കാമുകന്‍ ചതിച്ചു; ജാഗ്രതക്കുറവില്‍ പെണ്‍കുട്ടിക്കു നഷ്ടമായതു സ്വന്തം ജീവിതം
കൊല്ലം: കാമുകന്റെ തനിനിറം തിരിച്ചറിയാന്‍ വൈകിയപ്പോള്‍ പെണ്‍കുട്ടിക്ക് നഷ്ടമായത് സ്വന്തം ജീവിതം.
വിശ്വസിച്ചയാള്‍ തന്നെ പലര്‍ക്കുമായി കാഴ്ചവെച്ചപ്പോള്‍ പതിനഞ്ചു വയസ്സുകാരിയായ പെണ്‍കുട്ടിക്ക് സ്വന്തം ജീവിതത്തിനു മേലുള്ള നിയന്ത്രണം പോലും നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം കടയ്ക്കല്‍ പാങ്ങോട് സ്വദേശിനിയായ ദലിത് പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടു വന്നത്. വെഞ്ഞാറമൂട്ടിലുള്ള ഒരു വീട്ടില്‍ നിന്ന് പൊലിസ് പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോഴാണ് നടുക്കുന്ന പീഡന വിവരങ്ങള്‍ പുറത്തായത്.
രണ്ടുമാസം മുമ്പ് കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് ചെണ്ടകൊട്ടുന്നതിനായി എത്തിയ വര്‍ക്കല സ്വദേശിയായ ശ്രീജിത്തുമായി പെണ്‍കുട്ടി അടുപ്പത്തിലായതാണ് സംഭവങ്ങളുടെ തുടക്കം.പെണ്‍കുട്ടി അപ്പോള്‍ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. പ്രണയം തീവ്രമായപ്പോള്‍ അവള്‍ കാമുകനോടൊപ്പം ജീവിക്കുന്നതിന് വീടുവിട്ടിറങ്ങാന്‍ തീരുമാനിച്ചു. തുണിക്കടയില്‍ ജോലി കിട്ടിയെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ഉപദേശിച്ചത് ശ്രീജിത്താണ്.
വീടു വിട്ടിറങ്ങിയ അവള്‍ക്ക് കാമുകന്‍ തന്റെ ചങ്ങാതിമാരായ സജിന്‍ , രതീഷ് എന്നിവരെയും പരിചയപ്പെടുത്തി. തന്റെ ചങ്ങാതിമാരാണ് നമ്മുടെ വിവാഹത്തിന് സഹായിക്കുന്നതെന്ന് അവന്‍ പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു. ക്രമേണ അവന്‍ തനിനിറം കാണിച്ചു. എന്തു വന്നാലും താന്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയ ശ്രീജിത്ത് പെണ്‍കുട്ടിയെ കൂട്ടുകാര്‍ക്കായി കാഴ്ചവച്ചു. കാര്യം കഴിഞ്ഞപ്പോള്‍ വീട്ടുകാരില്‍ നിന്നും അനുവാദം വാങ്ങിയ ശേഷം ഉടന്‍ വിവാഹം ചെയ്യുമെന്ന് ഉറപ്പ് നല്‍കിയ ശേഷം അയാള്‍ പെണ്‍കുട്ടിയെ വീട്ടിലേക്ക് അയച്ചു.
തിരിച്ചെത്തിയ പെണ്‍കുട്ടി കടയില്‍ അവധിയാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു. അങ്ങനെ ആദ്യ പീഡനം പുറത്തറിയാതെ അവള്‍ ഒളിപ്പിച്ചു. വീട്ടില്‍ ഒരാഴ്ച നിന്നതോടെ പെണ്‍കുട്ടിക്ക് കാമുകനെ വിളിക്കാന്‍ സൗകര്യമില്ലാതായി. വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ അവള്‍ പുതിയ ജോലി തേടി. അങ്ങനെ ചടയമംഗലത്തിന് സമീപം ഒരു കടയില്‍ സെയില്‍സ് ഗേളായി ജോലിയില്‍ പ്രവേശിച്ചു. ആദ്യദിവസങ്ങളില്‍ ഇരുപതോളം കിലോമീറ്റര്‍ യാത്രചെയ്ത് വീട്ടിലെത്തുമായിരുന്നു. പിന്നീട് കടയുടെ അടുത്തു തന്നെ താമസ സൗകര്യം അന്വേഷിച്ചു.
