കാഴ്ചയിലെ ഹിംസയും ശ്മശാന പ്രേമിയായ അച്യുതന്‍ നായരും
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് കാണാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തിച്ചേര്‍ന്നു എന്നതായിരുന്നു ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മലയാള പത്രങ്ങളിലെ പ്രധാന വിശേഷങ്ങളിലൊന്ന്. ചാനലുകളായ ചാനലുകളൊക്കെ ഫ്‌ളാറ്റു പൊളിക്കല്‍ ആവേശപൂര്‍വ്വം ആഘോഷിച്ചു. എല്ലാ രാത്രിസമയ ചര്‍ച്ചകളിലും മരട് തന്നെയായിരുന്നു പല ദിവസങ്ങളിലും വിഷയം. ഇപ്പോഴും മരടിലേക്ക് സന്ദര്‍ശകര്‍ ഒഴുകുന്നുണ്ട്. എന്നു മാത്രമല്ല, മരട് കേന്ദ്രീകരിച്ച് ടൂറിസ്റ്റ് പാക്കേജുകള്‍ ആരംഭിച്ചിട്ടുമുണ്ട്. പൊളിച്ച ഫ്‌ളാറ്റുകളോട് ചേര്‍ന്നുകിടന്ന കായലിലൂടെ സഞ്ചരിച്ച് കാഴ്ചകള്‍ കാണാവുന്ന തരത്തിലാണ് പാക്കേജുകള്‍ സംവിധാനം ചെയ്തിട്ടുള്ളത്.
ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ ശരിയ്ക്കും ഉപയോഗപ്പെടുത്തുകയാണ് മലയാളികള്‍. കടലും കായലും മഞ്ഞും കുളിരും പച്ചപ്പും കരിമീനും മാത്രമല്ല, തകര്‍ന്നടിഞ്ഞുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ പോലും വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കിയിരിക്കുന്നു നാം. ഫ്‌ളാറ്റുകള്‍ തകര്‍ന്നു വീണപ്പോള്‍ ഇടനെഞ്ചു പൊട്ടിക്കരഞ്ഞ കുറേപേരുണ്ട്, പൊളിഞ്ഞു വീണ ഫ്‌ളാറ്റുകളില്‍ നിന്നുയരുന്ന പൊടിപടലങ്ങളും അതിന്റെ ആഘാതമുളവാക്കുന്ന പ്രശ്‌നങ്ങളുമൊക്കെയോര്‍ത്ത് ഭീതിയിലകപ്പെട്ട വേറെയൊരുകൂട്ടര്‍ മറുവശത്തുണ്ട്; എത്ര കോടി രൂപയാണ് വ്യര്‍ത്ഥമായിപ്പോയത്! എത്രയധികം കല്ലും മണ്ണും സിമന്റും മണലും മരവുമാണ് ആര്‍ക്കുമുപയോഗമില്ലാതായിപ്പോയത്! എത്ര കടുത്ത ആഘാതമാണ് പ്രകൃതിക്ക് ഈ ഫ്‌ളാറ്റു നിര്‍മ്മാണവും പൊളിക്കലും ഏല്‍പിച്ചിട്ടുള്ളത്! 'ഡിസാസ്റ്റര്‍' എന്നാല്‍ ശരിക്കും ഇതുതന്നെ. പക്ഷേ നാം മലയാളികള്‍ ഈ ദുരന്തം ശരിയ്ക്കുമാഘോഷിച്ചു. പൊളിയ്ക്കുന്നതു കാണാന്‍ കുളിച്ച് കുറിയിട്ട് രാവിലെ മുതല്‍ക്കേ ടി.വിയ്ക്ക് മുമ്പില്‍ കാത്തിരുന്നവരും തത്സമയ കാഴ്ചയ്ക്കു വേണ്ടി മരടിലേക്ക് പാഞ്ഞവരും, എല്ലാം കഴിഞ്ഞതിനു ശേഷം ശവപ്പറമ്പിനുമേല്‍ വട്ടമിട്ടു പറക്കുന്ന കഴുകന്‍മാരെപ്പോലെ മരടിലേക്കുള്ള പാക്കേജ് ടൂറിന്റെ ഭാഗമായി അവിടം സന്ദര്‍ശിക്കുന്നവരും ദ്യോതിപ്പിക്കുന്നത് മലയാളി മനസ്സിന്റെ വിചിത്ര വഴികളുടെ വശം തന്നെ.
