നോമ്പ് എനിക്ക് അലങ്കാരമല്ല, അനുഭവമാണ്
നോമ്പ് കേവലം അലങ്കാരമായല്ല അനുഭവമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. പോത്തന്നൂരിലെ ചേലപ്പുറത്ത് എന്ന വലിയ ജന്മി കുടുംബത്തില്‍ പിറന്ന എന്റെ കളിക്കൂട്ടുകാരെല്ലാം മാപ്പിളക്കുട്ടികളായിരുന്നു. അന്നേ റമദാനില്‍ നോമ്പ് നോല്‍ക്കാന്‍ തുടങ്ങിയതാണ്. അമ്മയില്‍ നിന്നു കിട്ടിയതാണ് മതസൗഹാര്‍ദ്ധത്തിന്റെ ആദ്യകുപ്പായം. പോത്തന്നൂരിലെയും നൈതല്ലൂരിലെയും ജുമാമസ്ജിദുകള്‍ നിര്‍മിക്കാന്‍ പ്രധാനമായി സഹായിച്ചതു വലിയ നാലുകെട്ടില്‍ പ്രതാപങ്ങളോടെ ജിവിച്ച ചേലപ്പുറത്ത് കുട്ടിമാളുഅമ്മ എന്ന എന്റെ അമ്മയാണ്.
നോമ്പെടുക്കുന്ന ഓരോ ദിവസവും നോമ്പുതുറ മുസ്‌ലിം വീടുകളില്‍ നിന്നാണ്. കര്‍ഷകരാണ് അന്നത്തെ മുസ്‌ലിംകളില്‍ ഭൂരിഭാഗവും. ജന്മിക്കുട്ടി വരുന്നുണ്ടെന്നറിഞ്ഞാല്‍ നാടന്‍കോഴി കറി വെച്ചു പത്തിരിയും ഉണ്ടാക്കിയിട്ടുണ്ടാവും. 35 വയസുവരെ ഞാന്‍ റമദാനില്‍ നോമ്പെടുത്തിട്ടുണ്ട്. എന്നെ നോമ്പു തുറപ്പിക്കാള്‍ മാപ്പിളക്കൂട്ടുകാര്‍ മല്‍സരിക്കുമായിരുന്നു . എല്ലാവരും രാത്രിയിലെ നിസ്‌കാരത്തിനു പള്ളിയില്‍ പോയാല്‍ ഞാന്‍ വീട്ടിലെത്തി രാമായണം വായിച്ചുകേള്‍ക്കും. അന്നു വീട്ടിലെ കാര്യസ്ഥന്‍ കുഞ്ഞിമരക്കാരായിരുന്നു. മൂപ്പരാണു നോമ്പിന്റെ നിയ്യത്തുവെച്ചു തരിക. ഇപ്പോള്‍ നിയ്യത്തൊക്കെ മറന്നു പോയി. ആരോഗ്യം നോമ്പെടുക്കാന്‍ അനുവദിക്കുന്നുമില്ല .
അമ്മയുടെ നല്ല ഓര്‍മകളാണു ജീവിതത്തെ മുന്നോട്ടുകൊണ്ടു പോയത്. ഇന്നും തറവാടായ പോത്തന്നൂര്‍ പോകുമ്പോള്‍ അവിടുത്തെ വലിയ ജുമാമസ്ജിദിലെ ഖുത്ബിയ്യത്ത് പെട്ടിയില്‍ അമ്മക്കു വേണ്ടി നേര്‍ച്ചപ്പണം നല്‍കാറുണ്ട്.
കാരണം ജീവിച്ചിരിക്കുമ്പോള്‍ അമ്മ അത്രമാത്രം ഖുത്ബിയ്യത്തിനെയും സൂഫിയായ മുഹിയുദ്ധീന്‍ ശൈഖിനെയും ഇഷ്ടപ്പെട്ടിരുന്നു. 1975 കാലത്തു പോത്തനൂരില്‍ നിന്നും പൊന്നാനിയിലേക്കു മാറിത്താമസിക്കുകയും രാഷ്ട്രിയത്തില്‍ സജീവമാവുകയും ചെയ്തതോടെ നോമ്പുകള്‍ നഷ്ടപ്പെട്ടു തുടങ്ങി.
ജീവിതത്തില്‍ ഏറ്റവും മധുരിക്കുന്ന ഓര്‍മകള്‍ എനിക്കു നോമ്പനുഭവങ്ങള്‍ തന്നെയാണ്. കേവലം പട്ടിണി മാത്രമല്ല നോമ്പെന്നും അതൊരു അനുഭൂതിയാണെന്നും ഞാന്‍ തിരിച്ചറിഞ്ഞത് അന്നാളിലാണ്. ഓരോ നോമ്പും ഓരോ അനുഭവങ്ങളാണ്. നന്മയുടെയും ത്യാഗത്തെയും നല്ല ദിനങ്ങള്‍. ശബരിമല വ്രതം പോലെ ജിവിതത്തിന്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തതായിരുന്നു റമദാന്‍ നോമ്പുകാലം. അക്കാലത്തു പലരും അത് പറഞ്ഞു തന്നെ കളിയാക്കുമായിരുന്നു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."