മഴക്കെടുതി രൂക്ഷം; മുന്നൊരുക്കങ്ങള്‍ പാളി തീരമേഖല വറുതിയിലേക്ക്
കൊച്ചി: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ ജനജീവിതം ദുസഹമായി. മഴയെ പ്രതിരോധിക്കാനും കെടുതികളുടെ ആക്കം കുറയ്ക്കാനും ജില്ലാ ഭരണക്കൂടം എടുത്ത പല നടപടികളും പാളി. മണ്‍സൂണ്‍ ട്രോളിങ് ആരംഭിക്കുന്നതോടെ ജില്ലയുടെ തീരമേഖല കടുത്ത വറുതിയിലേക്ക് നീങ്ങുമെന്നാണ് സൂചന.
കഴിഞ്ഞ നാലുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴ ജില്ലയെ വെളളക്കെട്ടാക്കിയിട്ടുണ്ട്.താഴ്ന്ന പ്രദേശങ്ങളില്‍ മിക്കവയും വെള്ളത്തിനടിയിലായി. പ്രധാന പാതകള്‍വരെ ചെറിയ മഴയിലും വെള്ളക്കെട്ടിലാകുന്നത് ആശങ്ക പരത്തിയിട്ടുണ്ട്. ഇതിനിടെ മാലിന്യനീക്കം നിലച്ചതോടെ മഴവെളളവും മാലിന്യവും ചേര്‍ന്ന ജലം നടപ്പാതകളിലേക്ക് ഒഴുകിയെത്തുകയാണ്.ജില്ലയില്‍ കനത്ത മഴയിലും കാറ്റിലും പെട്ട് പതിനാലോളം വീടുകള്‍ തകര്‍ന്നു. നൂറോളം വീടുകള്‍ വെളളക്കെട്ടിലുമായി. പറവൂരിലും വൈപ്പിനിലുമാണ് ദുരിതം ഏറെയും.
തൃപ്പൂണിത്തുറയിലും ഇടക്കൊച്ചിയിലും മഴ കനത്ത് നഷ്ടമാണ് വരുത്തിയിട്ടുളളത്. വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കനത്ത വെയിലിലും വെളളം കയറുന്ന വൈപ്പിനിലെ അവസ്ഥയാണ് പരിതാപകരം. മഴയൊന്നു പെയ്താല്‍ വെളളക്കെട്ടാകുന്ന വൈപ്പിനില്‍ വെയിലിലും വെള്ളക്കെട്ടിന് ശമനമില്ല. കനത്ത വേലിയേറ്റത്തില്‍ നുരഞ്ഞുപൊങ്ങുന്ന വെളളം വൈപ്പിനിലെ ജനജീവിതം ദുരിതത്തിലാക്കുന്നതാണ് പതിവ്.ട്രോളിംഗ് നിരോധനം തീരമേഖലയില്‍ കഴിയുന്നവരെ പട്ടിണിയിലാക്കും. തൊഴിലില്ലായ്മ രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് അധികൃതര്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ ഫലപ്രദമല്ലെന്ന ആക്ഷേപമാണുയരുന്നത്.
മഴ കനത്തതോടെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന പനിയും വില്ലനാകുന്നുണ്ട്. ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ പാവപ്പെട്ട രോഗികള്‍ ചികിത്സക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതിക്കേടിലാണ്.
മഴ ഉള്‍നാടന്‍ മല്‍സ്യ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്.മഴയെ തുടര്‍ന്ന ഈ മേഖലയില്‍ മല്‍സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ ദുരിതത്തിലായി. നാളെ ട്രോളിംഗ് ആരംഭിക്കാനിരിക്കെ മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍ക്ക് എത്തിക്കേണ്ട ഭക്ഷ്യ സാധനങ്ങളുടെ വിതരണം എങ്ങുമെത്തിയില്ല. സൗജന്യ റേഷന്‍ വിതരണവും താളം തെറ്റി.
മഴവെളളം ഇരച്ചു കയറി പല വീടുകളിലും ഇപ്പോഴും കുടുംബങ്ങളും കഴിയുകയാണ്. ഇവരെ മാറ്റി പാര്‍പ്പിക്കാന്‍ ഇനിയും സംവിധാനമായില്ല. എടവനക്കാടും ഇടക്കൊച്ചിയിലും പറവൂരിന്റെ വിവിധ പ്രദേശങ്ങളിലും ഇപ്പോഴും വെളളം കയറിയ വീടുകളില്‍ ആളുകള്‍ ഒഴിഞ്ഞുപോകാതെ കഴിയുകയാണ്. ഇവര്‍ക്കായി അധികൃതര്‍ ഒരുക്കിയ സംവിധാനങ്ങള്‍ അപര്യാപ്തമായതിനാലാണ് മാറ്റി പാര്‍പ്പിക്കല്‍ പാതിവഴിയിലായത്. ഇതിനിടെ പറവൂരിലും മട്ടാഞ്ചേരിയിലും കനത്ത കാറ്റില്‍ മരം വീണ് തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതില്‍ അധികൃതര്‍ അമാന്തം കാട്ടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."