സിനിമയിലെ ക്രിമിനല്‍വല്‍ക്കരണം തള്ളിപ്പറഞ്ഞേ തീരൂ
മലയാള സിനിമാമേഖലയിലുണ്ടായിരുന്ന സൗഹൃദാന്തരീക്ഷത്തിനു വിള്ളല്‍ വീഴുകയും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തത് ഏതാണ്ട് രണ്ടായിരത്തിന് ശേഷമാണ്. മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് മേധാവിത്വം വരുകയും അവര്‍ക്ക് വേണ്ടി ഫാന്‍സ് അസോസിയേഷനുകള്‍ രൂപപ്പെടുകയും ചെയ്തതോടെയാണ് ഫ്രെയിമില്‍ മാത്രം നിന്നിരുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ സിനിമയുടെ അണിയറയിലേക്കും കടന്നുകയറിയത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഭിന്നമായി ഫാന്‍സ് അസോസിയേഷനുകള്‍ വൈരാഗ്യത്തോടെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതും അവരെ പ്രോല്‍സാഹിപ്പിക്കാന്‍ സിനിമയ്ക്ക് അകത്ത് നിന്ന് താരങ്ങള്‍ തന്നെയുണ്ടായതും ഈ കാലഘട്ടത്തിലാണ്. ഒരു താരത്തിന്റെ ചിത്രം ഇറങ്ങുമ്പോള്‍ തിയറ്ററില്‍ കൂവി തോല്‍പ്പിക്കാന്‍ കൊണ്ടുവന്ന ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പിന്നീട് താരങ്ങളുടെയും നിര്‍മ്മാതാക്കളുടെയും ബോഡി ഗാഡുകളും ഡ്രൈവര്‍മാരുമായി മാറുന്ന കാഴ്ചയാണ് മലയാള സിനിമയില്‍ പ്രകടമായത്. സൂപ്പര്‍ താരങ്ങളുടെ മേധാവിത്വം നിലനിര്‍ത്താന്‍ ഫാന്‍സിന്റെ മറവില്‍ ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് പിന്നെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കടന്നുകൂടി.
മലയാള സിനിമയിലെ സൂപ്പര്‍താര മേധാവിത്വത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ എന്നെ തകര്‍ക്കാന്‍ എത്തിയവര്‍ മലയാളസിനിമയിലെ സൗഹൃദ അന്തരീക്ഷം തകര്‍ത്തുകൊണ്ട് മാക്ട ഫെഡറേഷന്‍ എന്ന സംഘടനയെ തന്നെ പിളര്‍ത്തികൊണ്ടാണ് പ്രതികാരം ചെയ്തത്. മലയാളസിനിമയില്‍ ക്വട്ടേഷന്‍സംഘങ്ങളെ ഉപയോഗിച്ച് പ്രമുഖരായവര്‍ ആദ്യം നേരിട്ടത് എന്നെയും തിലകന്‍ ചേട്ടനെയുമായിരുന്നു. വിലക്കിന്റെ പേരില്‍ അരങ്ങേറിയ കാര്യങ്ങള്‍ കേരളക്കര മറന്നിട്ടുണ്ടാകില്ല. നേരത്തെ മുതല്‍ മലയാള സിനിമയില്‍ രൂപപ്പെട്ട ഈ ക്രിമിനല്‍ കൂട്ടുകെട്ടിനെ എതിര്‍ത്തപ്പോഴൊക്കെ സിനിമയില്‍ അത്തരക്കാരില്ലെന്ന് പറഞ്ഞവര്‍ക്ക് കഴിഞ്ഞ ദിവസം അത് മാറ്റിപറയേണ്ടിവന്നിട്ടുണ്ട്.
നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാ നേതാക്കള്‍ മലയാള സിനിമയില്‍ ക്രിമിനില്‍ പശ്ചാത്തലമുള്ളവരുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇനി അത്തരക്കാരെ സിനിമാ മേഖലയുമായി അടുപ്പിക്കുകയില്ലെന്നും തുറന്നുപറയാന്‍ തയാറായി. പ്രമുഖ നടിക്ക് നേരെ അതിക്രമം ഉണ്ടായപ്പോഴുള്ള ഈ തുറന്നുപറച്ചിലിലും എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്നത് പരിശോധിക്കേണ്ടതാണ്. ഈ അക്രമത്തിന് ഇരയായ നടിയെയും രണ്ട് വര്‍ഷത്തോളം വിലക്കി നിര്‍ത്തിയിരുന്നതാണ്. മലയാളസിനിമയിലെ രണ്ടോ മൂന്നോ സൂപ്പര്‍ താരങ്ങളുടെ താല്‍പ്പര്യത്തിന് വേണ്ടി വന്ന ക്രിമിനലുകള്‍ ഇന്ന് മലയാള സിനിമയ്ക്ക് ബാധ്യതയായി വന്നിരിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇത്തരക്കാര്‍ ഓരോരുത്തരുടെയും കൂടെ മാറി മാറി നില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്.
ഇപ്പോള്‍ നടിയെ ആക്രമിച്ച മുഖ്യപ്രതി പള്‍സര്‍ സുനി നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ ഭാര്യ മേനകയെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തുകയുണ്ടായി. അന്ന് ഈ സുനിക്കെതിരെ ശക്തമായ നിലപാട് ഈ സംഘനടകള്‍ക്കൊന്നും ഉണ്ടായില്ല. പിന്നീട് മുകേഷിന്റെ ഡ്രൈവറായി, അവിടെ നിന്ന് പുറത്തായപ്പോഴും അവന്ന് സിനിമയില്‍ തന്നെ നിലയുറപ്പിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ലാലിന്റെ കമ്പനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. അറിഞ്ഞോ അറിയാതെയോ ഇത്തരക്കാരെ സിനിമയില്‍ നിലനിര്‍ത്തുന്നുവെന്നതാണ് വാസ്തവം.
ചലച്ചിത്ര മേഖലിയില്‍ പുതുതായി വന്ന ന്യൂജനറേഷന്‍ സംഘങ്ങളില്‍ ചിലര്‍ക്ക് മയക്കുമരുന്നിനോട് അഭിനിവേശമുണ്ട്. ഇത് പറയുമ്പോള്‍ അത്തരക്കാരില്ലെന്ന് പറഞ്ഞ് ആരും പുണ്യാളന്മാരാവാന്‍ നോക്കിയിട്ട് കാര്യമില്ല. ക്രിമിനലുകളാണ് ഇവര്‍ക്ക് സഹായികളായി എത്തുന്നത്. മയക്കുമരുന്നുമായി ബന്ധമില്ലെന്ന് ആണയിട്ട് പറയുമ്പോഴും അത്തരക്കാരെ കാണാതെ നടിക്കുകയാണ്.
പ്രശസ്ത നടിക്കെന്നല്ല കേരളത്തിലെ ഒരു പെണ്‍കുട്ടിക്കും ഇത്തരം അനുഭവം ഉണ്ടാകരുത്്്. സിനിമയില്‍ പ്രവര്‍ത്തിക്കുന്ന നടിയെ ആക്രമിച്ചതും അതിന് ഗൂഢാലോചന നടത്തിയതും സിനിമയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ് എന്നതാണ് ശ്രദ്ധേയം. പള്‍സര്‍ സുനിയും മണികണ്ഠനും മാര്‍ട്ടിനും സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്.
ഈ സംഭവം നടന്നപ്പോഴും സിനിമാ സംഘടനകള്‍ക്ക് സ്വയംവിമര്‍ശനപരമായി ഇതിനെ കാണാന്‍ കഴിയുന്നില്ല. ഈ കൊടും ക്രൂരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരാന്‍ കഴിയണം. ഏതെങ്കിലും ഒരു ഡ്രൈവറുടെ തലയില്‍ കെട്ടിവച്ച് ഞങ്ങള്‍ കേസ് തെളിയിച്ചു എന്ന് വീമ്പിളക്കി രക്ഷപ്പെടാന്‍ ഈ കേസിലെ അന്വേഷണസംഘം തയാറാകില്ലെന്നാണ് എന്റെ വിശ്വാസം. പള്‍സര്‍ സുനിയുടെ അറസ്റ്റിലൂടെ പൊലിസിന്റെ വിശ്വാസ്യത വീണ്ടെടുക്കാനായിട്ടുണ്ട്.
നിയമപരമായ കാര്യങ്ങള്‍ എന്തെല്ലാം നോക്കിയാലും ഇതിനെല്ലാം ഒരു മാനുഷിക വശമുണ്ട്. സ്വന്തം അമ്മയ്‌ക്കോ പെങ്ങളള്‍ക്കോ ആണ് ഈ ഗതി വരുന്നതെങ്കില്‍ അഭിഭാഷകര്‍ ഇങ്ങനെയാണോ പ്രതികരിക്കുക. ഹെല്‍മറ്റില്ലാതെ റോഡിലൂടെ വരുന്ന പള്‍സര്‍ സുനിയെ തിരിച്ചറിഞ്ഞാല്‍ വെച്ചേക്കുമോ. ഇതുപോലുള്ള ഒരു കുറ്റവാളിക്ക് അനുകൂലമായി സംസാരിക്കുന്ന അഭിഭാഷകര്‍ മനുഷ്യാവകാശത്തോട് അങ്ങേയറ്റം തെറ്റുചെയ്യുകയാണ്. സംഭവത്തിന്റെ രാഷ്ട്രീയമായ വശങ്ങളിലേക്ക് കടക്കുന്നില്ല. ആദ്യത്തെ ദിവസം ചെറിയൊരു വീഴ്ച പൊലിസിന് പറ്റിയിരുന്നു.
സുനിയെ ശക്തമായി ചോദ്യം ചെയ്യണം. സിനിമാതാരങ്ങള്‍ ആരെങ്കിലും ഇയാളെ സംരക്ഷിച്ചിട്ടുണ്ടോ, ആറ് ദിവസം സംരക്ഷിച്ചതാര്, ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നൊക്കെ തെളിയിക്കാനാവശ്യമായ ശക്തമായ ചോദ്യം ചെയ്യല്‍ ഈ 24 മണിക്കൂറിനുള്ളില്‍ ഉണ്ടാവണം. ഒരു ബ്ലാക്ക്‌മെയിലിങിന് വേണ്ടി മാത്രമുള്ള നീക്കമായിരുന്നു ഇതെന്ന് കരുതാനാവില്ല. ശക്തമായ ഗൂഢാലോചന ഇതിലുണ്ട്. അത് പുറത്തുകൊണ്ടുവരാന്‍ കഴിയണം.
മകള്‍ക്ക് ഒരു ദുരന്തമുണ്ടാകുമ്പോള്‍ ഉടന്‍ പ്രതികരിക്കാന്‍ അമ്മയ്ക്ക് കഴിയണമായിരുന്നു. മാധ്യമങ്ങള്‍ വിഷയത്തെ ഗൗരവമായി അവതിരിപ്പിച്ചപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞാണ് അമ്മ ഒരു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പിന്നെ ഫേസ്ബുക്കിലെ പ്രതിഷേധം. അത് ആര്‍ക്കും എന്തും എഴുതാം. ഫേസ്ബുക്കിലെഴുത്ത് ശുചിമുറിയില്‍ വച്ചുമാകാം. ഫേസ് ബുക്കില്‍ എഴുതാന്‍ കടത്തിണ്ണയില്‍ കിടക്കുന്നവര്‍ക്കും സാധിക്കും.
പൊതുജനത്തിന്റെ മുന്നില്‍ നിന്ന് രണ്ട് വാക്ക് പറയാനാണ് ബുദ്ധിമുട്ട്. കേരളത്തിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും സജീവമായി വിഷയം ചര്‍ച്ച ചെയ്യുകയും ജനകീയ പ്രതിഷേധം ഉയരുകയും ചെയ്തുകഴിയുമ്പോഴാണ് പലരും കര്‍ത്തവ്യം നിറവേറ്റാന്‍ എത്തുന്നത്. നടിക്ക് ദുരന്തമുണ്ടായത് സിനിമയുടെ വര്‍ക്ക് കഴിഞ്ഞ് വരുമ്പോഴാണ്. അപ്പോള്‍ ആ നടി അഭിനയിച്ചിരുന്ന സിനിമയുടെ നിര്‍മ്മാതാവിനും സംവിധായകനും ഈ സംഭവത്തില്‍ ഉത്തരവാദിത്വമുണ്ട്. ഒപ്പം മലയാളസിനിമ എന്ന ഇന്‍ടസ്ട്രിക്കും ബാധ്യതയുണ്ട്. അത് ഒരു ശുദ്ധികലശത്തിലൂടെ മാത്രമേ പൂര്‍ണമാകുകയുള്ളൂ. അതിന് സ്വയംവിമര്‍ശനപരമായി രംഗത്തെത്താന്‍ മലയാള സിനിമ രംഗത്തുള്ള സംഘടനകള്‍ തയ്യാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."