HOME
DETAILS

ഡിജിറ്റല്‍ ഇന്ത്യയില്‍നിന്നു രാമരാജ്യത്തിലേയ്ക്ക്

  
backup
February 25 2017 | 23:02 PM

12556633-3

സംഘട്ടനങ്ങളും ആധിപത്യങ്ങളും മുഖംമൂടിയണിഞ്ഞും അല്ലാതെയും ചരിത്രം വാണിട്ടുണ്ട്. ഒരു ജനത മറ്റൊരു ജനതയ്ക്ക് അന്യരും പിന്നീടു ശത്രുക്കളുമായി പരിവര്‍ത്തിക്കപ്പെടുന്ന പ്രവണതയ്ക്ക് ഇന്ത്യയോളം ഭൂത-വര്‍ത്തമാന പ്രസക്തമായ മറ്റൊരു രാജ്യമുണ്ടാവില്ല. നിരവധി മതങ്ങളും മതകീയതയ്ക്കു മറവില്‍ ചരടുവലിക്കുന്ന ജാതി-വംശീയതകളും ഒടുവില്‍ വര്‍ഗീയതയും അതിന്റെ രാഷ്ട്രീയപ്പടര്‍ച്ചയുമെല്ലാം വൈവിധ്യങ്ങളായി പരിഗണിക്കേണ്ടി വരുന്നവനാണു വര്‍ത്തമാന ഇന്ത്യക്കാരന്‍.
ഇവിടെ ഹിറ്റ്‌ലറും മുസോളിനിയുമെല്ലാം ചരിത്രത്തിലേയ്ക്കു പഴകുമ്പോള്‍ വര്‍ഗീയവിധ്വംസകതയുടെ അതിനൂതന സര്‍ജ്ജിക്കല്‍സിലേയ്ക്കു ഗിയര്‍ മാറ്റുന്ന നരേന്ദ്രമോദിയെന്ന സ്വയംസേവകനെ ദീര്‍ഘദൃഷ്ടിയോടെ തിരിച്ചറിയാതിരിക്കുന്നത് അധര്‍മമാണ്. ഭരണത്തിലേറിയ മോദി പലരും പ്രതീക്ഷിച്ചപോലെ അക്രമകാരിയായില്ല. തെരുവാക്രോശങ്ങളില്‍നിന്നും പതിവു മുഖാമുഖ കൊലപാതകങ്ങളില്‍നിന്നും സ്വയംചുവടുമാറ്റുകയും അതേസമയം, അണികള്‍ക്ക്  അതനുവദിക്കുകയും ചെയ്തു സന്തുലിതനാകുന്ന മോദി ഹിന്ദുത്വവര്‍ഗീയ തീവ്രവാദത്തിന് (ഹൈന്ദവതയല്ല) പുതിയതും കൂടുതല്‍ ആപല്‍ക്കരവുമായ മേച്ചില്‍പുറങ്ങള്‍ കണ്ടെത്തുകയാണ്.


കലര്‍പ്പില്ലാത്ത സവര്‍ണഹിന്ദുത്വവും അത്യാധുനിക സയണിസ്റ്റ് സാമൂഹ്യമുറകളും കൂട്ടിക്കലര്‍ത്തി മോദിയും അമിത്ഷായും പരുവപ്പെടുത്തുന്ന പരീക്ഷണങ്ങളെ ആര്‍.എസ്.എസ് നേതൃത്വം ബഹുമാനിക്കുന്നുണ്ട്. മൃഗീയഭൂരിപക്ഷത്തോടെ അധികാരമേറി ഇത്രയായിട്ടും രാമക്ഷേത്രം പണിയാനുള്ള നെഞ്ചുറപ്പ് എന്തുകൊണ്ടു മോദി കാട്ടുന്നില്ലെന്നു ചിന്തിച്ചിട്ടുണ്ടോ. ഇന്ത്യ ഭരിക്കുന്നതാരായാലും 33 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതമായ ഈ ഭൂപ്രദേശത്തെ നാനാ ജാതി-മത-പ്രാദേശിക വൈവിധ്യങ്ങളെ അതതു കോലത്തില്‍ നിലനിര്‍ത്തുന്നതില്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ഫെഡറല്‍ സ്വഭാവം വലിയ അളവില്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്നതാണ് ഉത്തരം.

