മരുഭൂമിയിലൊരു തണല്‍ മരം
അതിജീവനത്തിന് അറബ് നാടുകളിലേക്കു കുടിയേറിയവര്‍ അനുഭവിച്ച ത്യാഗങ്ങള്‍ വിവരണാതീതമാണ്. ചുട്ടുപൊള്ളുന്ന ചൂടിലും മരവിക്കുന്ന തണുപ്പിലും ജീവിതം ത്യജിച്ചവരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ മണ്ണിന് ഒരുപാട് കഥകള്‍ പറയാനുണ്ട്.
എല്ലാവരും ഉണ്ടെന്നു കരുതുന്നവര്‍ക്കും ആരുമില്ലെന്നു മനസിലാക്കിത്തരും പലപ്പോഴും പ്രവാസം. അതുകൊണ്ടുതന്നെ മറ്റൊരാളെ സഹായിക്കാന്‍ പുറപ്പെട്ട് സ്വയം ആപത്തില്‍പ്പെടാന്‍ പലരും തയാറാവാറില്ല.
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അന്യന്റെ മണ്ണില്‍ ഔദാര്യംപറ്റി ജീവിക്കുമ്പോള്‍ എന്ത് അവകാശം. എന്നാല്‍ മനസ് വരണ്ടുപോകുന്ന വര്‍ത്തമാന കാലത്തു ഹൃദയത്തില്‍ നനവുള്ള ഒരുപാട് മുഖങ്ങളെയും കാണാറുണ്ട്. അത്തരത്തിലൊരാളാണ് ലത്തീഫ് തെച്ചി.
27 വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ കൊണ്ട് അനേകര്‍ക്ക് വേണ്ടി നിയമ പോരാട്ടങ്ങള്‍ നടത്തിയ മനുഷ്യസ്‌നേഹി. നിസ്വാര്‍ഥ സേവനങ്ങളിലൂടെ ശ്രദ്ധേയനായ സാമൂഹിക പ്രവര്‍ത്തകന്‍. എന്നാല്‍ രണ്ടു വര്‍ഷത്തോളമായി ഒരു നിയമക്കുരുക്കില്‍പ്പെട്ട് നാട്ടിലെ പ്രിയപ്പെട്ടവരെപ്പോലും കാണാന്‍ സാധിക്കാതെ വിഷമിക്കുകയാണ് ഇദ്ദേഹം.
ജീവിതം, ജീവകാരുണ്യം
1989ലാണ് കോഴിക്കോട് ജില്ലയുടെ മലയോര ഗ്രാമത്തില്‍ നിന്ന് ലത്തീഫ് റിയാദിലെത്തുന്നത്. അന്യരുടെ കണ്ണീരിനു മുന്‍പിലെ തന്റെ നിസഹായത അദ്ദേഹത്തെ വേദനിപ്പിച്ചു. എന്നാലും കഴിയാവുന്ന സഹായങ്ങള്‍ ചെയ്തു കൊടുത്തു. മറ്റുള്ളവരുടെ പ്രയാസത്തിലേക്കു കടന്നുചെന്ന് ഒരു സഹായം ചെയ്യുമ്പോഴുണ്ടാകുന്ന ആത്മസംതൃപ്തിയാണ് ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തു ലത്തീഫിനെ നിലയുറപ്പിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ഗള്‍ഫ് ജീവിതം ഒരുപാട് ആത്മബന്ധങ്ങളെ നല്‍കി. ഒരുപാടു പേര്‍ക്ക് സഹായം നല്‍കാനും സാധിച്ചു. ഭാര്യ റഹീനയും കൂട്ടിനെത്തി പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ നല്‍കിയതോടെ ഇതൊരു കുടുംബകാര്യമായി മാറി.
നരായണന്റെ ജീവിതം തകര്‍ത്ത കഥ, ലത്തീഫിന്റെയും
പൊന്നാനി കുറ്റിപ്പാല സ്വദേശി മങ്ങാരത്ത് നാരായണന്‍ റിയാദിനടുത്ത് ഒരു സര്‍വിസ് സ്റ്റേഷനില്‍ ജോലിക്കാരനായിരുന്നു. 2010 സെപ്റ്റംബറില്‍ സഊദി യുവാവ് കാര്‍ സര്‍വിസിങ്ങിനു കൊണ്ടുവന്നു. കാര്‍ കഴുകിക്കഴിഞ്ഞപ്പോള്‍ മറ്റൊരു സഊദി വന്നു. ഇത് കൂട്ടുകാരന്റെ കാറാണെന്നും താക്കോല്‍ തരണമെന്നും ആവശ്യപ്പെട്ടു.
