'ഷഹീന്‍ബാഗിനെ ജാലിയന്‍ വാലാബാഗാക്കും, കളി അവസാനിച്ചു....'-മുസ്‌ലിം വിദ്വേഷം നിറഞ്ഞ് ജാമിഅ അക്രമിയുടെ ഫേസ്ബുക്ക് പേജ്
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടനുസരിച്ച് 17 വയസ്സാണ് കഴിഞ്ഞ ദിവസം ജാമിഅ മില്ലിയ്യയില്‍ പക്ഷോഭകര്‍ക്കു നേരെ വെടിവെപ്പു നടത്തിയ ആള്‍ക്ക്. 19കാരനെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതായാലും അങ്ങേഅറ്റത്തെ മുസ്‌ലിം വിരുദ്ധതയാണ് ഈ ചെറുപ്പക്കാരന്റെ മനസ്സില്‍. തോക്കുകളാണ് ഇയാള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്.
ഫേസബുക്കിലെ ഇയാളുടെ പോസ്റ്റുകള്‍ മുഴുവന്‍ വിദ്വേഷം വമിക്കുന്നതാണ്. ഷഹീന്‍ ബാഗിലെ അക്രമം ഇയാള്‍ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും പോസ്റ്റുകളില്‍ നിന്ന വ്യക്തമാവുന്നു. ഷഹീന്‍ ബാഗിലെത്തിയ ശേഷം ലൈവ് വീഡിയോയും ഇയാള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ബജറംഗ്ദള്‍ പ്രവര്‍ത്തകനാണ് രാംഭക്ത് ഗോപാല്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന പ്രതി. രണ്ട് പേജുകളാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ജാമിഅ സംഭവത്തെ തുടര്‍ന്ന് രണ്ട് പേജുകളും അധികൃതര്‍ ഡിആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.
ഒരു അക്രമത്തിന് മുമ്പായി ലൈവ് വീഡിയോ ഇടുന്ന സംഭവം ഇന്ത്യയില്‍ ആദ്യമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ഫോണ്‍ കാമറയില്‍ നോക്കി പ്രതിഷേധക്കാര്‍ക്കിടയിലെക്ക് നടക്കുന്നതാണ് വീഡിയോ.
യു.പിയില്‍ അഫ്ഗാന്‍ വിദ്യാര്‍ത്ഥികളെ അക്രമിക്കാന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തതിന്റെ പേരില്‍ നടപടി നേരിട്ട ദീപക് ശര്‍മയോടൊത്തുള്ളചിത്രമാണ് ഇയാളുടെ പ്രൊഫൈല്‍ പിക്ചര്‍.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട പോസ്്റ്റുകളാണ് അടുത്തിടെയായി ഉള്ളതെല്ലാം. ഷഹീന്‍ ബാഗിനെ ജാലിയന്‍ ബാഗാക്കി മാറ്റുമെന്ന് ഇയാള്‍ വെല്ലുവിളിക്കുന്നുണ്ട്. അക്രമം നടത്തുന്നതിന്റെ മിനുട്ടുകള്‍ക്കു മുമ്പും ഇയാള്‍ പോസ്റ്റിട്ടിട്ടുണ്ട്. ഇവിടെ ഒറ്റ ഹിന്ദു മാധ്യമങ്ങളും ഇല്ല. ഞാന്‍ മാത്രമാണ് ഇവിടെയുള്ള ഒരേഒരു ഹിന്ദു എന്നൊക്കെ മുഷ്ടി ചുരുട്ടിയ ഇമോജിക്കൊപ്പം ഇയാള്‍ ഷെയര്‍ ചെയ്യുന്നു. നിങ്ങള്‍ക്ക്് ഞാന്‍ സ്വാതന്ത്ര്യം നല്‍കാം. തന്റെ അന്ത്യയാത്രയില്‍ കാവി പുതപ്പിക്കണമെന്നും ജയ് ശ്രീറാം മുഴക്കണമെന്നും ഇയാള്‍ മറ്റൊരു പോസ്റ്റില്‍ പറയുന്നു. തന്റെ കുടുംബത്തെ സംരക്ഷിക്കണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്. ജനുവരി 31 വരെ താന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ശ്രദ്ധ മാറ്റരുതെന്ന് ജനുവരി 28നുള്ള ഒരു പോസ്റ്റില്‍ ഇയാള്‍ സുഹൃത്തുക്കളോട് ആവശ്യപ്പെടുന്നുണ്ട്.
ദീപിക പദുക്കോണിന് എതിരേയും ഇയാള്‍ ഭീഷണി മുഴക്കുന്നുണ്ട്. അടിക്കുമെന്നും നിങ്ങള്‍ക്ക് ഭക്തരെ അറിയില്ലെന്നും ദീപികയെ ഭീഷണിപ്പെടുത്തുന്നു. സിനിമ പരാജയപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. നിങ്ങള്‍ ഇതുവരെ പുല്‍വാമയില്‍ മരിച്ച സൈനികരുടെ വീട് സന്ദര്‍ശിച്ചെന്നോ എന്ന് ഐഷഘോഷിനൊപ്പമുള്ള ദീപികയുടെ ചിത്രം ഷെയര്‍ ചെയ്ത് ഇയാള്‍ ചോദിക്കുന്നു.
ജാമിഅ അക്രമത്തിന് ശേഷം അഭിനന്ദിച്ചു കൊണ്ടുള്ള മറുപടികളായിരുന്നു ഇയാളുടെ അക്കൗണ്ടുകള്‍ക്കു കീഴില്‍.
ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ സര്‍വകലാശാലയ്ക്ക് സമീപമാണ് കഴിഞ്ഞ ദിവസം പൗരത്വനിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. പൊലിസ് കയ്യുംകെട്ടി നോക്കി നില്‍ക്കേ ആയിരുന്നു അക്രമിയുടെ അഴിഞ്ഞാട്ടം. വെടിവയ്പില്‍ ഷദാബ് ഫാറൂഖ് എന്ന കശ്മീരി വിദ്യാര്‍ഥിക്ക് പരുക്കേറ്റു. ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം(യെ ലോ ആസാദി) എന്ന് പറഞ്ഞായിരുന്നു വെടിവയ്പ്. വെടിവയ്പിന്റെ വിഡിയോ എ.എന്‍.ഐ പുറത്തുവിട്ടിരുന്നു.
ആയിരങ്ങളാണ് രാജ്ഘട്ടിലേക്കുള്ള മാര്‍ച്ചില്‍ അണിനിരന്നിരുന്നത്. വെടിവയ്പ് സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കുറ്റവാളിയെ വെറുതെവിടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."