പി.എ സെയ്ദ് മുഹമ്മദ് ഹാജി കര്‍മവിപ്ലവം തീര്‍ത്ത ജീവിതം
ഹാജി പി.കെ മുഹമ്മദ്#
സെയ്ദ് മുഹമ്മദ് ഹാജിയുടെ വിയോഗം സമുദായത്തിന് തീരാനഷ്ടമാണ്. ഒരു പുരുഷായുസ് മുഴുവന്‍ റബ്ബിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ച് യാതൊരു ഭൗതിക നേട്ടവും മുന്നില്‍ കാണാതെ അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം. യു.എ.ഇയിലുള്ള മലയാളികളുമായി ബന്ധപ്പെട്ട് നിരവധി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും രൂപീകരണത്തിന് കാരണമായത് അദ്ദേഹമാണ്. താന്‍ സെക്രട്ടറിയായി രൂപം കൊടുത്ത സംഘടനകള്‍ തുടര്‍വര്‍ഷങ്ങളില്‍ ഉത്തരവാദിത്വബോധമുള്ള പിന്‍ഗാമികള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്ത് സംഘടനകളെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിക്കുന്നതിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
അല്‍ഐന്‍ സുന്നി യൂത്ത് സെന്ററടക്കം നാട്ടിലും മറുനാട്ടിലും ആയി നിരവധി മത ഭൗതിക സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം കെടുത്തിയിട്ടുണ്ട് . കെ.വി മുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പ്രസിദ്ധീകൃതമായ ഖുര്‍ആന്‍ പരിഭാഷ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്ത് പ്രസിദ്ധീകരിക്കാന്‍ മുന്‍കൈ എടുത്തത് അദ്ദേഹമാണ്.ദാറുല്‍ഹുദാ കാംപസിലെ സമീപത്തായി സുന്നി പബ്ലിക്കേഷന്‍സ് എന്ന നാമധേയത്തില്‍ ഒരു പ്രസിദ്ധീകരണശാല സ്ഥാപിക്കാനും അദ്ദേഹം മുന്‍കൈ എടുത്തു. വനിതകള്‍ക്ക് മാതൃക മാത്രമായി ഒരു കോളജ് സ്ഥാപിക്കുക എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിന് പരിശ്രമിച്ച അദ്ദേഹത്തിന്റെ കര്‍മഫലമാണ് ഇന്ന് ദാറുല്‍ ഹുദായുടെ നേതൃത്വത്തില്‍ നടക്കുന്ന ഫാത്തിമ സഹ്‌റ കോളജ്. സൂഫി വര്യനായ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരോടൊപ്പം അദ്ദഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മികവ് ഏറെയായിരുന്നു.
അബൂദബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, സുന്നി സ്റ്റുഡന്‍സ് സെന്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഇന്നും പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രശസ്തമായി നിലനില്‍ക്കുന്നതിന് പിന്നില്‍ അദ്ദേഹമാണ്. പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ പ്രവാസികളായ സഹോദരന്മാരെ ഹജ്ജിനും ഉംറക്കും കൊണ്ടുപോകുന്ന സംവിധാനം ആരംഭിച്ചത് അദ്ദേഹമാണ്. 1987 ല്‍ ഈ ഗ്രൂപ്പിന് കീഴില്‍ വളണ്ടിയറായി പോകാനുള്ള സൗഭാഗ്യം എനിക്കും ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഒരുപാട് കാലത്തെ കഠിനാധ്വാനത്തിന് ഭാഗമായാണ് തൃശ്ശൂര്‍ ജില്ലയിലെ ദേശമംഗലത്ത് മാലിക് ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് എന്ന സ്ഥാപനം കെട്ടിപ്പടുത്തത്. തൃശൂര്‍ ടൗണിലെ മാലിക് ദീനാര്‍ മസ്ജിദും അനുബന്ധ സ്ഥാപനങ്ങളും എടക്കഴിയൂരിലെ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ സംഭാവനയില്‍ ഉള്‍പ്പെടുന്നു. പ്രാരംഭകാലത്ത് ഗള്‍ഫ് സെക്രട്ടറി സൈത് മുഹമ്മദ് ഹാജിയും കേരള പ്രസിഡന്റ് അസ്ഹരി തങ്ങളും സെക്രട്ടറി നാട്ടിക മൂസ മുസ്‌ലിയാരും ആയിരുന്നു. അദ്ദേഹം പ്രവാസജീവിതം അവസാനിപ്പിച്ച് വന്നതിനു ശേഷം മരണം വരെ മാലിക് ദീനാര്‍ സെക്രട്ടറിയായി സ്തുത്യര്‍ഹമായ സേവനം ചെയ്തു. സൈത് മുഹമ്മദ് ഹാജി പേരിനും പ്രശസ്തിക്കും വേണ്ടി ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നില്ല. അദ്ദേഹം സംഘടിപ്പിച്ച യോഗങ്ങളില്‍ പോലും സ്റ്റേജില്‍ ഇരിക്കുകയോ ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുകയോ ചെയ്തിരുന്നില്ല. അല്ലാഹുവിന്റെ പ്രീതി മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി രോഗത്തില്‍ കഴിഞ്ഞപ്പോഴും ഒരാഴ്ച മുന്‍പ് വരെ അദ്ദേഹം പ്രവര്‍ത്തന നിരതനായിരുന്നു. രോഗം അല്ലാഹുവിന്റെ പരീക്ഷണമാണ് എന്ന് ചിന്തിച്ചു രോഗത്തെക്കുറിച്ച് യാതൊരുവിധ വേവലാതിയുമില്ലാതെ അദ്ദേഹം മുന്നോട്ടു നീങ്ങി. എല്ലാകാലവും സമസ്തയുടെ സജീവ പ്രവര്‍ത്തകനും ദീനി പ്രചാരകനുമായി നിലകൊണ്ട അദ്ദേഹം സമസ്തയുടെ ബഹുവന്ദ്യരായ ഉലമാക്കളെയും സയ്യിദുമാരേയും അതിരറ്റ് സ്‌നേഹിച്ചിരുന്നു. പുതിയ തലമുറക്ക് അദ്ദേഹം സുപരിചിതനല്ലെങ്കിലും കഴിഞ്ഞ തലമുറയ്ക്ക് അദ്ദേഹം സുപരിചിതനായിരുന്നു. ജീവിക്കുന്ന സമുദായത്തിനും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് പരലോക ജീവിതം ധന്യമാകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."