അങ്ങനെ ഇതേ കടയില്‍ ജോലി ചെയ്യുന്ന തന്റെ അകന്ന ബന്ധു കൂടിയായ സുമിയുമായി സൗഹൃദത്തിലായി. സുമി താമസിക്കുന്ന വനിതാ ഹോസ്റ്റലില്‍ പെണ്‍കുട്ടിക്കും താമസിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു. എന്നാല്‍ സുമിയും മൂടുപടമണിഞ്ഞ മറ്റൊരു ക്രിമിനലായിരുന്നുവെന്ന് തിരിച്ചറിയാന്‍ പെണ്‍കുട്ടിക്കായില്ല. തന്റെ ഒളിച്ചോട്ടവും കാമുകന്‍ നല്‍കിയ വിവാഹ വാഗ്ദാനവുമൊക്കെ പെണ്‍കുട്ടി സുമിയുമായി പങ്കുവച്ചു. ഇതോടെ പെണ്‍കുട്ടിയെ മുതലെടുക്കാന്‍ സുമിയും വട്ടം കൂട്ടി.
യുവാക്കളുമായി അടിത്തിടപഴകാനും അവരില്‍നിന്നു പരമാവധി പണവും മറ്റും കൈക്കലാക്കാനും അവള്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു. സമ്മാനമായി പെണ്‍കുട്ടിക്ക് വിലകൂടിയ മൊബൈല്‍ഫോണും നല്‍കി. ഒരു മാസത്തിനുള്ളില്‍ പല പുരുഷന്മാര്‍ക്കും പെണ്‍കുട്ടിയെ പരിചയപ്പെടുത്തി. അവരോടൊപ്പം വൈകുന്നേരങ്ങളില്‍ നഗരം ചുറ്റല്‍ പെണ്‍കുട്ടിയുടെ പതിവായി. ബ്രാന്റഡ് ചുരിദാര്‍, ഇഷ്ടമുള്ള ഭക്ഷണം, ആവശ്യം പോലെ പണം... പെണ്‍കുട്ടി പിന്നീട് വീട്ടിലേക്ക് പോകാതായി. ഇടനിലക്കാരിയായി സുമിയും ധാരാളം പണം കൊയ്തു.ഇതിനിടെ പുതിയൊരാള്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. പെരിങ്ങമല സ്വദേശി അഖില്‍. പരിചയവും അടുപ്പവും മുതലെടുത്ത് അഖിലും പെണ്‍കുട്ടിയെ പല പ്രാവശ്യം പീഡനത്തിനിരയാക്കി.
ഒരുമാസമായി പെണ്‍കുട്ടി വീട്ടില്‍ വരാതായതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് രക്ഷിതാക്കള്‍ക്ക് തോന്നിത്തുടങ്ങി. അവര്‍ പൊലീസില്‍ പരാതിപ്പെട്ടു. മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്നു അഖിലിന്റെ വെഞ്ഞാറമൂട്ടിലെ ബന്ധുവീട്ടില്‍ നിന്ന് പൊലിസ് പെണ്‍കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന് കടയ്ക്കല്‍ സ്‌റ്റേഷനിലെത്തിച്ച് മൊഴിയെടുത്തപ്പോഴാണ് സംഭവങ്ങള്‍ പുറത്തറിയുന്നത്.
പുനലൂര്‍ ഡിവൈ.എസ്. പി നടത്തിയ അന്വേഷണത്തില്‍ ചിതറ വട്ടക്കരിക്കോണം സ്വദേശിനിയും ബന്ധുവുമായ സുമി (26), മൂന്നുമുക്ക് സ്വദേശി സജിന്‍ (26), വര്‍ക്കല സ്വദേശി ശ്രീജിത്ത് (24), പെരിങ്ങമല സ്വദേശി അഖില്‍ (26) എന്നിവര്‍ പിടിയിലായി. ഇനി പിടിയിലാകാനുള്ള രജീഷ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു കൊലപാതക കേസില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇയാള്‍ക്കായും പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ തിരികെ ലഭിച്ചെങ്കിലും അവള്‍ക്കു സുരക്ഷിത ഭാവിയൊരുക്കുന്നതെങ്ങനെയെന്ന ആശങ്കയിലാണ് വീട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."