HOME
DETAILS
MAL
രാജ്യത്തെ ഏറ്റവും വലിയ കൂട്ടവിരമിക്കല്‍ ഇന്ന്; ജീവനക്കാരില്ലാതെ ബി.എസ്.എന്‍.എല്‍ നട്ടംതിരിയും
backup
January 31 2020 | 04:01 AM
കൊച്ചി: ഒരു കമ്പനിയില്‍നിന്നുള്ള ഏറ്റവും വലിയ കൂട്ടവിരമിക്കലിനാണ് രാജ്യമിന്ന് സാക്ഷ്യം വഹിക്കുക. സര്‍ക്കാര്‍ മേഖലയിലെ ടെലിഫോണ്‍ കമ്പനിയായ ബി.എസ്.എന്‍.എല്ലില്‍നിന്ന് ഇന്നു പടിയിറങ്ങുന്നത് 78,559 പേരാണ്.
സ്വകാര്യവത്കരണം മുന്‍നിര്‍ത്തി സര്‍ക്കാര്‍ മേഖലയിലെ കമ്പനികളില്‍ നിര്‍ബന്ധിത വിരമിക്കല്‍ നടപ്പാകുമ്പോള്‍ ഉപഭോക്തൃസേവനം എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ സര്‍ക്കാരിന് ഇനിയും വിശദീകരിക്കാനായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിലെ നിര്‍ദേശങ്ങളിലൊന്നാണ് ഒരു മാസം ശമ്പളക്കുടിശ്ശികയോടെ സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ നടപ്പാക്കുന്നത്.
1.63 ലക്ഷം ജീവനക്കാരില്‍ പകുതിയോളം വിരമിക്കുന്നു എന്നു പറയുമ്പോള്‍തന്നെ കമ്പനിയെ അതെത്രമാത്രം ബാധിക്കുമെന്ന് മനസിലാക്കാവുന്നതേയുള്ളൂ എന്ന് ബി.എസ്.എന്‍.എല്‍ മീഡിയ റിലേഷന്‍സ് ഓഫിസര്‍ റോയ് മണപ്പള്ളില്‍ പറഞ്ഞു.
എക്‌സ്‌ചേഞ്ചുകളുടെ ഉള്‍പ്പെടെയുള്ള ജോലികള്‍ക്ക് പുറംകരാര്‍ കൊടുക്കാനാണ് തീരുമാനമെങ്കിലും ഇക്കാര്യത്തില്‍ കാര്യമായ നടപടികളുണ്ടായിട്ടില്ല. ജീവനക്കാരെ പുനര്‍വിന്യസിച്ച് കാര്യങ്ങള്‍ നേരെയാക്കാമെന്ന വ്യാമോഹത്തിലാണ് ബി.എസ്.എന്‍.എല്‍.
കേരളത്തില്‍ 9314 ജീവനക്കാരാണ് ആകെയുണ്ടായിരുന്നത്. ഇതില്‍ 4589 പേരും ഇന്ന് വിരമിക്കുകയാണ്. എറണാകുളം ജില്ലയില്‍ ആകെയുള്ള 1800 പേരില്‍ 1025 പേരും ഇന്ന് പടിയിറങ്ങും. ഡെപ്യൂട്ടി ജനറല്‍ മാനേജരുടെ തസ്തികയിലുള്ള 66ല്‍ 57 പേരും വിരമിക്കും. ഫിനാന്‍സ് ഡി.ജി.എമ്മില്‍ ഒന്നൊഴികെ എല്ലാവരും വിരമിക്കും.
സംസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ ഇല്ലായ്മ അനുഭവിക്കാന്‍ പോകുന്നത് മുപ്പതിനായിരം എക്‌സ്‌ചേഞ്ചുകളിലായിരിക്കും.
വിരമിക്കുന്നവരെ കരാര്‍ ജോലിക്കാരാക്കുക, കേബിള്‍ ഓപ്പറേഷന്‍, ബില്ലിങ്, കസ്റ്റമര്‍ സര്‍വിസ്, കേബിള്‍ വലിക്കല്‍ ഇവയെല്ലാം ടെന്‍ഡല്‍ വിളിച്ച് കരാര്‍ നല്‍കുക എന്നിങ്ങനെയാണ് സര്‍ക്കാര്‍ പദ്ധതി.
എന്നാല്‍ വിരമിക്കല്‍ ഇന്ന് നടക്കാനിരിക്കേ ഇക്കാര്യത്തില്‍ ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ല. ഇത് ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കും.
ഇതിനിടെ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഒഴിവുവരുന്ന തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ ക്ഷണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."