ബ്രൂസിലോസിസ് രോഗികള്‍ വര്‍ധിക്കുന്നു; ആരോഗ്യമേഖല ആശങ്കയില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂസിലോസിസ് രോഗബാധ ഏല്‍ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ഡോക്ടര്‍മാര്‍ക്ക് രോഗം എന്താണെന്ന് കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് കാരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ബ്രൂസിലോസിസ് രോഗബാധയേറ്റ് ചികിത്സ തേടിയത് പത്തില്‍ കൂടുതല്‍ പേര്‍. പാലും പാലുല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നതു വഴിയും, രോഗബാധയേറ്റ ഉരുക്കളെ പരിചരിക്കുന്നതു വഴിയും രോഗമുണ്ടാകും. ബ്രൂസിലോസിസ് - എ എന്ന വൈറസ് മൂലമാണ് രോഗമുണ്ടാകുന്നത്. എന്നാല്‍, ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ വേഗത്തില്‍ മനസിലാക്കാനായില്ലെങ്കില്‍ രക്തത്തില്‍ വൈറസുകള്‍ നിറയുകയും പലവിധ രോഗങ്ങളുണ്ടായി പ്രതിരോധശേഷി നശിക്കുകയും അതുവഴി മരണം സംഭവിക്കുകയും ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വിട്ടുവിട്ടുള്ള പനി, പേശികളില്‍ വേദന, നടുവേദന, തലവേദന, അതിക്ഷീണം, ഗ്രന്ഥിവീക്കം, ഭാരക്കുറവ്, വിഷാദ രോഗം, ലൈംഗികശേഷിക്കുറവ്, ഓര്‍മക്കുറവ്, തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുക, മലബന്ധമുണ്ടാകല്‍, പഴുപ്പുനിറഞ്ഞ വീക്കം എന്നിവയാണ് ലക്ഷണങ്ങള്‍. പ്രധാനമായും വന്ധ്യതയും ഹൃദയാഘാതവുമുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇത്തരം ലക്ഷണങ്ങള്‍ മറ്റു രോഗങ്ങള്‍ക്കുമുണ്ടാകുന്നുണ്ട്. അതിനാല്‍, രോഗ നിര്‍ണയത്തിനായി മിക്ക ടെസ്റ്റുകളും നടത്തും.
ഇതിലൊക്കെ രോഗിക്ക് കുഴപ്പമില്ലെന്ന റിസല്‍ട്ടായിരിക്കും ലഭിക്കുക. ബ്രൂസിലോസിസ് പോലുള്ള രോഗങ്ങള്‍ കേരളത്തില്‍ കാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ അതിനുള്ള ടെസ്റ്റ് നടത്താറില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ബ്രൂസിലോസിസ് സ്ഥിരീകരിക്കുന്നതിനായി നടത്തുന്ന ബ്രൂസല്ല ടെസ്റ്റ് കേരളത്തിലെ തന്നെ അപൂര്‍വം വന്‍കിട ലാബുകളില്‍ മാത്രമാണ് ചെയ്യുന്നത്. ഈ ടെസ്റ്റ് നടത്തുന്നതിന് 2500 രൂപയോളം ചെലവും വരും.
പാലക്കാട് തിരുവിഴാംകുന്നിലെ സര്‍ക്കാര്‍ കാറ്റില്‍ഫാമിലെ 84 പശുക്കള്‍ക്കാണ് ബ്രൂസിലോസിസ് രോഗം മൂന്നുവര്‍ഷം മുന്‍പ് പിടിപെട്ടത്. സര്‍ക്കാരും, വെറ്ററിനറി സര്‍വകലാശാലയും ഫാം അധികൃതരും ഇതു മറച്ചുവച്ചു. എന്നാല്‍, 2016 സെപ്തംബര്‍ 10ന് സുപ്രഭാതം ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നു. ഇതേതുടര്‍ന്ന് രോഗബാധയേറ്റ ഉരുക്കളെ ദയാവധത്തിന് വിധേയമാക്കുകയും ചെയ്തു.
എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷവും കേരളത്തിലെ വിവിധ ഡയറികള്‍ വഴി വിറ്റഴിക്കപ്പെട്ടത് രോഗബാധയേറ്റ പശുക്കളുടെ പാലുകൂടിയാണെന്നതാണ് ഭീതി ഉളവാക്കുന്നത്. കാറ്റില്‍ഫാമിലെ തൊഴിലാളികള്‍ക്ക് രോഗബാധയേറ്റിട്ടുണ്ടായിരുന്നു. ഇവര്‍ക്ക് ചികിത്സ നല്‍കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പവുമുണ്ടായിരുന്നു.
രോഗബാധ മനുഷ്യരിലേക്കു പടരുന്നുവെന്നു കണ്ട് കാറ്റില്‍ഫാമിലെ മറ്റു പശുക്കളെയും ദയാവധം നടത്തിയിരുന്നു. രോഗബാധയേറ്റ പശുക്കളില്‍ നിന്നുള്ള ആദായം എടുക്കുകയോ, അത് ഉപഭോക്താക്കള്‍ക്ക് വിതരണം നടത്തുകയോ ചെയ്യരുതെന്ന് മൃഗക്ഷേമ ബോര്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശവും പാലിക്കപ്പെട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."