എന്തും, ദുരന്തങ്ങള്‍ പോലും നമുക്ക് കാഴ്ചയുടെ ഉത്സവം.ഇതേ മനോനില തന്നെയാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടാന്‍ പോവുന്നു എന്ന മുറവിളി ഉയര്‍ന്ന കാലത്തും കണ്ടത്. പെരിയാര്‍ തീരത്ത് താമസിക്കുന്നവരില്‍ അത്യധികം ഭീതിയുളവാക്കിക്കൊണ്ടായിരുന്നു ആസന്നമായ ഡാം ദുരന്തത്തെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ മുന്നേറിയത്. അതോടൊപ്പം വിനോദ സഞ്ചാരത്തിന് ഇറങ്ങിത്തിരിക്കുന്ന മനോഭാവത്തോടെ ഇടുക്കിയിലേക്ക് ആളുകള്‍ പ്രവഹിക്കുകയുമായി. ഡാം പൊട്ടുന്നതിന് കാത്തിരിക്കുകയായിരുന്നു നാം, പുറമേക്ക് അണക്കെട്ടു പൊട്ടിയാലുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് പറഞ്ഞു വിലപിക്കുമ്പോള്‍ പോലും അതൊന്നു പൊട്ടിക്കിട്ടിയാലുണ്ടാകുന്ന കാഴ്ച കാണാന്‍ നാം ഉള്ളാലെ കൊതിച്ചു. 'അയ്യോ ഡാമേ പൊട്ടല്ലേ, പൊട്ടല്ലേ നീ പൊട്ടല്ലേ' എന്ന് വിളിച്ചുകൂവിക്കൊണ്ട് ലോറിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് കാണാന്‍ പോവുന്ന ആള്‍ക്കൂട്ടങ്ങളെപ്പറ്റി അണക്കെട്ടിന്റെ പരിസരത്ത് താമസിക്കുന്ന ഒരുസുഹൃത്ത് അന്ന് പറഞ്ഞതാണിപ്പോള്‍ ഓര്‍മ്മ വരുന്നത്. ജനങ്ങളുടെ ആഘോഷങ്ങളെയും ആശങ്കകളെയുമെല്ലാം അതിജയിച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്നും നിലനില്‍ക്കുന്നു. അന്ന് മുല്ലപ്പെരിയാറിനെക്കുറിച്ച് കേരളത്തിലുടനീളം വളര്‍ത്തിയെടുത്ത ആശങ്കകളുടെ പിന്നിലുള്ള രാഷ്ട്രീയം പോലും ജനങ്ങള്‍ മറന്നു. അണക്കെട്ടു പൊട്ടുന്നതിന്റെ ദൃശ്യ ഭംഗി ആസ്വദിക്കാനാവത്തതിലുള്ള ഇഛാഭംഗം മാത്രമാവാം അതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അവശേഷിക്കുന്നത്.
ദുരന്തങ്ങളെ ആഘോഷക്കാഴ്ചകളാക്കാനുള്ള ആവേശം ഇക്കഴിഞ്ഞ പ്രളയ കാലത്തും പ്രകടമായി അനുഭവപ്പെടുകയുണ്ടായി. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലേക്കും പുത്തുമലയിലേക്കും എത്ര ആയിരം പേരാണ് ഒഴുകിയെത്തിയത്? ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനോ മണ്ണിന്നടിയില്‍ പൂണ്ടുപോയവരോട് സഹതപിക്കാനോ വേണ്ടിയായിരുന്നില്ല ഈ യാത്ര, കാഴ്ച കാണാനായിരുന്നു. സമൂഹത്തിലെ മധ്യവര്‍ഗത്തില്‍പെട്ടവരും അതിലും താഴെയുള്ളവരുമായിരുന്നു കൂടുതലും ഇക്കൂട്ടത്തില്‍ എന്നതും ഓര്‍ക്കേണ്ടതുണ്ട്. അതുംചെറുപ്പക്കാര്‍.
