ഇവര്‍ നേടി, നല്ല പെരുമാറ്റത്തില്‍ 'ഡിഗ്രി'
കോഴിക്കോട്: സ്ത്രീത്വത്തിനു നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ കോഴിക്കോട്ടെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ പഠിക്കുകയാണ്, സ്ത്രീകളോടു എങ്ങനെ പെരുമാറാം എന്നുള്ള ചില നല്ല പാഠങ്ങള്‍.
സ്ത്രീ ആക്രമിക്കപ്പെടുന്നതിന്റെ കാരണം അവരോടുള്ള സമൂഹത്തിന്റെ സമീപനമാണെന്നും അതാണ് തിരുത്തപ്പെടേണ്ടതെന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് ഈ പാഠം തുടങ്ങുന്നത്. 'എങ്ങനെ പെരുമാറണം സ്ത്രീകളോട്' എന്ന പദ്ധതിയുടെ പ്രാരംഭഘട്ടമെന്ന നിലയില്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യബാച്ച് ഇക്കഴിഞ്ഞ 23ന് പുറത്തിറങ്ങി. കോഴിക്കോട് സദ്ഭാവന സ്‌കൂളിലെ കുട്ടികളാണ് 'നല്ല പെരുമാറ്റത്തില്‍ ഡിഗ്രി' നേടി പുറത്തിറങ്ങിയിരിക്കുന്നത്.
കോഴിക്കോട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ' പരസ്പരം' പദ്ധതിയില്‍ കഴിഞ്ഞ മാസം ആരംഭിച്ച 24 മണിക്കൂര്‍ പാഠ്യപദ്ധതിയില്‍ ചേര്‍ന്നിട്ടുള്ള ആദ്യ ബാച്ച് കുട്ടികളുടെ പരിശീലനമാണ് പൂര്‍ത്തിയായിരിക്കുന്നത്.ഇനി പരീക്ഷണത്തിനും അവലോകനത്തിനും ശേഷം അടുത്ത അധ്യയന വര്‍ഷത്തില്‍ താല്‍പര്യമുള്ള സര്‍ക്കാര്‍ സര്‍ക്കാരേതര സ്‌കൂളുകള്‍ക്ക് ഏറ്റെടുത്തു നടത്താവുന്ന രീതിയില്‍ ഈ പരിശീലന പദ്ധതി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുന്‍പാകെ വയ്ക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ പരിപാടി.
സ്ത്രീസുരക്ഷയ്്ക്ക് പ്രാധാന്യം നല്‍കുമെന്ന് സര്‍ക്കാര്‍ അടിക്കടി പ്രഖ്യാപിക്കുമ്പോഴും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിന് കുറവില്ലെന്ന തിരിച്ചറിവിലാണ് മുന്‍കലക്ടര്‍ എന്‍ പ്രശാന്ത് പരസ്പരം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജെന്‍ഡര്‍ സെന്‍സിറ്റേഷന്‍ പരിശീലന പദ്ധതി ആരംഭിച്ചത്.
ആദ്യത്തെ 15 പരിശീലകര്‍ക്കുള്ള പരിശീലനവും പദ്ധതി മേല്‍നോട്ടവും ബംഗളൂരു കേന്ദ്രമായുള്ള 'മാര' എന്ന സംഘടനയാണ് നിര്‍വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."