HOME
DETAILS
MAL
കുട്ടനാട്ടില്‍ കണ്ണെറിഞ്ഞ് ഐ ഗ്രൂപ്പ്; കോണ്‍ഗ്രസിന് സീറ്റ് വിട്ടുനല്‍കാന്‍ നീക്കവുമായി ജോസ് കെ. മാണി വിഭാഗവും
backup
January 31 2020 | 04:01 AM
കോട്ടയം: തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ കുട്ടനാട് സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ ജോസ്, ജോസഫ് തര്‍ക്കം ഉടലെടുത്തതോടെ സീറ്റില്‍ കണ്ണെറിഞ്ഞു ഐ ഗ്രൂപ്പ്. കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പക്കലുള്ള കുട്ടനാട് സീറ്റ് കോണ്‍ഗ്രസിനെ കൊണ്ടു ഏറ്റെടുപ്പിച്ചു പി.ജെ ജോസഫിനെ തടയിടാനുള്ള നീക്കവുമായി പാര്‍ട്ടിയിലെ ജോസ് കെ മാണി വിഭാഗം അണിയറ നീക്കം ആരംഭിച്ചതോടെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും സീറ്റില്‍ പ്രതീക്ഷയേറുന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയിലെ ജോസഫിന്റെ മേധാവിത്വത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ജോസ് കെ. മാണി വിഭാഗം കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് നല്‍കാന്‍ നീക്കം നടത്തുന്നത്. സീറ്റിനായുള്ള കേരള കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമാക്കി കോണ്‍ഗ്രസിനെ കൊണ്ടു എങ്ങനെയും സീറ്റ് ഏറ്റെടുപ്പിക്കുക എന്നതാണ് ജോസ് വിഭാഗത്തിന്റെ ലക്ഷ്യം. സീറ്റ് ചര്‍ച്ചയിലേക്ക് യു.ഡി.എഫ് കടക്കുന്നതിനു മുന്‍പു തന്നെ കേരളാ കോണ്‍ഗ്രസിലെ ജോസ്, ജോസഫ് തര്‍ക്കം പാലക്ക് പിന്നാലെ കുട്ടനാട്ടിലും മുന്നണിക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ്.
യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസിലെ ഏതുപക്ഷം വന്നാലും മറുവിഭാഗം വിമതനെ രംഗത്തിറക്കിയേക്കും. ഇതുകൂടി മുന്നില്‍ കണ്ടാണ് കേരള കോണ്‍ഗ്രസിന് പകരം സീറ്റ് എന്ന ആവശ്യം മുന്നോട്ടുവച്ചു കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് നല്‍കാനുള്ള നീക്കം ജോസ് വിഭാഗം നടത്തുന്നത്. കേരള കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായതിനാല്‍ കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നിലപാടാണ് ഐ ഗ്രൂപ്പിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമുള്ളത്. ഇക്കാര്യത്തില്‍ എ ഗ്രൂപ്പ് ഇതുവരെ മനസു തുറന്നിട്ടില്ല. പാലായില്‍ തമ്മിലടിച്ചു ഉറപ്പുള്ള സീറ്റ് നഷ്ടപ്പെടുത്തിയതു പോലൊരു സംഭവം ഇനി ആവര്‍ത്തിക്കരുതെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. കേരള കോണ്‍ഗ്രസിന് പഴയ ശക്തിയില്ലെന്നും കോണ്‍ഗ്രസ് മത്സരിച്ചാല്‍ കുട്ടനാട് സീറ്റു തിരിച്ചു പിടിക്കാമെന്ന അഭിപ്രായവും കോണ്‍ഗ്രസിനുണ്ട്. ജേക്കബ് എബ്രഹാമിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു പി.ജെ ജോസഫ് വിഭാഗം തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതോടെയാണ് ജോസ് വിഭാഗം മറുതന്ത്രവുമായി രംഗത്തിറങ്ങിയത്. കുട്ടനാട് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദം ഉയര്‍ത്തുമ്പോള്‍ തന്നെ ജോസ് വിഭാഗം കോണ്‍ഗ്രസിനെ കൊണ്ടു സീറ്റ് ഏറ്റെടുപ്പിക്കാനുള്ള തന്ത്രവും പയറ്റുകയാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പകരം സീറ്റു നല്‍കാമെന്ന വാഗ്ദാനം നല്‍കി കുട്ടനാട് ഏറ്റെടുക്കുക എന്നതാണ് ഐ ഗ്രൂപ്പും ലക്ഷ്യമിടുന്നത്. ഘടകക്ഷികളുടെ സീറ്റ് ഏറ്റെടുക്കുന്നതിനോട് അനുകൂല സമീപനമല്ല എ ഗ്രൂപ്പിനുള്ളത്. എന്നാല്‍, കേരള കോണ്‍ഗ്രസിലെ തമ്മിലടി രൂക്ഷമായ സാഹചര്യത്തില്‍ സീറ്റ് ഏറ്റെടുക്കുന്നതിനെ എ ഗ്രൂപ്പ് അനുകൂലികൂലിച്ചേക്കും. കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്ന സാഹചര്യത്തോട് പി.ജെ ജോസഫിന്റെ പ്രതികരണം ഏതു തരത്തിലാവുമെന്നത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാമിനെ വിജയിപ്പിച്ചു നിയമസഭാ പാര്‍ലമെന്ററി പാര്‍ട്ടിയിലെ ശക്തി വര്‍ധിപ്പിക്കുക എന്നതാണ് ജോസഫിന്റെ ലക്ഷ്യവും. പാലായില്‍ ജോസ് വിഭാഗം സ്ഥാനാര്‍ഥിക്ക് ചിഹ്നം നല്‍കാതെ തോല്‍വിക്ക് വഴിയൊരുക്കിയതും പാര്‍ലമെന്ററി പാര്‍ട്ടിയിലെ മേധാവിത്വം ലക്ഷ്യംവെച്ചു തന്നെയായിരുന്നു. പാര്‍ട്ടിയുടെ ഉടമസ്ഥാവകാശവും ചിഹ്നവും ഉറപ്പിക്കാനായുള്ള ഇരുവിഭാഗത്തിന്റെയും നിയമ പോരാട്ടം തെരഞ്ഞെടുപ്പു കമ്മിഷന് മുന്നിലാണ്. കുട്ടനാട്ടില്‍ വിജയം നേടി അംഗസംഖ്യ വര്‍ധിപ്പിക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ അന്തിമ വിജയം നേടാനാവുമെന്ന് ജോസഫ് വിഭാഗം കണക്കുകൂട്ടുന്നു. പി.ജെ ജോസഫിന് പുറമേ സി.എഫ് തോമസും മോന്‍സ് ജോസഫും ഒരുപക്ഷത്താണ്. മറുപക്ഷത്ത് റോഷി അഗസ്റ്റിനും എന്‍. ജയരാജും മാത്രമാണുള്ളത്. ജോസ് കെ. മാണിയും തോമസ് ചാഴിക്കാടനും ഉള്‍പ്പടെ രണ്ടു എം.പിമാര്‍ കൂടി ഉള്‍പ്പെട്ടതാണ് പാര്‍ലമെന്റി പാര്‍ട്ടിയെന്നാണ് ജോസ് വിഭാഗത്തിന്റെ അവകാശവാദം. ഇതില്‍ ഏതു പരിഗണിച്ചാവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്തിമവിധി പ്രഖ്യാപിക്കുക എന്നത് ഇരുവിഭാഗത്തെയും ആശങ്കപ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."