കൂടിയാലോചന നടത്തിയുള്ള സംയുക്ത സമരം ആവശ്യമെന്ന് ഇ.ടി
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ കൂടിയാലോചനകള്‍ നടത്തിയുള്ള സംയുക്ത സമരം ആവശ്യമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇടതുമുന്നണി നടത്തുന്ന സമരത്തിന് ആത്മാര്‍ത്ഥത കുറവുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിയമം നടപ്പിലാക്കില്ലെന്ന ഉറപ്പു ലഭിക്കുന്നുതുവരെ സമരരംഗത്തുണ്ടാകണം. ഇതിനായി വിവിധ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി സംയുക്ത സമരവുമായി മുന്നോട്ടുപോകണം. ഡല്‍ഹിയില്‍ നടക്കുന്നതിന് സമാനമായി ആര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലുള്ള സമരമുഖങ്ങള്‍ കേരളത്തിലുണ്ടാകണം.
എന്‍.പി.ആര് കേരളത്തില്‍ നടപ്പാക്കില്ലെന്നു പറയുമ്പോഴും ഇതേക്കുറിച്ച് വ്യക്തതയില്ല. എന്‍.പി.ആര് സര്‍വേയ്ക്കായി വിവിധ സ്കൂളുകളില്‍ അധ്യാപകരെ ആവശ്യപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സര്‍ക്കുലര്‍ എത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണ്. ഗവര്‍ണര്‍ ബി.ജെ.പിയുടെ വക്താവെന്ന രീതിയിലാണ് പെരുമാറുന്നത്. ഭരണഘടനയെ സംരക്ഷിക്കേണ്ടവര്‍ തന്നെ അതിനെ തകര്‍ക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."