ഗാന്ധി വധം അനിവാര്യമെന്നും ഇവര്‍ വാദിക്കുമോ?
മഹാത്മാ ഗാന്ധി ദേശീയ പ്രതീകവും ആവേശവുമാണ്. രാജ്യസ്‌നേഹം പോലെ ഓരോ ഇന്ത്യക്കാരനും സൂക്ഷിക്കേണ്ട വികാരമാണ് രാഷ്ട്രപിതാവിനോടുള്ള സ്‌നേഹവും ബഹുമാനവും. സ്വാതന്ത്ര്യ സമര കാലത്ത് ആയുധമില്ലാത്ത ഒരു സമൂഹത്തിലേക്ക് ധര്‍മ്മായുധം കൊണ്ട് ബ്രിട്ടിഷുകാര്‍ക്കെതിരേ പട നയിക്കുകയും സമരത്തെ ജനകീയവല്‍ക്കരിക്കുകയും ചെയ്ത, ലോകം കണ്ട എക്കാലത്തെയും വിപ്ലവകാരിയായിരുന്നു മഹാത്മാ ഗാന്ധി.
ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ ആരാധിക്കുകയും ഗാന്ധി പ്രതീകങ്ങളെ കല്ലെറിയുകയും പ്രതീകാത്മകമായി ഗാന്ധി ചിത്രങ്ങള്‍ക്കുനേരെ വെടിവയ്ക്കുകയും ചെയ്യുന്ന കടുത്ത ഗാന്ധി നിന്ദയിലേക്ക് ഒരു വിഭാഗം നടന്നു നീങ്ങുമ്പോള്‍ നമ്മള്‍ പാലിക്കുന്ന ഈ മൗനം രാഷ്ട്രപിതാവിനോടുള്ള അനാദരവ് മാത്രമല്ല, രാജ്യദ്രോഹമാണ്. രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന സ്വരങ്ങളെ രാഷ്ട്ര നിന്ദയായി ഉള്‍ക്കൊള്ളാനും അത്തരം ക്രിമിനലുകളെ മാതൃകാപരമായി ശിക്ഷിക്കാനും ഭരണകൂടത്തിനാവണം. രാജ്യത്ത് ഗാന്ധി വധവുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കുകയും ഘാതകനു 'ക്ഷേത്രം' നിര്‍മ്മിക്കുകയും ചെയ്യുമ്പോള്‍ ആഗോള ജനാധിപത്യ കോവിലിലൊന്നായ ബ്രിട്ടിഷ് പാര്‍ലമെന്റിനു മുന്നില്‍ ഗാന്ധി പ്രതിമയുയര്‍ത്തി ലോകം ഗാന്ധിജിയെ ആദരിക്കുന്നത് പൂജാ ശകുന്‍പാണ്ഡെയെയും പ്രജ്ഞ താക്കൂറിനെയും പോലുള്ള തീവ്രഹിന്ദുത്വ വാദികള്‍ കാണാതെ പോവരുത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ജനകീയ മുഖം നല്‍കി, 33 വര്‍ഷക്കാലം ദശലക്ഷക്കണക്കിന് വരുന്ന പട്ടിണിപ്പാവങ്ങള്‍ക്ക് ബ്രിട്ടിഷുകാര്‍ക്കെതിരേ പോരാടാന്‍ നിസ്സഹകരണവും അഹിംസാ വാദവും ആയുധമായി നല്‍കിയ മഹാ വിപ്ലവകാരിയായിരുന്നു മഹാത്മാഗാന്ധി. 1921 ലെ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ അതുവരെ വിഘടിച്ചു നിന്നിരുന്ന ഹിന്ദുവിനെയും മുസ്‌ലിമിനെയും ദേശീയതയുടെ പേരില്‍ ഒന്നിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ഗാന്ധിജിക്ക് മാത്രം അവകാശപ്പെട്ട നേട്ടങ്ങളിലൊന്നാണ്.
എന്നാല്‍, ഇന്ന് ഗാന്ധിജിയുടെ 'രാമനേയും' 'രാമ രാജ്യത്തെയും' മത വിദ്വേഷത്തിന്റെ പ്രതീകമായി അടര്‍ത്തി മാറ്റുകയാണ് ഫാസിസ്റ്റുകള്‍. രാജ്യത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്നതും എല്ലാ വിഭാഗത്തേയും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ 'സവര്‍ണ്ണരുടെ' സംഘടനയായ കോണ്‍ഗ്രസിനെ ജനകീയവല്‍ക്കരിക്കുന്നതും ഗാന്ധിജിയാണ്. ഇന്ത്യയിലെ ജാതി, മത, ഭാഷാ വ്യത്യാസങ്ങള്‍ ദേശീയ ബോധത്തിനനുസൃതമായി ഒറ്റ തലത്തിലേക്ക് രൂപപ്പെട്ടുവന്നത് ഗാന്ധിജിയുടെ നേതൃത്വത്തിലാണ്.