 
വികേന്ദ്രീകൃതാധികാരം തന്നിലേയ്ക്കു മാത്രമായി കേന്ദ്രീകരിക്കുന്നിടത്താണു സ്വേച്ഛാധിപതി രൂപം കൊള്ളുന്നത്. ഏകശിലാത്മകമായ അധികാരകേന്ദ്രീകരണം വിവരസമാഹരണങ്ങളുടെയും നടപടിക്രമങ്ങളുടെയും രൂപത്തിലും അല്ലാതെയും റിഹേഴ്‌സല്‍ തുടങ്ങിയിട്ടു കാലം കുറച്ചായി. പാന്‍കാര്‍ഡിലും ആധാര്‍ കാര്‍ഡിലും ജി.എസ്.ടിയിലും ഈ അപകടം മണത്തവര്‍ നിരവധിയുണ്ട്. പൊതുസിവില്‍ കോഡ് എന്ന തീര്‍ത്തും അപ്രായോഗികമായ വൈകാരികതയ്ക്ക് ഇന്റലക്ച്വല്‍ തലം ചാര്‍ത്തി ചൂടേറിയ ചര്‍ച്ചകള്‍ക്കു തിരികൊളുത്തിയപ്പോഴാണു കേന്ദ്രീകരണശ്രമം സാമൂഹികമായി അനുഭവമായത്. പൊതുവിദ്യാഭ്യാസ പാഠ്യപദ്ധതി കോഡ് എന്ന ചര്‍ച്ച വൈജ്ഞാനിക കേന്ദ്രീകരണങ്ങളുടെയും ചരിത്രത്തെ ഐതിഹ്യങ്ങളുമായി കൂട്ടികുഴയ്ക്കാനുള്ള കുട്ടികോപ്രായങ്ങള്‍ സാംസ്‌കാരിക-നാഗരിക കേന്ദ്രീകരണങ്ങളുടെയും ഭാഗമായിരുന്നു. ഈ ശ്രമങ്ങളെല്ലാം സാമൂഹികവൈജ്ഞാനികതലങ്ങളെ ബൗദ്ധികമായി കാവിയണിയിക്കാനുള്ള ശീതയുദ്ധങ്ങളാണ്. നവംബര്‍ എട്ടിന്റെ കറന്‍സി പിന്‍വലിക്കലിലൂടെ സര്‍വായുധസജ്ജനായി മോദി പടയ്ക്കിറങ്ങുന്നതാണു കണ്ടത്. മോദി അധികാരത്തിലേറുന്നതിനു മുന്‍പും ശേഷവും വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ട കള്ളപ്പണം വിദേശബാങ്കുകളിലെ കള്ളപ്പണമാണ്. 35 ലക്ഷം കോടിയുടെ സമുദ്രമാണത്. അതിന്റെ ഉടമകളാണെന്ന് ആരോപിക്കപ്പെട്ടവരുമായി മോദിക്കു നല്ല ചങ്ങാത്തമുണ്ട്.


സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടും അവരുടെ വിവരം വെളിപ്പെടുത്തിയില്ല. 5500 കോടിയുടെ കള്ളപ്പണ ഇടപാടു നടത്തിയ ഗൗതം അദാനിയുടെ വിമാനത്തിലാണു മോദി ചാര്‍ട്ടേര്‍ഡ് ട്രാവലിങ് നടത്തുന്നത്. പൊതുമേഖലാ ബാങ്കുകളില്‍ ഏഴുലക്ഷം കോടി കിട്ടാക്കടം വരുത്തിയ അതിസമ്പന്നര്‍ക്കെതിരേ നടപടിയെടുത്തില്ല. അവരുമായി ഉറ്റ ചങ്ങാത്തത്തിലാണു മോദി. ബോളിവുഡ് സിനിമാലോകവും വിജയ് മല്യയുടെ മദ്യക്കച്ചവടവുമടക്കമുള്ള ഇവരുടെ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തപ്പെട്ടതും നടന്നുപോകുന്നതും കള്ളപ്പണത്തിലാണ്. സാധാരണക്കാരന്റെ ചിന്തകള്‍ക്ക് അപ്രാപ്യമായ ഭീമമായ ഈ കള്ളപ്പണ ശേഖരമാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കു ഭീഷണി.