പരിചയമില്ലാത്തതിനാല്‍ കൊടുത്തില്ല. സഊദി ഫോണ്‍ വിളിച്ച് നാരായണന്റെ കൈയില്‍ കൊടുത്തു. ഞാനിപ്പോള്‍ കാര്‍ കൊണ്ടുതന്ന ആളാണെന്നും അതെന്റെ കൂട്ടുകാരനാണെന്നും കീ കൊടുത്തേക്കൂ എന്നും പറഞ്ഞു. അയാള്‍ കാറും കൊണ്ടുപോയി.
യഥാര്‍ഥ ഉടമസ്ഥന്‍ പിന്നാലെ വന്നപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നു നാരായണനു മനസിലായത്. നാരായണന്‍ അറസ്റ്റിലായി. ചെയ്യാത്ത കുറ്റത്തിന് അഞ്ചു വര്‍ഷത്തെ ശിക്ഷ. രാജ്യംവിട്ടു പോകരുതെന്ന നിബന്ധനയോടെ മോചനം.
1,15,000 റിയാലാണ് കാറിന്റെ ഉടമ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. ലത്തീഫ് തെച്ചിയുടെ നേതൃത്വത്തിലായി മധ്യസ്ഥ ശ്രമങ്ങള്‍. ഇതോടെ 60,000 റിയാലാക്കി ഉടമ കുറച്ചു. കേസിന്റെ നൂലാമാലകള്‍ കഴിയാതെ നാരായണനു നാട്ടില്‍ പോകാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രായവും അവശതയും കണ്ട് ലത്തീഫിന്റെ മനസലിഞ്ഞു. വൃദ്ധയായ അമ്മയെ കാണാനുള്ള ആഗ്രഹംകൂടി കേട്ടപ്പോള്‍ ജഡ്ജിയുമായി കൂടിക്കാഴ്ച നടത്തി തന്റെ ആള്‍ ജാമ്യത്തില്‍ നാരായണനെ കേസില്‍നിന്നു മോചിപ്പിക്കാന്‍ അപേക്ഷ നല്‍കി. വിധി പകര്‍പ്പ് അതുപോലെത്തന്നെ ലഭിച്ചു.
പാവങ്ങള്‍ക്കായുള്ള രാജാവിന്റെ സകാത്ത് ഫണ്ടില്‍നിന്ന് ഈ പണം, കോടതിയില്‍ അടക്കാമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാല്‍ അതിനു കാലതാമസം നേരിട്ടു. വിചാരണയ്ക്കിടെ ജഡ്ജി മാറി. പുതിയ ജഡ്ജി നാരായണന്‍ തന്നെ ഹാജരാകണമെന്നു കണിശമായി ആവശ്യപ്പെട്ടു. ലത്തീഫ് തെച്ചിയുടെ വാദത്തെ കോടതി തള്ളി. രണ്ടു വര്‍ഷത്തോളമായി ഇദ്ദേഹം ഈ കേസുമായി കോടതി കയറിയിറങ്ങുന്നു. രാജ്യംവിട്ടു പോകാന്‍ പാടില്ലെന്ന ഉത്തരവു വന്ന ശേഷം റിയാദിലെ പ്രശസ്ത വക്കീല്‍ ഡോ. അബ്ദുല്ല അല്‍ സലഫി സ്വന്തം ഉത്തരവാദിത്തത്തിലാണ് ലത്തീഫിനു വേണ്ടി കേസ് നടത്തുന്നത്. ഇത്രയും കാലത്തിനിടയില്‍ ആദ്യമായായിരുന്നു ഇതുപോലൊരനുഭവമെന്നു ലത്തീഫ് തെച്ചി പറയുന്നു.
കണ്ണുകള്‍ നിറച്ച വിധി
ജീവിതം മരണത്തിനും വാള്‍ത്തലപ്പിനുമിടയില്‍ നീണ്ട് പത്തു വര്‍ഷത്തിലധികം ഇരുമ്പഴിക്കുള്ളില്‍ കഴിഞ്ഞ രണ്ടു നിരപരാധികളായ ഇന്ത്യക്കാര്‍ ഒടുവില്‍ രാജകാരുണ്യത്തിലും ലത്തീഫിന്റെ ഇടപെടലിലും പിറന്ന നാട്ടിലേക്കു മടങ്ങി. ദമാം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് കക്കോടിയിലെ നസ്‌റുദ്ദീന്‍ മുഹമ്മദിനെയും മംഗലാപുരത്തെ അബ്ദുല്‍ മജീദിനെയും ജീവിതത്തിലേക്ക് തിരിച്ചു നടത്തിയത് മറക്കാനാവാത്ത അനുഭവമാണെന്നു ലത്തീഫ് തെച്ചി. ഇവരുടെ കൂടെ കൂട്ടുപ്രതികളായ രണ്ടുപേരുടെ വധശിക്ഷ അതിനോടകം തന്നെ നടപ്പാക്കിയിരുന്നു.
