നടപടിയെ തുടര്‍ന്ന് ഭരണസമിതി ആസ്ഥാനത്ത് സംഘര്‍ഷം
തൃശൂര്‍: ഇന്ത്യന്‍ കോഫീ ഹൗസ് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ നടപടിയെ തുടര്‍ന്ന് ഭരണസമിതി ആസ്ഥാനത്ത് സംഘര്‍ഷം. നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ ഉത്തരവുമായി ജില്ലാ വ്യവസായ കേന്ദ്രം സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ മടങ്ങി.
ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയതായുള്ള വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുടെ ഉത്തരവുമായി ഇന്നലെ ഉച്ചയോടെയാണ് സീനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ ബിന്ദു എത്തിയത്. ശക്തന് സ്റ്റാന്റിന് സമീപത്തെ ഇന്ത്യന്‍ കോഫീ ബോര്‍ഡ് വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കാണ് ഇവര്‍ വന്നത്.
എന്നാല്‍ കോഫീ ഹൗസ് ജീവനക്കാരുടെ സംഘടനയായ സഹകരണ വേദി പ്രവര്‍ത്തകര്‍ ഇന്‍സ്പെക്ടറെ നടപടികള്‍ സ്വീകരിക്കാന്‍ അനുവദിച്ചില്ല. നടപടികള്‍ പൂര്‍ത്തിയാക്കാതെയാണ് ഭരണസമിതി പിരിച്ചുവിട്ടതെന്നും ഇത് അംഗീകരിക്കില്ലെന്നും സഹകരണ വേദി സെക്രട്ടറി സി.ഡി സുരേഷ് പറഞ്ഞു.
ജില്ലയിലെ പതിനഞ്ചോളം ഇന്ത്യന്‍ കോഫീ ഹൗസുകളിലെ ജീവനക്കാര്‍ പണിമുടക്കി സൊസൈറ്റി ആസ്ഥാനത്തെത്തിയിരുന്നു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ഡേവിസ് പ്രശ്നത്തിലിടപെടാന്‍ എത്തിയത് കൂടുതല്‍ സംഘര്‍ഷത്തിലേക്കെത്തിച്ചു.
ഡേവിസ് അടക്കമുള്ളവരെ തൊഴിലാളികള്‍ തള്ളിപ്പുറത്താക്കുകയായിരുന്നു. പൊലിസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തി കൊണ്ടു പോയത്. സഹകരണ വേദിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി വരുന്ന ജൂണ്‍ മാസത്തിലാണ് മൂന്നുവര്‍ഷത്തെ ഭരണ കാലാവധി പൂര്‍ത്തിയാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."