ദുരിതാശ്വാസം: സാലറി ചലഞ്ച് അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ചാണ്ടി
കൊച്ചി: ദുരിതാശ്വാസ ഫണ്ട് കണ്ടെത്തുന്നതിനായി ജി.എസ്.ടിക്കു മേല്‍ ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സാലറി ചലഞ്ച് ഈ മാസംതന്നെ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എ.ഐ.സി.സി സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് യൂനിയന്‍ (കെ.ജി.ഒ.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടിക്കു സെസ് ചുമത്തുകവഴി സാധാരണക്കാരുടെ ബാധ്യത കൂടുകയാണ്. എല്ലാ ജനങ്ങളില്‍നിന്നും ഇതുവഴി പണം ലഭിക്കും. ഇത്തരത്തില്‍ ആയിരം കോടി രൂപവരെ ഒരു വര്‍ഷം കൊണ്ട് ലഭിക്കും. ഈ സാഹചര്യത്തില്‍ പ്രളയാനന്തര ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നടപ്പാക്കിയ സാലറി ചലഞ്ച് ഈ മാസം തന്നെ അവസാനിപ്പിക്കണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ശമ്പള പരിഷ്‌കരണ കമ്മിഷന്‍ രൂപീകരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലപാട് തിരുത്തി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് എസ്. അജയന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."