ദേശീയപാത വികസനം: കുപ്പം എം.എം.യു.പി സ്‌കൂളിന് മരണമണി
തളിപ്പറമ്പ്: ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിലൂടെ 84 വര്‍ഷം പഴക്കമുള്ള കുപ്പം എം.എം യു.പി സ്‌കൂള്‍ ഇല്ലാതാകും.
തളിപ്പറമ്പ് പരിയാരം ദേശീയപാതയില്‍ കുപ്പം പാലത്തിനു സമീപമാണ് എം.എം.യു.പി സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. വിദ്യാഭാസത്തിന്റെ കാര്യത്തിലും പഠനത്തിന് എത്തിച്ചേരുന്ന കുട്ടികളുടെ എണ്ണത്തിലും അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലും പുരോഗതിയുടെ പാതയിലാണ് എം.എം യു.പി സ്‌കൂള്‍. എന്നാല്‍ സ്‌കൂള്‍ അധികാരികളിലും നാട്ടുകാരിലും ഏറെ നിരാശയുണ്ടാക്കിയാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അവസാന വിജ്ഞാപനം പുറത്തു വന്നത്.
2011ല്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് സ്‌കൂളിന്റെ പിറകുവശത്ത് നീളത്തില്‍ ഒരു സെന്റ് സ്ഥലം മാത്രാണ് നഷ്ടപ്പെടുക. ഇത് ഒരു നഷ്ടമായി കാണാതെ ആശ്വസിച്ചിരിക്കുമ്പോഴാണ് 2018 ജനുവരിയില്‍ പുതിയ വിജ്ഞാപനം വന്നത്. ഇതനുസരിച്ച് 17 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ പിറകുവശത്തെ കോണ്‍ക്രീറ്റ് തൂണുകള്‍ മുഴുവന്‍ പൊളിച്ചു നീക്കേണ്ടിവരും. ഫലത്തില്‍ കെട്ടിടം മുഴുവനായി പൊളിച്ചുനീക്കേണ്ടി വരുമെന്ന അവസ്ഥയില്‍ സ്‌കൂള്‍ അധികാരികള്‍ റവന്യൂ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ ആദ്യ അലൈമെന്റ് അനുസരിച്ചു മാത്രമേ സ്ഥലം ഏറ്റെടുക്കൂ എന്ന മറുപടിയായിരുന്നു ലഭിച്ചിരുന്നത്.
അവസാനമായി 2018 നവംബറില്‍ ഇറക്കിയ വിജ്ഞാപനമനുസരിച്ച് ആറു മീറ്റര്‍ സ്ഥലം നീളത്തില്‍ നഷ്ടമാകുമെന്ന സ്ഥിതിയാണെന്ന് സ്‌കൂള്‍ അധികാരികള്‍ പറയുന്നു. ഇതനുസരിച്ച് ആകെയുള്ള 37 സെന്റില്‍ നാലു സെന്റ് മാത്രം അവശേഷിക്കുകയുള്ളു. എന്നാല്‍ റവന്യൂ അധികാരികള്‍ ആദ്യ അലൈമെന്റ് അനുസരിച്ചു മാത്രമേ സ്ഥലം ഏറ്റെടുക്കൂ എന്ന മറുപടി തന്നെയാണ് ഇപ്പോഴും നല്‍കുന്നത്.
പുതിയ അലൈമെന്റ് അനുസരിച്ച് ജില്ലയില്‍ പൂര്‍ണമായും ഇല്ലാതാകുന്ന ഏക സ്‌കൂളായ കുപ്പം എം.എം.യു.പി സ്‌കൂളിനെ സംരക്ഷിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ഉടമസ്ഥരായ കുപ്പം മഹല്ല് കമ്മിറ്റി ജനറല്‍ബോഡി യോഗം ഇന്നലെ ചേര്‍ന്നു. വികസനത്തിന് തങ്ങള്‍ ഏതിരല്ലെന്നും നഷ്ടം കുറക്കാനുള്ള മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നുമുള്ള ആവശ്യമാണ് യോഗത്തില്‍ ഉയര്‍ന്നത്.
590 കുട്ടികളാണ് കുപ്പം എം.എം.യു.പി സ്‌കൂളില്‍ പഠിക്കുന്നത്. 30 അധ്യാപകരുമുണ്ട്. കുട്ടികളുടെയും അധ്യാപകരുടെയും ഭാവി കണക്കിലെടുത്ത് സ്‌കൂള്‍ നിലനിര്‍ത്തേണ്ടത് മഹല്ല് കമ്മിറ്റിയുടെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. ഇതിനു വേണ്ടി സ്ഥലം ഏറ്റെടുക്കാനും കെട്ടിടം പണിയാനുമുള്ള സാമ്പത്തിക ബാധ്യത ഏറെയാണ്.
ഈ പ്രദേശത്തു തന്നെ സ്‌കൂളിന് അനുയോജ്യമായ ഒരു ഏക്കര്‍ സ്ഥലം ഏറ്റെടുത്തു നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കുപ്പം മഹല്ല് ഖത്തീബ് അമീര്‍ അസ്അദി അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ ടി.പി മുഹമ്മദ്, എന്‍.യു റഷീദ്, അബ്ദു ഹാജി, കെ. മുഹമ്മദ്കുഞ്ഞി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."