1921 ലെ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ലോകം അതുവരെ ദര്‍ശിച്ചിട്ടില്ലാത്ത സമര മുറകള്‍ക്ക് ഗാന്ധി നേതൃത്വം നല്‍കിയപ്പോള്‍ ലോകം അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ ശ്രദ്ധിക്കുകയായിരുന്നു. കോടതികളും സ്‌കൂളുകളും വിദേശ വസ്ത്രങ്ങളും ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിച്ച് ബ്രിട്ടിഷുകാരുടെ സാമ്പത്തിക ഭരണ ശക്തിയെ ഗാന്ധിജി വെല്ലുവിളിച്ചപ്പോള്‍ ഇത്തരത്തിലൊരു സമരം വൈദേശികര്‍ക്ക് അന്യമായിരുന്നു. താന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള അഹിംസാ വാദവും നിസ്സഹകരണ പ്രസ്ഥാനവും വേണ്ടത്ര പക്വതയോടെയല്ല ജനങ്ങള്‍ സമീപിക്കുന്നതെന്ന് 'ചൗരിചൗരാ' സംഭവത്തിലൂടെ ഗാന്ധിജി തിരിച്ചറിയുകയും ബ്രിട്ടിഷുകാര്‍ക്കെതിരെയുള്ള നിസ്സഹകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഈ തീരുമാനം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നുവെങ്കിലും വൈദേശികര്‍ക്കെതിരെയുള്ള പോരാട്ടം ദേശവ്യാപകമായി ഒരു കുടക്കീഴിലേക്ക് പറിച്ചുനടാന്‍ നിസ്സഹകരണ സമരത്തിനു കഴിഞ്ഞുവെന്നത് ചരിത്ര പ്രസക്തമാണ്. ഗാന്ധിജിയെ തള്ളിപ്പറയുന്നവര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് അരികെയെത്താന്‍ ഏറെ സഹായിച്ച 1930ലെ ഉപ്പു സത്യഗ്രഹത്തെയും 1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തെയും മറന്നുപോകരുത്. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ നിന്ന് വിട്ടു നിന്നവരാണ് ദേശഭക്തിയുടെ പേരുപറഞ്ഞ് ഗാന്ധിജിയുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുന്നത്.
1857നു ശേഷം വിഭജിച്ചു ഭരിച്ചിരുന്ന ബ്രിട്ടിഷുകാര്‍ മുസ്‌ലിം നേതൃത്വത്തേയും ഹിന്ദുമഹാസഭയേയും കോണ്‍ഗ്രസിനെതിരേ തിരിച്ചുവിട്ടപ്പോള്‍ മത രാഷ്ട്രീയത്തില്‍ നിന്ന് മതനിരപേക്ഷ രാഷ്ട്രീയത്തിലേക്ക് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ മാറ്റിയത് ഗാന്ധിജിയുടെ നേതൃത്വമാണ്. മഹാരാഷ്ട്രയിലും ബംഗാളിലും മാത്രം ഒതുങ്ങിനിന്നിരുന്ന വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് ബ്രിട്ടിഷുകാരെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കാനാവില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. വിപ്ലവ സംഘടനയായ അനുശീലന്‍ സമിതിയോടും സൂര്യ സെന്‍, രാമപ്രസാദ്, ചന്ദ്രശേഖര്‍ ആസാദ്, അഷ്ഫാഖുള്ള, ഭഗത് സിങ്, രാജ് ഗുരു തുടങ്ങിയ വിപ്ലവകാരികളുടെ സമര രീതിയോടും യോജിച്ചിരുന്നില്ലെന്നതും ഭഗത് സിങ്ങിനെ തൂക്കുമരത്തില്‍ നിന്ന് രക്ഷിക്കാന്‍ സ്വാധീനമുപയോഗിച്ചില്ലന്നതും ചരിത്രത്തില്‍ ഗാന്ധിജിയെ വിമര്‍ശിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്.
