തൊഴില്‍ മേഖലയുടെ പുതിയ പദ്ധതികള്‍; സഊദി സ്വദേശിവത്ക്കരണ തോത് വീണ്ടും വർദ്ധിക്കും
ജിദ്ദ: സഊദിയില്‍ തൊഴില്‍ മേഖലയുടെ വികസനത്തിനായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു. സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിന് സഹായകരമാകുന്നതാണ് പുതിയ പദ്ധതികള്‍. സ്വകാര്യമേഖലയെ ഉത്തേജിപ്പിക്കാന്‍ പദ്ധതികള്‍ സഹായിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയിൽ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇരുപതു പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
സഊദികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും സഊദിവൽക്കരണത്തിലും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും സ്വകാര്യ സ്ഥാപനങ്ങൾ തമ്മിൽ മത്സരം ഉയർത്തുന്നതിനും സഹായകമാകും വിധമാണ് പദ്ധതി നടപ്പാക്കുക.
സ്ഥാപനങ്ങള്‍ക്ക് പുതിയ സൗകര്യങ്ങള്‍ക്കനുസരിച്ചുള്ള വിസകള്‍ അനുവദിക്കുന്നതുള്‍പ്പെടെ റിക്രൂട്ട്‌മെന്റ് നയങ്ങളും സംവിധാനങ്ങളും വികസിപ്പിക്കും. കൂടാതെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള പോര്‍ട്ടലുകള്‍ വികസിപ്പിക്കുക, സീസണല്‍ വിസകള്‍ അനുവദിക്കുക, തൊഴിലന്വോഷകര്‍ക്കും സ്വദേശി തൊഴിലാളികള്‍ക്കും തൊഴില്‍ പരിശീലനവും തൊഴില്‍ നൈപുണ്യ വികസന പദ്ധതികളും നടപ്പിലാക്കുക, തൊഴിലാളികള്‍ക്ക് കരിയര്‍ കൗണ്‍സിലിംഗ് നല്‍കുക തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. സ്വകാര്യ മേഖലയിലും തൊഴിലന്വേഷകരിലും നടത്തിയ വര്‍ക് ഷോപ്പുകളിലൂടേയും, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായും, കമ്മറ്റികളുമായും നടത്തിയ മീറ്റിംഗുകളിലൂടേയുമാണ് പുതിയ പദ്ധതി തയ്യാറാക്കിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇതിനു പുറമെ
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കിടയിൽ താൽക്കാലിക തൊഴിലാളി കൈമാറ്റം ക്രമീകരിക്കുന്ന സേവനം അടുത്തിടെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കിടയിൽ താൽക്കാലിക തൊഴിലാളി കൈമാറ്റം ക്രമീകരിക്കുന്ന നവീകരിച്ച അജീർ പദ്ധതി വഴിയാണ് ആരോഗ്യ സ്ഥാപനങ്ങൾക്കിടയിൽ തൊഴിലാളി കൈമാറ്റം അനുവദിച്ചിരിക്കുന്നത്. സൗദി തൊഴിൽ നിയമത്തെ കുറിച്ച അവബോധം ഉയർത്തുന്നതിന് ലക്ഷ്യമിട്ട് മാനവശേഷി വികസന നിധിയുമായുള്ള പങ്കാളിത്തത്തോടെ പരിശീലനം നൽകുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി ദേശീയ സാമ്പത്തിക വികസനത്തിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുന്നതിന് നേരത്തെ പ്രഖ്യാപിച്ച പദ്ധതികളുടെ തുടർച്ചയാണ് പുതിയ പദ്ധതികൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."