക്കിയ കോടതി, ഇവരുടെ വിവരങ്ങള്‍ ഗവര്‍ണര്‍ ആറു മാസത്തിനകം പരിശോധിക്കണമെന്നും യോഗ്യതയില്ലാതെ ജയില്‍മോചനം നേടിയെന്നു കണ്ടെത്തുന്നവര്‍ അവശേഷിക്കുന്ന ശിക്ഷ അനുഭവിക്കണമെന്നും വ്യക്തമാക്കിയിട്ടുമുണ്ട്.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വേണ്ടി കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കു കോടതി വിധിക്കുന്ന ശിക്ഷ പൂര്‍ണമായി അനുഭവിക്കാതെ രക്ഷപ്പെടാവുന്ന സാഹചര്യം കേരളത്തില്‍ ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതാണ് സി.പി.എം നേതാക്കളുടെ ഇതിനോടുള്ള പ്രതികരണം. യു.ഡി.എഫ് ഭരണകാലത്തും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെന്നു പറഞ്ഞാണ് അവര്‍ അതിനെ ന്യായീകരിക്കുന്നത്. ഒരുപക്ഷം എന്തു കുറ്റം ചെയ്താലും അതെല്ലാം മറുപക്ഷത്തിനും ചെയ്യാമെന്ന ന്യായം ഒരു പരിഷ്‌കൃത ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതല്ല. ശിക്ഷ പൂര്‍ത്തിയാവാതെ പുറത്തിറങ്ങുന്ന ഇവര്‍ വീണ്ടും പോകുന്നത് സമാന കുറ്റകൃത്യങ്ങളിലേക്കു തന്നെയാണെന്ന് ചില ഗതകാല സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കാളും സാധാരണ രാഷ്ട്രീയപ്രവര്‍ത്തകരെക്കാളുമൊക്കെ അധികം സമൂഹത്തോട് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികള്‍ പോലും പരസ്യമായി കുറ്റകൃത്യങ്ങള്‍ നടത്തി ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെടുന്ന നാടാണിത്. കഴിഞ്ഞ നിയമസഭയില്‍ സ്പീക്കറുടെ വേദിയില്‍ കയറി അവിടെയുള്ള സാമഗ്രികള്‍ ചില എം.എല്‍.എമാര്‍ തല്ലിത്തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരെല്ലാം കണ്ടതാണ്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്ന എതിര്‍പ്പുകള്‍ വകവയ്ക്കാതെയാണ് ആ കേസ് പിന്‍വലിച്ചത്. വേലി തന്നെ വിള തിന്നാലും ഒന്നും സംഭവിക്കാത്ത തരത്തിലുള്ള സാമൂഹ്യവിരുദ്ധമായൊരു രാഷ്ട്രീയ സംസ്‌കാരമാണ് കേരളം കൊണ്ടുനടക്കുന്നതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്.
ഇതിനിടയില്‍ പൊതുപണിമുടക്ക് ദിനത്തില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരേ റെയില്‍വേ സുരക്ഷാ സേന (ആര്‍.പി.എഫ്) സ്വീകരിച്ച നിലപാട് മാതൃകാപരമാണ്. ക്രിമിനല്‍ കുറ്റത്തിനു പുറമെ റെയില്‍വേ നിയമങ്ങള്‍ പ്രകാരം കൂടി കേസെടുത്തു മുന്നോട്ടുപോകാനാണ് ആര്‍.പി.എഫിന്റെ തീരുമാനം. മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടിയും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനുമടക്കമുള്ളവര്‍ ഈ കേസുകളില്‍ പ്രതികളാണ്. ഇതില്‍ ശിക്ഷിക്കപ്പെട്ടാല്‍ ഇവര്‍ക്കു പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടാകും. ഈ കേസുകള്‍ ശരിയായ രീതിയില്‍ മുന്നോട്ടുപോയാല്‍ അക്രമം നടത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്ക് അല്‍പ്പമെങ്കിലും ഭയമുണ്ടാകുമെന്ന് ഉറപ്പാണ്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ മറികടന്ന് ഈ കേസുകളും എവിടെയെത്തുമെന്ന് കണ്ടറിയണം.
രാഷ്ട്രീയ സംരക്ഷണമുണ്ടെങ്കില്‍ എന്തക്രമവും നടത്തി രക്ഷപ്പെടാമെന്ന അവസ്ഥ ഫലത്തില്‍ ജനാധിപത്യ മര്യാദകളെയും നിയമവാഴ്ചയെ തന്നെയും അപ്രസക്തമാക്കുന്നതാണ്. രാഷ്ട്രീയ പിന്‍ബലമുള്ളവര്‍ക്ക് നാട്ടില്‍ ഒരുതരം നിയമവും അതില്ലാത്തവര്‍ക്ക് മറ്റൊരുതരം നിയമവുമുണ്ടാവുന്നത് ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്. അധികാര കേന്ദ്രങ്ങളെ സ്വാധീനിക്കാന്‍ പ്രാപ്തിയുണ്ട് എന്നതുകൊണ്ടു തന്നെ രാഷ്ട്രീയ കുറ്റവാളികള്‍ സാധാരണ കുറ്റവാളികളെക്കാള്‍ സമൂഹത്തിന് അപകടകാരികളാണ്. അവര്‍ ഭയരഹിതരായി വിലസുന്ന അവസ്ഥയ്ക്ക് അറുതിവരേണ്ടതുണ്ട്.
ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പ്രതിഷേധത്തിനുമൊക്കെ വിശാലമായ ഇടമുണ്ടെങ്കിലും അതിനൊക്കെ ചില അതിര്‍വരമ്പുകളുമുണ്ട്. സാമൂഹ്യ സുരക്ഷിതത്വത്തിന് അത് ആവശ്യവുമാണ്. അത്തരം അതിരുകള്‍ ലംഘിച്ച് അക്രമങ്ങളും കൊലപാതകവും പൊതുമുതല്‍ നശീകരണവുമൊക്കെ നടത്തുന്ന രാഷ്ട്രീയ കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിച്ചുകൂടാ. അധികാരമുപയോഗിച്ചു രാഷ്ട്രീയ മേലാളന്‍മാര്‍ അവരെ സാമൂഹ്യ ജീവിതത്തിനു ഭീഷണി സൃഷ്ടിക്കുന്ന തരത്തില്‍ രക്ഷപ്പെടുത്തി വിടുന്നതിനെതിരേ ശക്തമായ തോതില്‍ ബഹുജനശബ്ദം ഉയരേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."