മിന്നലില്‍ മുപ്പതോളം വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു
തൃപ്രയാര്‍: കഴിമ്പ്രത്ത് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ശക്തമായ ഇടിമിന്നലില്‍ മുപ്പതോളം വീടുകളിലെ വൈദ്യുതോപകരണങ്ങള്‍ കത്തിനശിച്ചു.
വിവാഹ വീട്ടില്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഷോക്കേറ്റുവെങ്കിലും ദുരന്തം ഒഴിവായി. പാറേക്കാട്ട് വിജയന്റെ വീട്ടിലെ ടി.വി മിന്നലേറ്റ് തകര്‍ന്നു. വാഷിങ് മെഷീന്, മോട്ടോര്‍, ഫാന്‍, സ്വിച്ച് ബോര്‍ഡുകള്‍, വയറിങ് എന്നിവ കത്തിനശിച്ചു. കഴിമ്പ്രം തട്ടില്‍ ജോര്‍ജിന്റെ വീട്ടില്‍ വിവാഹച്ചടങ്ങിനെത്തിയ 4 പേര്‍ക്ക് ഷോക്കേറ്റു.
ജോര്‍ജിന്റെ ബന്ധു ബിജു വീടിനു മുകളില്‍ ടാര്‍പായ വിരിക്കുന്നതിനിടെ മിന്നലില്‍ ഷോക്കേറ്റ് തെറിച്ചു വീണു. കാരയില്‍ പ്രകാശന്റെ വീട്ടിലേക്കുള്ള സര്‍വ്വിസ് വയര്‍ മിന്നലില്‍ ചിന്നിച്ചിതറി.
വയറിങ് പൂര്‍ണമായും കത്തി നശിച്ച വീടിന്റെ ടെറസില്‍ വിള്ളല്‍ വീണു. ചുമര്, സീലിങ്, തറ എന്നിവയുടെ പല ഭാഗങ്ങളും തകര്‍ന്നു. രണ്ടു മാസം മുന്‍പാണ് ഇവരുടെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായത്. പുതിയവീട്ടില്‍ മജീദിന്റെ വീട്ടിലെ എര്ത്ത്വയര് കത്തിനശിച്ചു. മുറിയ പുരക്കല്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെ മോട്ടോറും കത്തി നശിച്ചു. മറ്റ് വൈദ്യുതോപകരണങ്ങളും തകര്‍ന്നു.
കിഴക്കേപാട്ട് അജയന്റെ വീട്ടില്‍ എല്‍.ഇ.ഡി ടി.വി. മിന്നലില്‍ കത്തിനശിച്ചു. മുറിയപുരക്കല് അശോകന്, വേളേക്കാട്ട് ഹിരേഷ്, കുട്ടശം വീട്ടില്‍ കമല, കുളിയേടത്ത് വേലായുധന്, പച്ചാമ്പുള്ളി കാളിക്കുട്ടി, കുറ്റിക്കാട്ട് സന്തോഷ് എന്നിവരുടെ വീടുകളിലെ എല്‍.സി.ഡി ടി.വി, മോട്ടോര്‍, ഫാന്‍ ഉള്‍പ്പെടെയുള്ള മറ്റ് വൈദ്യുതോപകരണങ്ങളും കത്തി നശിച്ചു.
കുട്ടശം വീട്ടില്‍ കമലയ്ക്ക് കൈയ്ക്ക് ഷോക്കേറ്റു. പ്രദേശത്തെ മറ്റ് വീടുകളിലെല്ലാം ടി.വി.സെറ്റ്ടോപ് ബോക്സുകള്‍, വയറിങ് എന്നിവ മിന്നലില്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
പല വീടുകളിലും കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും നേരിയ തോതില്‍ ഷോക്കേറ്റു. കഴിമ്പ്രം തേനാശേരി വികാസിന്റെ കൈയ്യിനും പൊള്ളലേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."