ഇത്തരം അനുഭവങ്ങളുടെ സൂക്ഷ്മ വിശകലനം ഒരുകാര്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളുമൊക്കെക്കൂടി സൃഷ്ടിക്കുന്ന ദൃശ്യപരതയുടെ ഹിംസാത്മകതയില്‍ വീണുപോവുന്നത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരും ചെറുപ്പക്കാരുമാണ്. മുല്ലപ്പെരിയാറും പ്രളയവും മരടിലെ ഫ്‌ളാറ്റ് പൊളിക്കലും ആഘോഷിച്ചത് മാധ്യമങ്ങളാണ്. മലയാളം ചാനലുകള്‍ മരട് ആഘോഷിച്ചത് 'അതിമനോഹരമായ ദൃശ്യക്കാഴ്ച' എന്നു തുടങ്ങിയ സംജ്ഞകള്‍ വാരിവിതറിക്കൊണ്ടാണ്. ഈ ആഘോഷത്തില്‍ നിന്നാണ് മരടില്‍ 'ഡിസാസ്റ്റര്‍ ടൂറിസ'ത്തിന് തുടക്കമുണ്ടായത്. ഇന്ത്യയില്‍ 'സ്ലംടൂറിസ'മെന്ന പേരില്‍ ചേരി നിവാസികള്‍ക്കിടയിലേക്ക് വിദേശികള്‍ എത്തിച്ചേരുന്നതിന്റെ പിന്നിലും മാധ്യമങ്ങളുടെ അറിഞ്ഞും അറിയാതെയുമുള്ള പിന്തുണയുണ്ട് എന്നത് ഇതിനോട് ചേര്‍ത്ത്‌വായിക്കണം.
ഇന്ത്യയിലെ ദാരിദ്ര്യം വിദേശികള്‍ക്ക് കാണിച്ചുകൊടുക്കുകയാണ് എന്ന് പണ്ട് സത്യജിത്ത്‌റേയുടെ സിനിമകള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. സത്യസന്ധമായ ജീവിതാവിഷ്‌ക്കാരമായിരുന്നു ഈ ലോകപ്രശസ്ത ചലച്ചിത്ര സംവിധായകന്റേത്; പക്ഷേ അദ്ദേഹം മുഖ്യധാരയുടെ വിമര്‍ശനത്തിന് വിധേയനായി. സത്യജിത്ത്‌റേയ്ക്ക് എതിരായുള്ള പ്രസ്തുത വിമര്‍ശനം പോലും ന്യായീകരിക്കപ്പെടാവുന്ന അവസ്ഥയിലേക്കാണ് സ്ലംടൂറിസത്തിലേക്ക് കാഴ്ചക്കാരെ എത്തിക്കുന്ന പുതിയ കാലത്തെ ദൃശ്യവിനിമയങ്ങള്‍ ചെന്നെത്തുന്നത്. മരടിലെ ഫ്‌ളാറ്റ് പൊളിക്കലും തുടര്‍ന്നുള്ള മരട് നിവാസികളുടെ ജീവിതവുമൊക്കെ ആസ്വദിച്ചനുഭവിക്കാന്‍ വഴിയൊരുക്കുന്ന ടൂറിസ്റ്റ് പാക്കേജുകള്‍ക്ക് നിമിത്തമായത്, വലിയൊരളവോളം ചാനലുകള്‍ സൃഷ്ടിച്ച ആരവങ്ങളാണ്. പൈങ്കിളി സീരിയലുകളേക്കാള്‍ വലിയ സാമൂഹ്യ ദുരന്തമാണ് ദൃശ്യ ചാരുതകളില്‍ ഒളിപ്പിച്ചുവെച്ച ഈ 'വയലന്‍സ്' ഉണ്ടാക്കിയതും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതും. മരട് ദുരന്തം ചര്‍ച്ച ചെയ്ത ടി.വി പ്രോഗ്രാമുകളില്‍ പ്രത്യക്ഷപ്പെട്ട അവതാരകരുടെ ദൃശ്യ ഭാഷയിലും ശബ്ദ വിന്യാസത്തിലുമെല്ലാം ഈ ഹിംസാത്മകത വളരെ പ്രകടമായിരുന്നു. ദുരന്തങ്ങള്‍ കണ്ടുരസിക്കുന്ന അവസ്ഥയിലേക്ക് നാം മെല്ലെമെല്ലെ നടന്നു നീങ്ങി എന്നു സാരം.
ഇത് പത്രങ്ങളുടേയോ ചാനലുകളുടേയോ മാത്രം പ്രശ്‌നമല്ല. ദൃശ്യങ്ങളിലെ ഹിംസാത്മകതയുടെ സാധ്യത ചലച്ചിത്രങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഹോളിവുഡ് ചിത്രങ്ങളില്‍, അതിഗംഭീരമായ വിസ്മയക്കാഴ്ചകളോടെ യുദ്ധവും പ്രകൃതി ദുരന്തവും തകര്‍ച്ചയുമൊക്കെ ചിത്രീകരിച്ചപ്പോള്‍, അത് വലിയ ദൃശ്യാനുഭവങ്ങളാവുകയും സിനിമകള്‍ ബോക്‌സോഫിസില്‍ വന്‍ വിജയം നേടുകയും ചെയ്തു. ഇപ്പോഴും അത് തുടരുന്നു. ഇന്ത്യയില്‍ ബോളിവുഡ് ചിത്രങ്ങളും പ്രാദേശിക ഭാഷാ ചലച്ചിത്രങ്ങളുമൊക്കെ ഈ രീതി പിന്തുടരുകയും ചെയ്യുന്നു. ഇത്തരം ദുരന്ത ചിത്രീകരണങ്ങളെ 'അതിമനോഹര'മാക്കുകയാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയെപ്പോലെയുള്ള സംവിധായകര്‍ ചെയ്തത്.
