പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്ത യുവാവിന് ഇന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പൊലിസ്
ആലുവ: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ യുവാവിന് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിരസിച്ചതായി പരാതി നിലനില്‍ക്കേ ഇന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് പൊലിസ്. ആലുവ യു.സി കോളജ് കടൂപാടം തൈവേലിക്കകത്ത് ടി.എം അനസിനാണ് ആലുവ ഈസ്റ്റ് പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്ന് നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. വിഷയം വിവാദമായതോടെ ഇന്നലെ രാത്രി ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ അടക്കമുള്ളവര്‍ പൊലിസ് സ്റ്റേഷനിലേക്ക് എത്തിയിരുന്നു. സ്ഥിതി സംഘര്‍ഷഭരിതമാവുമെന്ന് ഉറപ്പായതോടെയാണ് ആലുവ ഈസ്റ്റ് പൊലിസ് ക്ലിയറന്‍സ് നല്കാന് സമ്മതിച്ചത്. ഇന്നുവരെ ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ലാത്ത അനസ് ഈ മാസം 28നാണ് ജോലി ആവശ്യത്തിനായി പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് ആലുവ ഈസ്റ്റ് എസ്.എച്ച്.ഒ സാംസണ് മുന്‍പാകെ അപേക്ഷ സമര്‍പ്പിച്ചത്. അനസിന്റെ അപേക്ഷയില്‍ പൗരത്വ ബില്‍ സംബന്ധിച്ച സമരത്തില്‍ പങ്കെടുത്ത ആളാണെന്ന് എസ്.ഐ രേഖപ്പെടുത്തുകയും പി.സി.സി നല്കാന് ആവില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തണമെന്നുമാണ് നേരത്തെ അറിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."