രണ്ടായിരമോ മൂവായിരമോ വരുന്ന ഇത്തരക്കാരെ മാത്രം നിരത്തി നിര്‍ത്തി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നെങ്കില്‍ ചുരുങ്ങിയത് 40 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഖജനാവിലെത്തിക്കാമായിരുന്നു. എന്നാല്‍, അവര്‍ക്കു പകരം, നാട്ടിന്‍പുറത്തെ കുട്ടിപ്പണക്കാരെയും പാവം ഗള്‍ഫുകാരെയും ചില്ലറകൂട്ടിവയ്ക്കുന്ന വീട്ടമ്മമാരെയും കള്ളപ്പണക്കാരാക്കി. രണ്ടായിരം കോടീശ്വരന്മാരെ രക്ഷിച്ച് 130 കോടി സാധാരണക്കാരെ ശിക്ഷിച്ചു. ഈ പശ്ചാത്തലം മോദിയെ സംശയിക്കാവുന്ന വസ്തുതയാണ്. ഡിമോണിറ്റേഷനിലൂടെ ഇതുവരെ പിടിച്ചെടുത്തതു വെറും 4750 കോടി രൂപ. അതിനു ചെലവിട്ടത് ഒന്നരലക്ഷം കോടി.


പൊതുമേഖലാ ബാങ്കുകളില്‍നിന്നു വി.ഐ.പികള്‍ വായ്പയെടുത്തു തിരിച്ചടയ്ക്കാത്ത ഏഴുലക്ഷം കോടി രൂപ പൊതുജനങ്ങളില്‍നിന്നു വീണ്ടും സമാഹരിക്കാനുള്ള നാടകം കൂടിയായിരുന്നു നോട്ടുറദ്ദാക്കല്‍. കറന്‍സി ഡിമോണിറ്റേഷന്‍ എന്ന ലളിതമായ ബുദ്ധിയും അവഗണിക്കാനാവില്ല. കൈയിലെ പണം കള്ളപ്പണമാകുമെന്നു പേടിച്ചു ജനം ബാങ്കില്‍ ക്യൂ നിന്നു നിക്ഷേപിക്കുമെന്നും കോടീശ്വരന്മാരാല്‍ ബാങ്കിനുണ്ടായ നഷ്ടം നികത്തപ്പെടുംവരെ അതു പിന്‍വലിക്കാതിരിക്കണമെന്നുമുള്ള കൃത്യമായ പദ്ധതിയുടെ ആസൂത്രണമാണ് നമ്മള്‍ കണ്ടത്.  ഭാരതീയനെന്ന നിലയില്‍ എന്നെ അലട്ടുന്നത് കോര്‍പ്പറേറ്റ് മോദിത്വത്തിന്റെ അന്തര്‍ധാരയില്‍ സജീവമാകുന്ന രാമരാജ്യസങ്കല്‍പ്പ,വികാസങ്ങളാണ്. സാംസ്‌കാരിക ഹിന്ദുത്വത്തിന്റെ തന്ത്രപരമായ വികാസത്തിനു  നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്.


വര്‍ഗീയതയും ദേശീയതയും അസത്യപ്രചാരണങ്ങളും ത്രിശൂലങ്ങളാക്കി മുസ്‌ലിം, ദലിത്, ക്രിസ്ത്യന്‍ ചോരപ്പുഴകള്‍ സൃഷ്ടിച്ചപ്പോഴും പ്രായോഗികതലത്തില്‍ അവ ഭീകരമെങ്കിലും പ്രാദേശിക സംഭവങ്ങളായിരുന്നു. ഭൂമിശാസ്ത്രപരിധികളില്ലാതെ അതു വികാസം പ്രാപിച്ചത് അതിന്റെ ബൗദ്ധികതലമാണ്. ഇടതുവലതു പ്രസ്ഥാനങ്ങളുടെ മൂര്‍ച്ചയേറിയതും ആത്മാര്‍ത്ഥവുമായ പ്രതിരോധം മറികടന്നു മോദിത്വത്തെ ഭരണതലത്തിലെത്തിക്കാന്‍ ഈ ബൗദ്ധികവികാസത്തിനായി.
 ഭൂമിശാസ്ത്രപരിമിതികളില്ലാത്ത ഈ കലാപഭൂമി മോദി കണ്ടെത്തിയിരിക്കുന്നതു സാമ്പത്തികരംഗത്താണ്. സാമ്പത്തികരംഗത്തെ അതികായന്മാരുമായി ചേര്‍ന്നു സമാന്തരഭരണത്തിനു മോദി രൂപം കൊടുത്തു. പാര്‍ലമെന്റിനെ മറികടന്ന്, ഓര്‍ഡിനന്‍സ് സംവിധാനം അവഗണിച്ച്, പൗരന്മാരുടെ മൗലികാവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനാവകുപ്പുകളും നിയമങ്ങളും കാറ്റില്‍പറത്തി നോട്ട് അസാധുവാക്കല്‍ വിളംബരം ചെയ്യാന്‍ മോദിയെ അധികാരപ്പെടുത്തിയത് ഈ സമാന്തരഗവണ്‍മെന്റാണ്. ഇവിടെ കൈയടിക്കാനുള്ള കാണി മാത്രമായി പാര്‍ലമെന്റ് പരിമിതപ്പെട്ടു.


