ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ അപേക്ഷ മുഖ്യമന്ത്രി തള്ളി; മൂന്ന് മാസത്തേക്ക് കൂടി സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാനും തീരുമാനം
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ.എ.എസ് ഒഫിസര്‍ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കണമെന്നുള്ള ശുപാര്‍ശ മുഖ്യമന്ത്രി തള്ളി. സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസഫ് അധ്യക്ഷനായ സമതി സമര്‍പിച്ച ശുപാര്‍ശയാണ് തള്ളിയത്.
നാളെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന് മസത്തേക്ക് സസ്‌പെന്‍ഷന്‍ നീട്ടുകയും ചെയ്തിട്ടുണ്ട്. സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് ഇയാളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ശുപാര്‍ശ നല്‍കിയത്. കേസില്‍ അടുത്ത ദിവസങ്ങളിലായി അന്വേഷണ സംഘം കുറ്റപത്രം സമര്‍പിക്കുമെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടും മൂന്ന് ദിവസത്തിനുള്ളില്‍ വരാനിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനാണ് തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപത്ത് വച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്. ശ്രീറാം വെങ്കിട്ട രാമന്‍ ഓടിച്ചിരുന്ന കാര്‍ ബഷീറിന്റെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. അന്ന് സര്‍വേ ഡയരക്ടറായിരുന്ന വെങ്കിട്ടരാമനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
ഈ കേസില്‍ പൊലിസ് ഇതുവരേ കുറ്റപത്രം സമര്‍പ്പിക്കാഞ്ഞതും ഇയാളെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്നുള്ള ശുപാര്‍ശക്ക് ബലമേകി എന്നാണ് കണക്കാക്കുന്നത്. അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചത് സുഹൃത്ത് വഫ ഫിറോസാണെന്നാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതിക്ക് മുന്‍പാകെ വെങ്കിട്ടരാമന്‍ പറഞ്ഞത്. മദ്യപിച്ചിരുന്നുവെന്ന വാദം നിഷേധിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."