നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടപകടം: കരയോഗം ഭാരവാഹികള്‍ കസ്റ്റഡിയില്‍
തൃപ്പുണിത്തുറ: നടക്കാവ് ഭഗവതി ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ കിഴക്കേകര കരയോഗം ഭാരവാഹികളെ ഉദയംപേരൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. നാല് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ചാലക്കുടിയിലെ സ്റ്റീഫന്‍ ഫയര്‍ വര്‍ക്‌സാണ് വെടിക്കെട്ട് നടത്തിയത്. ഇവര്‍ ഒളിവിലാണ്.
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ടില്‍ പടക്കം ആള്‍ക്കൂട്ടത്തിലേക്ക് തെറിച്ചുവീണ് പൊട്ടി 16ഓളം പേര്‍ക്ക് പരുക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ എട്ടുപേരെ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരിക്കേവരില്‍ 60 വയസ്സുകാരിയും ഉണ്ട്. ഇവരെ രാത്രിയോടെ എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപതി അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച രാത്രി ഒമ്പതോടെ ക്ഷേത്രത്തിലെ പൂരൂരുട്ടാതി താലപ്പൊലി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ദിശ തെറ്റിയ പടക്കം ആള്‍ക്കൂട്ടത്തിലേക്ക് വീണ് പൊട്ടുകയായിരുന്നു.
മുന്നൂറോളം അമിട്ടുകള്‍ പൊട്ടിയിട്ടുമില്ല. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ക്കും വെടിക്കെട്ടിന് കരാറെടുത്തവര്‍ക്കുമെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
ക്ഷേത്രത്തില്‍ സ്ഫോടക വസ്തു വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതായി സ്‌ഫോടകവസ്തു വിഭാഗം അറിയിച്ചു. റോഡില്‍ നിന്നും 15 മീറ്റര്‍ മാത്രം അകലെയാണ് സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നത്. 100 മീറ്റര്‍ അകലം പാലിക്കണമെന്ന ചട്ടമാണ് ലംഘിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."