ശക്തമായ രാഷ്ട്രമെന്നതിനേക്കാള്‍ ഏകാധിപതി ഇഷ്ടപ്പെടുന്നതു ശക്തമായ സര്‍ക്കാരെന്നതാണ്. ഭരണം സ്ഥിരത കൈവരിക്കുംവരെ ഭരണീയര്‍ ദരിദ്രരും അതേസമയം സമ്പന്നതയില്‍ പ്രതീക്ഷയുള്ളവരുമായിരിക്കണം. അവരുടെ പ്രതികരണങ്ങള്‍ ദുര്‍ബലമായിരിക്കണം. അവരുടെ പണവും സ്വര്‍ണവും ഉപയോഗിക്കാത്ത ഭൂമിയും രാജനീതിയുടെ പേരിലോ ദരിദ്രരില്‍ദരിദ്രര്‍ക്കു വിതരണം ചെയ്യാനെന്ന പേരിലോ ഭരണാധികാരിക്കു പിടിച്ചെടുക്കാം.
ജനങ്ങളുടെ സാമ്പത്തികവളര്‍ച്ചയുടെയും വികാസത്തിന്റെയും തുടര്‍ച്ചയായി കറന്‍സികള്‍ ഡിജിറ്റലായി പരിഷ്‌ക്കരിക്കപ്പെട്ട രാജ്യങ്ങളുണ്ട്. അതൊരു സ്വാഭാവികപുരോഗതിയാണ്. കാലങ്ങളുടെ പ്രയത്‌നവും ജനങ്ങളുടെ നിലവാരവും അതിനു പിന്നിലുണ്ട്. അത്തരം രാഷ്ട്രങ്ങളുമായി ഇന്ത്യന്‍ സാഹചര്യത്തെ താരതമ്യപ്പെടുത്തുന്നതുപോലും അപരാധമാണ്. കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കു ശാഖപോലുമില്ലാത്ത അഞ്ചുലക്ഷത്തിലധികം ഗ്രാമങ്ങളുള്ള നാട്ടില്‍ കാഷ്‌ലെസ് ഇക്കോണമിയെന്ന ചിന്ത ബാലിശവും അതു നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് അക്രമവുമായിരിക്കും.