വയലന്‍സിന്റെ കലാചാതുരിയില്‍ ഊന്നുന്ന ഇത്തരം ഹിംസാത്മക ചിത്രീകരണങ്ങളെ പണ്ടും സാമൂഹ്യ നീരീക്ഷകര്‍ വിമര്‍ശിച്ചിട്ടുണ്ട്. പ്രസ്തുത ആഖ്യാന രീതിയുടെ തുടര്‍ച്ചയാണ് മാധ്യമ റിപ്പോര്‍ട്ടിങ്ങില്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്ന ഹിംസാത്മകത. കൂടത്തായി കൊലപാതക പരമ്പരകള്‍ സിനിമയും സീരിയലുമാക്കാന്‍ നടത്തുന്ന ഉദ്യമങ്ങള്‍ക്ക് പിന്നിലും ഇക്കണ്ട ഹിംസയുടെ അടയാളമാണുള്ളത്. പണ്ടും ഈ പ്രവണതയുണ്ട് (ഭാര്യ, മൈനത്തരുവി കൊലക്കേസ്, മാടത്തരുവി കൊലക്കേസ് തുടങ്ങിയ സിനിമകള്‍ ഓര്‍ക്കുക). ഇന്ന് മാധ്യമങ്ങള്‍ ഹിംസാത്മക ചിന്തയുടെ മനശ്ശാസ്ത്രത്തെ കുറേക്കൂടി ഫലപ്രദമായി ഉപയോഗിക്കുന്നു എന്നു മാത്രം.
കെ.പി രാമനുണ്ണിയുടെ ശ്മശാന പ്രേമി എന്നൊരു കഥയുണ്ട്. ശവദാഹങ്ങള്‍ മഹോത്സവമാക്കുന്ന അച്യുതന്‍ നായര്‍ എന്ന ക്രിമറ്റോറിയം ഓപ്പറേറ്ററുടെ കഥയാണത്. പാറപൊളി മേസ്ത്രിയായിരുന്നു അയാള്‍ ആദ്യം. 'പാറകളുടെ പൊട്ടിച്ചിതറലും കല്ലുകളുടെ വീഴ്ചയും സ്ഥാനം ഭ്രംശിച്ച ജന്തുക്കളുടെ പരക്കം പാച്ചിലും കൂട്ടം തകര്‍ന്ന പറവകളുടെ വട്ടംചുറ്റലുമെല്ലാം' അയാളെവല്ലാതെ രസിപ്പിച്ചു. പിന്നീട് അതുപേക്ഷിച്ച് ആദിവാസികള്‍ക്ക് വീടുവെച്ചുകൊടുക്കുന്ന സര്‍ക്കാര്‍ പ്രോജക്ടില്‍ ജോലിയേറ്റെടുത്തപ്പോള്‍ അയാളെ ത്രസിപ്പിച്ചത് 'കണ്ണ്കുണ്ടില്‍ പോയി, മുഖം തേമ്പി, വയറുതുറിച്ച കുഞ്ഞുങ്ങളുടെ ദയനീയത'യാണ്. മനുഷ്യരുടെ നല്ല അവസ്ഥ വെളിവാക്കുന്ന ദൃശ്യങ്ങളൊന്നും അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഇങ്ങനെയൊരു പൈശാചിക ചിന്ത ആവേശിച്ച അച്യുതന്‍ നായര്‍ ശവദാഹം തൊഴിലാക്കി ഏറ്റെടുത്തത് വെറുതെയായിരുന്നില്ല; ശ്മശാന പ്രേമിയായ ഈ അച്യുതന്‍ നായരുടെ മനോനില കൈവരിച്ചുവോ നാമെല്ലാവരും. മരട് ടൂറിസ്റ്റ് പാക്കേജിനെക്കുറിച്ച് വായിക്കുമ്പോള്‍ ഇതൊക്കെയല്ലാതെ മറ്റെന്തു ചോദിക്കും?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."