റേഷന്‍ കാര്‍ഡ്: മുന്‍ഗണനാ പട്ടിക അംഗീകരിക്കാതെ തദ്ദേശ സ്ഥാപനങ്ങള്‍
മലപ്പുറം: ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം പുതുക്കിയ റേഷന്‍ കാര്‍ഡിലെ മുന്‍ഗണനാ വിഭാഗക്കാരെ കണ്ടെത്തുന്നതിനുള്ള അന്തിമ പട്ടികയ്ക്കു തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരം വാങ്ങുന്ന നടപടികള്‍ ഇഴയുന്നു. പുതിയ റേഷന്‍കാര്‍ഡുകളിലെ പരാതികളുടെ വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ പട്ടിക തയാറാക്കുന്നതിനായി രേഖകള്‍ സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്.
അന്തിമ പട്ടികയില്‍ അനര്‍ഹരായവര്‍ വീണ്ടും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുന്നതിനു ശുപാര്‍ശ ചെയ്യുന്നതിനുവേണ്ടി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഭരണസമിതി യോഗം ചേരുന്നതിനും ഗുണഭോക്തൃപട്ടികയ്ക്ക് അംഗീകാരം നല്‍കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ജില്ലയില്‍ ഇതുവരെ ഒരു പഞ്ചായത്തും പട്ടിക അംഗീകരിച്ചു നല്‍കിയിട്ടില്ല.
ജനുവരി 31ന് മുന്‍പു പട്ടിക അംഗീകരിക്കണമെന്നായിരുന്നു ആദ്യ നിര്‍ദേശം. തുടര്‍ന്ന് ഈ മാസം 20വരെയും പിന്നീട് 23വരെയും നീട്ടി. എന്നിട്ടും സംസ്ഥാനത്തെ ഭൂരിഭാഗം പഞ്ചായത്തുകളിലെയും പട്ടികയ്ക്ക് അംഗീകാരമാകാത്തതിനെ തുടര്‍ന്നു മാര്‍ച്ച് മൂന്നിലേക്കു നീട്ടിയിട്ടുണ്ട്. പഞ്ചായത്തുകളും നഗരസഭകളും അനര്‍ഹരെ ഒഴിവാക്കി പട്ടിക അന്തിമമാക്കി അതാതു സമിതികള്‍ അംഗീകരിച്ചു പ്രമേയം പാസാക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഒന്നരവര്‍ഷം മുന്‍പ് ആരംഭിച്ച റേഷന്‍കാര്‍ഡ് പുതുക്കല്‍ പ്രക്രിയയുടെ ഭാഗമായി 2016 ഒക്ടോബര്‍ 20നായിരുന്നു മുന്‍ഗണനാ മുന്‍ഗണേതര വിഭാഗങ്ങളുടെ പ്രഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ജില്ലയില്‍ പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ നിരവധി പരാതികളാണ് വിവിധ ഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നത്. ആദിവാസികളും നിര്‍ധനരുമായ നിരവധി പേര്‍ അര്‍ഹരുടെ പട്ടികയില്‍നിന്നു പുറന്തള്ളപ്പെട്ടപ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ അനര്‍ഹരായ നിരവധിപേര്‍ ലിസ്റ്റില്‍ കയറിക്കൂടുകയും ചെയ്തു. തുടര്‍ന്നു റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ വെരിഫിക്കേഷന്‍ കമ്മിറ്റികള്‍ രൂപീകരിച്ച് പരാതികള്‍ സ്വീകരിച്ച് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. വെരിഫിക്കേഷന്‍ കമ്മിറ്റി മുന്‍പാകെയെത്തിയ പരാതികള്‍ തീര്‍പ്പാക്കി 1,57,220 എണ്ണത്തിന്റെ ഡാറ്റാ എന്‍ട്രി നടപടികള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
പ്രസിദ്ധീകരിച്ച അന്തിമപട്ടികയില്‍ വീണ്ടും അനര്‍ഹര്‍ ഉള്‍പ്പെട്ടാല്‍ ആ വിവരം ചൂണ്ടിക്കാണിച്ച് അവരെ ഒഴിവാക്കാനുള്ള അധികാരം ഗ്രാമസഭയ്ക്കുണ്ട്. ഇതിനിടയില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ മുഖാന്തരം പട്ടികയില്‍ ഉള്‍പ്പെട്ട അനര്‍ഹരെ ഒഴിവാക്കാന്‍ പ്രത്യേക പരിശോധന നടത്തുകയും ചെയ്യും. അപ്രകാരം ലഭിക്കുന്ന അനര്‍ഹരുടെ പേര് സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേകം ഹിയറിങ് നടത്തി ഒഴിവാക്കേണ്ടവരെ ഒഴിവാക്കും. ഏപ്രില്‍ മാസം മുതല്‍ പുതിയ റേഷന്‍കാര്‍ഡ് വഴി ധാന്യവിതരണം നടത്താനാവുമെന്നായിരുന്നു ഭക്ഷ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍നിന്നു പട്ടികയ്ക്കുള്ള അംഗീകാരം ലഭിക്കുന്നത് വൈകിയാല്‍ ഇത് ഇനിയും വൈകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."