ആലപ്പാട്: സമവായത്തിനൊരുങ്ങി സര്‍ക്കാര്‍; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സമവായത്തിനൊരുങ്ങി സര്‍ക്കാര്‍. പ്രശ്‌നം പരിഹരിക്കാന്‍ ഈ മാസം 16ന് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വ്യവസായ മന്ത്രിയും ഫിഷറീസ് മന്ത്രിയും കൊല്ലം കലക്ടറും, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും ഐ.ആര്‍.ഇ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. സമയം തീരുമാനിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. എന്നാല്‍ സമരസമിതി പ്രതിനിധികളെ യോഗത്തിലേക്കു വിളിച്ചിട്ടില്ല.
സോഷ്യല്‍ മീഡിയയിലൂടെ വന്‍പ്രചാരണം നേടുന്ന സമരം സൃഷ്ടിക്കുന്ന രാഷ്ട്രീയ പ്രത്യാഘാതം തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ സമവായനീക്കം. ഖന നമേഖലകള്‍ സന്ദര്‍ശിച്ച നിയമസഭ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഖനനം അവസാനിപ്പിക്കാനുള്ള നീക്കത്തിന് വഴങ്ങില്ലെങ്കിലും പ്രാദേശികമായ ആശങ്കകള്‍ക്ക് പരിഹാരം കാണാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. അതേസമയം, ആലപ്പാട് നിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
സമരക്കാരുമായി ചര്‍ച്ചക്ക് തയാറെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ
കോഴിക്കോട്: ആലപ്പാട്ടെ സമരക്കാരുമായി ചര്‍ച്ചക്ക് തയാറെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ. വ്യവസായ മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഒപ്പമാണ് സര്‍ക്കാര്‍. തീരമിടിയുന്ന രീതിയില്‍ ഖനനം അനുവദിക്കാനാകില്ല. ജനങ്ങള്‍ ആവശ്യമുന്നയിച്ച പശ്ചാത്തലത്തിലാണ് ചര്‍ച്ച നടത്തുന്നത്. വ്യവസായ വകുപ്പ് ചര്‍ച്ചക്ക് മുന്‍കൈ എടുക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കരയിടിയാതെ ഖനനം നടത്തണമെന്ന് നേരത്തെ നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പാലിച്ചേ ഖനനം നടത്താവൂ എന്നാണ് സര്‍ക്കാറുടെ നിലപാട്. ഇത്രയും കാലം ചെയ്തതുപോലെ മുന്നോട്ടു പോവുകയല്ല വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്താണ് പുലിമുട്ട് കെട്ടാന്‍ നടപടിയുണ്ടായത്. പുലിമുട്ട് ടെന്‍ഡര്‍ ചെയ്ത് ജോലി തുടങ്ങാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."