ഏകാധിപതികള്‍ക്കു കാഷ്‌ലെസ് ഇക്കോണമിയില്‍ താല്‍പര്യമുണ്ട്. കാരണം, അത്തരമൊരു സംവിധാനത്തില്‍ പൗരന്‍ സമ്പന്നതയുടെ പ്രത്യക്ഷാധികാരി മാത്രമാണ്. സ്വന്തം പണം തൊടാവുന്ന ഭൗതികവസ്തുവല്ല, അപ്രത്യക്ഷലോകത്തെ പ്രയോജനം മാത്രമാണ്. ആ അപ്രത്യക്ഷലോകത്തിന്റെ പരമാധികാരി ഭരണാധികാരിയും കോര്‍പ്പറേറ്റുമാണ്. അവരുടെ കനിവിലേ പൗരനു ക്രയവിക്രയം സാധ്യമാവൂ. ചുരുക്കത്തില്‍, ഓരോ വ്യക്തിയിലേയ്ക്കും വ്യക്തിപരമായും ഒരോ സമുദായത്തിലേയ്ക്കും സാമുദായികമായും ഓരോ രാഷ്ട്രീയ സംഘടനയിലേയ്ക്കും രാഷ്ട്രീയപരമായും ഓരോ മതവിഭാഗത്തിലേയ്ക്കും വര്‍ഗീയമായും ഈ അധികാരം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിനു കഴിയും.
പ്രതിഷേധിച്ചു പ്ലക്കാര്‍ഡടിക്കാന്‍പോലും ഡിജിറ്റല്‍ പണം ഉപകരിക്കില്ല. അവിടെ ആധാര്‍കാര്‍ഡും ഇ-പാസ്‌പോര്‍ട്ടുമെല്ലാം ഡിജിറ്റല്‍ചാരന്മാരും ഡിജിറ്റല്‍ പൊലിസുമായിരിക്കും. ത്രിശൂലവും വടിവാളുമില്ലാത്ത, രാമക്ഷേത്രരഥയാത്രകളില്ലാത്ത, ഭൂമിശാസ്ത്ര പരിമിതികളില്ലാത്ത, നൂറുശതമാനം വിജയമുറപ്പുള്ള വംശീയ-വര്‍ഗീയ ഉന്മൂലനങ്ങള്‍ക്കു കേവലമൊരു 'ഡബിള്‍ ക്ലിക്ക്' മതിയാവും. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അരങ്ങേറിയിട്ടുള്ള ന്യൂനപക്ഷവിരുദ്ധ കലാപങ്ങളുടെ ഭീകരചരിത്രമറിയുന്ന ഒരാള്‍ക്ക് ഇപ്പറഞ്ഞതില്‍ തെല്ലും അതിശയോക്തി കാണില്ല.
കള്ളപ്പണമായി പിടിച്ചെടുക്കപ്പെടുന്ന പണവും സ്വര്‍ണവും ബിനാമി ഭൂമികളും വര്‍ണാശ്രമ വ്യവസ്ഥയില്‍ വിതരണം ചെയ്യപ്പെടണമെന്നു പരസ്യമായി സ്വപ്നംകാണുന്ന ശുദ്ധ ആര്‍.എസ്.എസ്സുകാര്‍ ഇവിടെയുണ്ട്. സമൂഹത്തില്‍ ഏറ്റവും സമ്പന്നര്‍ ബ്രാഹ്മണരാവണമത്രേ! പിന്നെ ക്ഷത്രിയര്‍, പിന്നെ വൈശ്യര്‍ അങ്ങനെയങ്ങനെ. ഏകസിവില്‍കോഡുപോലുമല്ല, ഒരേയൊരു ഹിന്ദു സിവില്‍കോഡും ഹിന്ദു വിദ്യാഭ്യാസ സിലബസ് കോഡുമാണു മുഴുവന്‍ ഭാരതീയര്‍ക്കും വേണ്ടതെന്നാണു മനക്കോട്ട. ഇന്ത്യക്കു പൊതുവായി വേണ്ട സംസ്‌കാരത്തെക്കുറിച്ചും നിറത്തെക്കുറിച്ചുമെല്ലാം അവര്‍ക്ക് അഭിപ്രായമുണ്ട്. ഉന്നതവൃത്തങ്ങളുമായി ഭരണതലത്തില്‍ ചര്‍ച്ചനടക്കുന്നുണ്ടെന്ന് അവര്‍ മേനിപറയുന്നു.
ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്നതിനേക്കാള്‍ ഇങ്ങനെയെല്ലാം സ്വപ്നംകാണുന്നവരുടെ പാര്‍ട്ടിയാണു രാജ്യം ഭരിക്കുന്നത് എന്നതുതന്നെ എത്രമാത്രം മാരകമാണ്. അത്തരം സ്വപ്നങ്ങളില്‍ നിര്‍മിക്കപ്പെടുന്ന ഹിന്ദുത്വമെന്ന മൂശയില്‍തന്നെയാണു സ്വയം സേവകനായ മോദിയും വാര്‍ത്തെടുക്കപ്പെട്ടത്. അങ്ങനെയൊരു ഗവണ്‍മെന്റിന്റേയോ ഏകാധിപതി-കോര്‍പ്പറേറ്റ് സൂക്ഷ്മ ഗവണ്‍മെന്റിന്റെയോ അദൃശ്യപരമാധികാരത്തിലേയ്ക്ക് ഇന്ത്യന്‍ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും കമ്യൂണിസ്റ്റുകാരുടെയും പണം മുഴുവന്‍ ഡിജിറ്റലാക്കപ്പെടുന്നതിനെ ശുഭാപ്തിവിശ്വാസത്തോടെ നോക്കിക്കാണാനാകില്ല. അല്ലെങ്കില്‍ ഇന്ത്യയെന്ന പേരുമാറ്റി 'രാമരാജ്യം' എന്നാക്കുകകൂടി ചെയ്താല്‍ എല്ലാം ശുഭം.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  2 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  2 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  2 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  3 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  4 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  4 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  5 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago