ജനകീയതയുടെ തെരുവുകളിലേക്ക് ചിത്രകലയെ പരിചയപ്പെടുത്തി ബിജോയുടെ ചിത്രപ്രദര്‍ശനം
തിരുവനന്തപുരം: നമ്മ വര എന്ന സീരിസില്‍ വരച്ച ചിത്രങ്ങളാണ് നെയ്യാറ്റിന്‍കര മുതല്‍ കാസര്‍കോട് വരെയുള്ള തെരുവുകളില്‍ ബിജോയി പ്രദര്‍ശിപ്പിക്കുക.ജനുവരി എട്ടിന് നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡിന് സമീപം വൈകുന്നേരം 3 .30 ന് ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ചിത്രകലാ രംഗത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു ചിത്രപ്രദര്‍ശനം സംഘടിപ്പിക്കപ്പെടുന്നത്. സാമൂഹിക അനീതികളോടുള്ള ബിജോയിയുടെ കലഹം. ചിത്രങ്ങളിലെല്ലാം കാണാം 2016 മുതല്‍ സമകാലീക വിഷയങ്ങളെ ആസ്പദമാക്കി ബിജോയ് വരച്ച 40 പ്രതിഷേധ ചിത്രങ്ങളാണ് നമ്മ വര സീരിസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സേവ് ദി സിസ്റ്റേഴ്‌സ് സമരം ,സിറിയന്‍ അഭയാര്‍ഥികളുടെ ദയനീയത ,അയ്‌ലന്‍ കുര്‍ദിയുടെ മരണം, മറുതുറക്കല്‍ സമരം ,ആര്‍ത്തവം ,പ്രളയം തുടങ്ങിയ എല്ലാ രാഷ്ട്രീയങ്ങളിലും ബിജോയ്തന്റെ നിലപാട് വ്യക്തമാക്കുന്നു. സവര്‍ണതയുടെ ഗാലറി പ്രദര്‍ശനങ്ങളില്‍ നിന്ന് ജനകീയതയുടെ തെരുവുകളിലേയ്ക്ക് ചിത്രകലയെ പരിചയപ്പെടുത്തുകയാണ് ഇത്തരമൊരു ചിത്ര പ്രദര്‍ശനത്തിന് പിന്നിലുള്ള ഉദ്ദേശ്യമെന്ന് ബിജോയ് പറഞ്ഞു. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഉള്ള പ്രതികരണമായി വരച്ച ചിത്രങ്ങള്‍, വരേണ്യ വിഭാഗത്തിന് മാത്രം ഇന്നും പ്രാപ്യമായ ഗാലറി പ്രദര്‍ശനങ്ങളില്‍ ഒതുങ്ങേണ്ടതല്ലെന്ന തിരിച്ചറിവുകളില്‍ നിന്നാണ് പ്രതിഷേധങ്ങളുടെ തെരുവുകളിലേയ്ക്ക് ചിത്രകാരന്‍ തന്റെ ചിത്രങ്ങളുമായി എത്തുന്നത്. പൊളിറ്റിക്കല്‍ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി കേരളത്തിന്റെ ഓരോ തെരുവുകളിലും നടത്തുന്ന ആദ്യ ചിത്രപ്രദര്‍ശനം ആയിരിക്കും ബിജോയിയുടേത്. പരിസ്ഥിതി രാഷ്ട്രീയ സമരങ്ങള്‍ നടക്കുന്ന കേരളത്തിന്റെ സമര കേന്ദ്രങ്ങളില്‍ ആയിരിക്കും ചിത്ര പ്രദര്‍ശനവുമായി താന്‍ കടന്ന് ചെല്ലുക എന്നും ബിജോയി പറഞ്ഞു. നിലവില്‍ ചിത്രകലാ അക്കാദമികള്‍ ഉള്‍പ്പടെ നടത്തിവരുന്ന സവര്‍ണ ബിംബങ്ങളെ പൊളിച്ചെഴുതുക കൂടിയാണ് ബിജോയിയുടെ ചിത്രപ്രദര്‍ശനം ലക്ഷ്യം വെയ്ക്കുന്നത്. നിലവിളക്കും തിരിയുമായി ഉദ്ഘാടനം ചെയ്യുന്ന ക്‌ളീഷേ ചിത്രപ്രദര്‍ശനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സാധാരണക്കാരായ തൊഴിലാളികള്‍ ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നതും ഈ പൊളിച്ചെഴുത്തിന്റെ ഭാഗമായാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."