ഗാന്ധിജിക്ക് ദേശീയ സമരം ബ്രിട്ടിഷുകാര്‍ക്കെതിരെയുള്ള പോരാട്ടം മാത്രമായിരുന്നില്ല, ഇന്ത്യയിലെ ജാതിക്കെതിരെയുള്ള സമരപ്രഖ്യാപനം കൂടിയായിരുന്നു. ജാതി വ്യവസ്ഥയെ രാഷ്ട്രീയമായി മുതലെടുക്കുന്ന രാഷ്ട്രീയ സങ്കല്‍പ്പത്തെ ഗാന്ധിജി വിമര്‍ശിച്ചിരുന്നുവെങ്കിലും ഇന്ത്യയിലെ ജനങ്ങള്‍ ഒന്നിച്ചു നിന്നാണ് ജാതിക്കെതിരേ പോരാടേണ്ടതെന്ന വാദം അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലുടനീളം പ്രകടമായിരുന്നു. ചില ഘട്ടങ്ങളില്‍ അംബേദ്കറുമായുണ്ടായ വിയോജിപ്പും ജാതി രാഷ്ട്രീയത്തെ ചൊല്ലിയായിരുന്നു. ഗാന്ധിജി വിഭാവനം ചെയ്ത 'ഹരിജന്‍' അധഃകൃതനായ പിന്നോക്കക്കാരനായിരുന്നില്ല, മറിച്ച് മേല്‍ക്കോയ്മയുടെ രാഷ്ട്രീയ അവകാശങ്ങള്‍ നേടിയ പൗരനായിരുന്നു. 1901ല്‍ കൊല്‍ക്കത്തയില്‍ നടന്ന കോണ്‍ഗ്രസ് വാര്‍ഷിക സമ്മേളനത്തില്‍ പ്രതിനിധികള്‍ ജാതി തിരിഞ്ഞു ഭക്ഷണം പാകം ചെയ്തതും കഴിച്ചതും ദുഃഖത്തോടെ നോക്കിക്കണ്ട ഗാന്ധിജി ഇത്തരം വ്യവസ്ഥയെ മാറ്റിയാല്‍ മാത്രമേ ബ്രിട്ടിഷുകാര്‍ക്കെതിരെയുള്ള തന്റെ രാഷ്ടീയ വിപ്ലവം സാമൂഹ്യ മാറ്റങ്ങള്‍ക്ക് കൂടി ഗുണം ചെയ്യുകയുള്ളൂവെന്ന് വിശ്വസിച്ചു.
ജാതിയുടെ പേരില്‍ പൊതു വഴിയും ക്ഷേത്രപ്രവേശനവും നിഷേധിക്കപ്പെട്ട കീഴ് ജാതിക്കാരന്റെ അവകാശ പോരാട്ടമായിരുന്നു വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സമരവും. അവര്‍ണ്ണര്‍ക്ക് വഴിനടക്കാനുള്ള അവകാശത്തിനുവേണ്ടി 1924ല്‍ വൈക്കം സത്യഗ്രഹത്തില്‍ ഗാന്ധിജി പങ്കെടുക്കുകയും തന്റെ ജാതി വിരുദ്ധ നിലപാടുകള്‍ വളരെ കൃത്യമായി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. 1936ല്‍ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ ക്ഷേത്രപ്രവേശന വിളംബരം നടത്തിയപ്പോള്‍ ഗാന്ധിജിയുടെ സ്വാധീനം എടുത്തു പറഞ്ഞിരുന്നുവെന്നത് പ്രാദേശിക ഭരണകൂടത്തിന്റെ സവര്‍ണ്ണ ചിന്തകള്‍ക്ക് പോലും ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മാറ്റം വരുത്തിയിരുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.
പാര്‍ലമെന്റ് അംഗമായ പ്രജ്ഞ താക്കൂര്‍ ഗാന്ധി ഘാതകനായ ഗോഡ്‌സേക്ക് രാജ്യസ്‌നേഹിയെന്ന് വീരപരിവേഷം നല്‍കുമ്പോള്‍ നടപടിയെടുക്കാന്‍ ബി.ജെ.പി രാഷ്ടീയ നേതൃത്വത്തിന് കഴിയുന്നില്ല എന്നത് അഭിനവ ഗാന്ധി സ്‌നേഹം വെറും തട്ടിപ്പാണ് എന്നുള്ളതിന്റെ പ്രകടമായ തെളിവാണ്. രാഷ്ട്രപിതാവിനെ അവഹേളിക്കുന്ന സ്വരങ്ങളെ രാഷ്ട്ര നിന്ദയായി ഉള്‍ക്കൊള്ളുന്ന നിയമനടപടികള്‍ കൊണ്ടുവരേണ്ടതുണ്ട്. എന്നാല്‍ രാജ്യത്ത് ഗോഡ്‌സെയുടെ പ്രതിമകളുയരുകയും വീര പരിവേഷത്തോടെ ആദരിക്കപ്പെടുകയും ഗാന്ധി വധവുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്നത് ഖേദകരമാണ്.
സ്വാതന്ത്ര്യ സമരത്തില്‍ സജീവമല്ലാതിരുന്നതിന്റെ ജാള്യതയും തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ക്ക് ഗാന്ധിയന്‍ വീക്ഷണങ്ങള്‍ അപകടമാണെന്ന തിരിച്ചറിവുമാണ് ഇന്നും അദ്ദേഹത്തെ പടിക്കു പുറത്തു നിര്‍ത്താന്‍ തീവ്രഹിന്ദുത്വ വാദികള്‍ ശ്രമിക്കുന്നതിന്റെ കാരണം. ഗാന്ധി കൊല ചെയ്യപ്പെട്ടത് തീവ്രഹിന്ദുത്വ വാദിയില്‍ നിന്നാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഇനിയുണ്ടാവുക, ഒപ്പം ഗാന്ധി ഘാതകന്‍ അനിവാര്യമായ ഉത്തരവാദിത്തമാണ് നിറവേറ്റിയതെന്ന രാഷ്ട്രീയ വാദവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."