ഇത്രയും സമ്മര്‍ദവും മാനസിക പിരിമുറുക്കവും ഒരു കേസിലും മുന്‍പ് നേരിടേണ്ടി വന്നിട്ടില്ല. സഊദിയിലെ ഏതു കോടതിയില്‍ ചെന്നാലും മയക്കുമരുന്നു കേസില്‍ തലവെട്ടാന്‍ വിധിച്ച കേസാണെന്നു പറയുമ്പോള്‍ ഏറെ പ്രയാസങ്ങള്‍ നേരിട്ടതായും അദ്ദേഹം പറയുന്നു. ദമാം ജയിലില്‍നിന്നു തങ്ങളുടെ നിരപരാധിത്തം സാക്ഷ്യപ്പെടുത്തി നസ്‌റുദ്ദീന്‍ അയച്ച കത്താണ് മോചനശ്രമങ്ങളുമായി ഇറങ്ങാന്‍ ലത്തീഫിനെ പ്രേരിപ്പിച്ചത്.
യൂറോപ്യന്‍ യൂനിയനില്‍ അംഗങ്ങളായ ഏതാണ്ട് എല്ലാ രാജ്യങ്ങള്‍ക്കും സഊദിയില്‍ എംബസികളുണ്ട്. അവിടങ്ങളിലെല്ലാം സഊദി പൗരന്മാരായ അഭിഭാഷകരുടെ സേവനവും ലഭ്യമാണ്. സ്ഥിരമായി സ്വദേശി അഭിഭാഷകരില്ലാത്ത എംബസികള്‍ പ്രമുഖ നിയമസ്ഥാപനങ്ങളുമായി സഹായത്തിനു ധാരണയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എംബസി നിര്‍ദേശിക്കുന്ന സ്വദേശി അഭിഭാഷകരുടെ പേരുകള്‍ അവരുടെ വെബ്‌സൈറ്റുകളിലൂടെ പൗരന്മാരെ അറിയിക്കും. ഏഷ്യന്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ പോലും സ്വദേശി അഭിഭാഷകരുടെ സേവനം തേടുന്നുണ്ട്. എന്നാല്‍ 40 ലക്ഷത്തോളം ഇന്ത്യക്കാര്‍ തൊഴില്‍ ചെയ്യുന്ന സഊദിയില്‍ സ്വദേശി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിന് ഇന്ത്യക്കോ നയതന്ത്ര കാര്യാലയങ്ങള്‍ക്കോ യാതൊരു താല്‍പര്യവുമില്ല. ആപത്തില്‍പ്പെടുന്നവര്‍ക്ക് മികച്ച അഭിഭാഷകനെ ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ എംബസിക്കും കോണ്‍സുലേറ്റിനുപോലും കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടന്നു.
ജീവിതമെഴുതിയ പുസ്തകം
എഴുത്തുകാരി ശാന്താ തുളസീധരന്‍ ലത്തീഫ് തെച്ചിയെക്കുറിച്ച് എഴുതിയ പുസ്തകമാണ് 'മരുഭൂമിയിലെ തണല്‍ മരങ്ങള്‍'. 28 വര്‍ഷത്തെ പ്രവാസ ജീവിതത്തിന്റെ അനുഭവങ്ങളും നേര്‍ക്കാഴ്ചകളുമാണ് ഓര്‍മക്കുറിപ്പായി അവര്‍ എഴുതിയിട്ടുള്ളത്. പുസ്തകം പ്രകാശനം ചെയ്യുമ്പോള്‍ പോലും അന്യായമായി ഉറൂബില്‍ അകപ്പെട്ട മലയാളികളടക്കമുള്ളവരുടെ മോചനത്തിനുവേണ്ടി കോടതിയിലേക്കോടുകയായിരുന്നു അദ്ദേഹം.
സഊദി നിയമവ്യവസ്ഥയില്‍ വ്യക്തമായ ബോധ്യമുള്ളതിനാല്‍ പൊതുസമൂഹത്തില്‍ നിന്നു പിരിവെടുത്ത് അറുപതിനായിരം റിയാല്‍ കോടതിയില്‍ കെട്ടിവച്ച് ഒരു പൊതുപ്രവര്‍ത്തകനു ജാമ്യം നേടുകയെന്നത് നീതീകരിക്കാനാവില്ല. കാരണം, ശിക്ഷയുടെ കാലാവധി കഴിഞ്ഞും കോടതയില്‍ കെട്ടിവയ്ക്കാന്‍ പണമില്ലാതെ പല കേസുകളിലും പിടിക്കപ്പെട്ട ആളുകളെ മോചിപ്പിക്കുകയാണല്ലോ ഒരു മനുഷ്യവകാശ പ്രവര്‍ത്തകന്റെ കടമ. നീതി പുലരുമെന്നും തന്റെ നിരപരാധിത്തം തെളിയുമെന്നുമുള്ള ആത്മവിശ്വാസത്തിലാണിപ്പോഴും അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."