മാനന്തവാടി താലൂക്ക് റോഡ് നിര്‍മാണം ഇഴയുന്നു; പ്രതിഷേധം വ്യാപകം
മാനന്തവാടി: സമയ ബന്ധിതമായി തീര്‍ക്കേണ്ട റോഡ് പ്രവൃത്തികള്‍ ഇഴയുന്നതില്‍ പ്രതിഷേധിച്ച് മാനന്തവാടി താലൂക്കില്‍ സമര പരമ്പരകള്‍ ആരംഭിക്കുന്നു.
വിവിധ സംഘടനകളുടെയും ആക്ഷന്‍ കമ്മിറ്റികളുടെയും നേതൃത്വത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുനത്.
പക്രന്തളം-നിരവില്‍ പുഴ-മാനന്തവാടി റോഡ്, പേര്യ-വരയാല്‍ റോഡ്, പാണ്ടിക്കടവ് കണ്ടോത്ത് വയല്‍ റോഡ്, കാട്ടികുളം-മാനന്തവാടി റോഡ് എന്നിവയുടെ പ്രവൃത്തികളാണ് ഇഴയുന്നത്.
ഒന്നര വര്‍ഷം മുമ്പ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ച പക്രന്തളം-നിരവില്‍ പുഴ-മാനന്തവാടി റോഡിന്റെ ടെന്‍ഡര്‍ ചെയ്ത പ്രവൃത്തിയുടെ പകുതി പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 14ന് കല്‍പ്പറ്റ പൊതുമരാമത്ത് വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനിയറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. വരയാല്‍ നാട്ട് കുട്ടത്തിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്.
പേര്യ-വരയാല്‍ റോഡിന്റെ നാലര കിലോമീറ്റര്‍ ദൂരമാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനുള്ളത്. പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും റോഡ് പൂര്‍ണമായും ഗതാഗത യോഗ്യമല്ലാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
ഒരു വര്‍ഷം മുന്‍പ് എം.എല്‍.എ നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്ത എടവക പഞ്ചായത്തിലെ പാണ്ടിക്കടവ്-കണ്ടോത്ത് വയല്‍ റോഡ് പ്രവര്‍ത്തികളും ഇഴഞ്ഞ് നീങ്ങുന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് എടവക മണ്ഡലം കമ്മിറ്റിയും പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ്.
5 ലക്ഷത്തിന് മുകളിലുള്ള പ്രവൃത്തികള്‍ക്ക് അനുമതി നല്‍കുന്നത് ഈ ടെന്‍ഡര്‍ വഴിയാണെന്നിരിക്കെ വ്യാപക ആരോപണങ്ങള്‍ക്ക് വിധേയരായ കരാറുകാരും പ്രവൃത്തികള്‍ ഏറ്റെടുക്കുകയും പിന്നീട് പ്രവര്‍ത്തികള്‍ മന്ദഗതിയിലാവുകയുമാണ് ചെയ്യുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തികള്‍ ആരംഭിച്ചെങ്കിലും പാച്ച് വര്‍ക്ക് മാത്രം നടത്തുന്ന അന്തര്‍സംസ്ഥാന പാതയായ കാട്ടി കുളം മാനന്തവാടി റോഡില്‍ ടാറിങ് പ്രവൃത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സമര പരിപാടികള്‍ക്ക് രൂപം നല്‍കുന്നതായും സൂചനയുണ്ട്. പ്രവൃത്തികളില്‍ കാലതാമസം വരുത്തുന്ന കരാറുകാര്‍ക്കെതിരേ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."