ആറ്റിങ്ങലിനെ നടുക്കിയ നഴ്‌സിന്റെ കൊലപാതകം: വിചാരണ 18ന്
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരത്തില്‍ പട്ടാപ്പകല്‍ നടന്ന സൂര്യാ നഴ്‌സ് കൊലക്കേസിന്റെ വിചാരണ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഫെബ്രുവരി 18ന് തുടങ്ങും. 18 മുതല്‍ മാര്‍ച്ച് 11 വരെ 52 സാക്ഷികളുടെ വിസ്താരത്തിനായി വിചാരണ കോടതി ഷെഡ്യൂള്‍ ചെയ്തു. ഫെബ്രുവരി 18ന് ഹാജരാകാനായി ആദ്യ നാല് സാക്ഷികള്‍ക്ക് സമന്‍സയക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ. ബാബു ഉത്തരവിട്ടു. വെഞ്ഞാറമൂട് സ്വദേശി ഷിജു (26) ആണ് കേസിലെ പ്രതി.
പിരപ്പന്‍കോട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യ ഭവനില്‍ സൂര്യ(26) യാണ് ദാരുണമായി കൊല്ലപ്പെട്ടത്.2016 ജനുവരി 27 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം ഓട്ടോ സ്റ്റാന്റ് സ്ഥിതി ചെയ്യുന്ന ഇടവഴിയിലാണ് കത്തി കൊണ്ട് യുവതിയെ കുത്തി കൊലപ്പെടുത്തിയത്. നിലവിളി കേട്ട് സ്ഥലവാസിയായ വീട്ടമ്മ വന്ന് നോക്കുമ്പോഴാണ് യുവതി രക്തത്തില്‍ കുളിച്ച് കിടക്കുന്നതും പ്രതി നടന്ന് പോകുന്നതും കണ്ടത്. ഇവര്‍ അറിയിച്ച പ്രകാരം പൊലിസ് സംഭവ സ്ഥലത്തെത്തുകയായിരുന്നു. പ്രതി കൃത്യത്തിനുപയോഗിച്ച കത്തി സമീപത്തെ പുരയിടത്തില്‍ നിന്ന് പൊലിസ് കണ്ടെടുത്തു. ആറ്റിങ്ങല്‍ നഗരത്തില്‍ ആദ്യമായാണ് ഇത്തരമൊരു കൊലപാതകം നടക്കുന്നത്.പ്രതി കൃത്യത്തിന് മൂന്ന് മാസം മുന്‍പാണ് സൂര്യയെ പരിചയപ്പെടുന്നത്. ബൈക്കപകടത്തില്‍ പരുക്കേറ്റ് സൂര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇയാള്‍.
കൊലയ്ക്ക് മൂന്ന് ദിവസം മുന്‍പ് യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു. വിവാഹാലോചനകള്‍ നടന്ന് വരവേയാണ് കൊല്ലപ്പെട്ടത്.
പ്രതിയെ തഴഞ്ഞ് മറ്റൊരു വിവാഹത്തിന് യുവതി തയാറെടുത്തതാണ് കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ആറ്റിങ്ങല്‍ പൊലിസ് 2016 മെയ് 21ന് കുറ്റപത്രം സമര്‍പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പരണിയം ദേവകുമാറാണ് ഹാജരാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."