കടലാസ്സിലും തൂണിലുമൊതുങ്ങി തുമ്പൂര്‍മുഴി മാതൃകാ സംസ്‌കരണകേന്ദ്രം
പുത്തൂര്‍ : നൂറടി റോഡില്‍ തുടങ്ങാനിരുന്ന തുമ്പൂര്‍മുഴി മാതൃകയിലുള്ള മാലിന്യസംസ്‌കരണകേന്ദ്രം ഇപ്പോഴും തൂണിലൊതുങ്ങിത്തന്നെ. മാലിന്യസംസ്‌കരണകേന്ദ്രം തുടങ്ങാന്‍ നഗരസഭാധികൃതര്‍ തയ്യാറായിരുന്നെങ്കിലും പൊതുമരാമത്ത് അധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഇത് ആരംഭിക്കാന്‍ സാധിക്കാതിരിക്കയാണ്.
നൂറടിറോഡിലെ മാലിന്യസ്വീകരണകേന്ദ്രം തുമ്പൂര്‍മുഴി മാതൃകയിലേക്ക് മാറ്റാനായിരുന്നു നഗരസഭയുടെ പദ്ധതി. മാലിന്യം സ്വീകരിക്കാന്‍ പാകത്തിന് സ്വീകരണകേന്ദ്രം പോലും നൂറടിറോഡില്‍ ഇല്ലെന്നതാണ് സ്ഥിതി. മാലിന്യസംസ്‌കരണകേന്ദ്രം തുടങ്ങാനിരിക്കുന്ന സ്ഥലം പൊതുമരാമത്ത് വകുപ്പ് റോഡുവിഭാഗത്തിന്റെ കീഴിലുള്ള സ്ഥലമായതിനാല്‍ ഇവരുടെ അനുമതിയില്ലാതെ കേന്ദ്രം തുടങ്ങാന്‍ സാധിക്കില്ല. ഇതുസംബന്ധിച്ച് മന്ത്രി തോമസ് ഐസക്കിന് നിവേദനം നല്‍കിയിരുന്നു. വേണ്ട നടപടിയെടുക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മാലിന്യസ്വീകരണകേന്ദ്രം കടലാസിലും തൂണുകളിലും ഒതുങ്ങിയ നിലയിലാണ്. പി.ഡബ്ല്യു.ഡി.യില്‍ നിന്ന് അനുമതി നല്‍കാന്‍ സാധിക്കില്ലെന്നാണ് മറുപടിവന്നതെന്നും നിലവില്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് നഗരസഭാധികൃതരുടെ മറുപടി.
നൂറടി റോഡില്‍ തുടങ്ങാനിരിക്കുന്ന മാലിന്യസംസ്‌കരണകേന്ദ്രത്തിന്റെ മാതൃകയില്‍ അറവുശാല, വെണ്ണക്കര, ശേഖരീപുരം, ബി.ഒ.സി റോഡ് എന്നിവിടങ്ങളില്‍ തുമ്പൂര്‍ മുഴി മാതൃകയിലുള്ള മാലിന്യസംസ്‌കരണകേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സി. കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. വഴിയരികില്‍ മാലിന്യം തള്ളുന്നവര്‍ നിയമം തെറ്റിക്കുന്നില്ലെന്നത് പുത്തൂര്‍ നൂറടി റോഡില്‍ മാലിന്യം തള്ളിയിരിക്കുന്നതു കണ്ടാല്‍ അറിയാം. നിയമങ്ങളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കുന്നവരാണ് ഈ പ്രദേശത്തിന് മാലിന്യം തള്ളുന്നത്. നൂറടിറോഡിലെ തുമ്പൂര്‍മുഴി മാതൃകയില്‍ മാലിന്യസംസ്‌കരണകേന്ദ്രം ആരംഭിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്ത് നഗരസഭാധികൃതര്‍ മാലിന്യം നിക്ഷേപിക്കരുതെന്നും പ്രദേശം നിരീക്ഷണത്തിലാണെന്നും പറഞ്ഞ് ബോര്‍ഡുവെച്ചിട്ടുണ്ട്. ബോര്‍ഡ് സ്ഥാപിച്ചതിനു കീഴില്‍ മാലിന്യം തള്ളിയത് നീക്കിയിട്ടുണ്ട്. ബോര്‍ഡുകണ്ട് നിയമം അനുസരിച്ചവര്‍ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ റോഡിന്റെ മറുവശത്തായി പ്ലാസ്റ്റിക് സഞ്ചികളടക്കമുള്ള മാലിന്യം തള്ളിയിട്ടുണ്ട്. മാലിന്യം വഴിയരികില്‍ തള്ളുന്നത് നിര്‍ത്താന്‍ ജനങ്ങള്‍ തന്നെ വിചാരിക്കണമെന്നും ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നുമാണ് നഗരസഭയുടെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."