മഴക്കാലത്തും ടിപ്പറുകളുടെ മരണപ്പാച്ചില്‍; നടപടിയെടുക്കാതെ അധികൃതര്‍
കായംകുളം: മഴക്കാലത്തും വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച് ടിപ്പറുകളും സ്വകാര്യ ബസുകളും ചീറിപ്പാഞ്ഞിട്ടും നടപടിയില്ലാതെ അധികൃതര്‍.
കായംകുളം പുനലൂര്‍ റോഡിലും കൊല്ലംതേനി ദേശീയപാതയിലുമാണു ടിപ്പറുകളും സ്വകാര്യബസുകളും വേഗപ്പൂട്ടുകള്‍ അഴിച്ചുവച്ച് സര്‍വിസ് നടത്തുന്നത്.
ദിവസവും നൂറ്റിയമ്പതില്‍പ്പരം സ്വകാര്യബസുകളും നൂറുകണക്കിനു ടിപ്പറുകളും ഈ റോഡുകളിലൂടെ സര്‍വിസ് നടത്തുന്നുണ്ട്. മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ഭൂരിഭാഗം വാഹനങ്ങള്‍ക്കും വേഗപ്പൂട്ടുകള്‍ ഉണ്ടെങ്കിലും വിച്ഛേദിക്കപ്പെട്ട നിലയിലാണെന്നു കണ്ടത്തെിയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞും ആ സ്ഥിതിതന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്.
സ്‌കൂള്‍ സമയങ്ങളില്‍ രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 3.30 മുതല്‍ അഞ്ചുവരെയും ടിപ്പറുകള്‍ ഓടരുതെന്ന നിയമവും കാറ്റില്‍പ്പറത്തിയാണ് ഈ മേഖലയിലെ വിവിധ റോഡുകളില്‍ ടിപ്പറുകള്‍ മരണപ്പാച്ചില്‍ നടത്തുന്നത്. ഈ സമയം നൂറുകണക്കിന് വിദ്യാര്‍ഥികളാണ് കാല്‍നടയായും സൈക്കിളിലും കടന്നുപോകുന്നത്. മാത്രമല്ല, അമിത ലോഡുമായി എത്തുന്ന ടിപ്പറുകളില്‍നിന്ന് മണ്ണും കല്ലും വീണ് അപകടങ്ങള്‍ ഉണ്ടാക്കുന്നു. അനധികൃത മണ്ണ് ഖനം വ്യാപകമായതോടെയാണ് ടിപ്പറുകള്‍ അമിതവേഗത്തില്‍ പോകുന്നതെന്നു നാട്ടുകാര്‍ പറയുന്നു. മാത്രമല്ല, കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ ബസുകള്‍ക്കു ദിശാസൂചക ലൈറ്റുകളും ബ്രേക്ക് ലൈറ്റുകളും പ്രവര്‍ത്തിക്കാത്ത നിലയിലുമാണ്. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല.
പലപ്പോഴും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം അധികാരികള്‍ പരിശോധന നടത്തും. നിരോധിത സമയങ്ങളില്‍ ഓടുന്ന ടിപ്പറുകള്‍ക്കെതിരെയും വേഗപ്പൂട്ടുകള്‍ അഴിച്ചുവച്ച് ഓടുന്ന വാഹനങ്ങള്‍ക്കെതിരെയും അടിയന്തിര നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."