HOME
DETAILS
MAL
പതിച്ചുനല്‍കാന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍
backup
February 01 2020 | 05:02 AM
ബാസിത് ഹസന്‍
തൊടുപുഴ: ആരാധനാലയങ്ങള്‍ രേഖകളില്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമി നിബന്ധനകള്‍ക്ക് വിധേയമായി പതിച്ചുനല്‍കാന്‍ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവാണ് ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ 29 ന് പുറപ്പെടുവിച്ചത്.
ആരാധനാലയങ്ങളും ശ്മശാനങ്ങളും വിവിധ കലാസാംസ്‌കാരിക സംഘടനകളും വായനശാലകളും ചാരിറ്റബ്ള്‍ സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ മതിയായ രേഖകള്‍ ഇല്ലാതെ കൈവശം വച്ചിരിക്കുന്ന ഭൂമി നിബന്ധനകള്‍ക്ക് വിധേയമായി പതിച്ചുനല്‍കാവുന്നതാണെന്ന് ലാന്റ് റവന്യു കമ്മിഷണറുടെ ശുപാര്‍ശ പരിഗണിച്ചാണ് റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. വ്യവസ്ഥകള്‍ അനുസരിച്ച് പതിച്ചു നല്‍കാവുന്ന ഭൂമിയുടെ അളവില്‍ മാറ്റമുണ്ടാകും.
പ്രസ്തുത ആരാധാനാലയങ്ങളും ശ്മശാനങ്ങളും നിലവിലുള്ളതും കൃത്യമായ വരവ് ചെലവ് കണക്കുകള്‍ സൂക്ഷിച്ചിട്ടുള്ളവയുമായിരിക്കണം. പതിച്ചുനല്‍കാവുന്ന പരമാവധി ഭൂമി ഒരേക്കര്‍ ആയിരിക്കും. ഭൂമി 1947 ന് മുന്‍പ് കൈവശം വച്ചുവരുന്നതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാല്‍ ഫെയര്‍ വാല്യുവിന്റെ 25 ശതമാനം ഈടാക്കി പതിച്ചു നല്‍കാം. 1990 ജനുവരി ഒന്നിന് മുന്‍പ് കൈവശം വച്ചിരിക്കുന്ന ഭൂമിയാണെങ്കില്‍ ഫെയര്‍ വാല്യു ഈടാക്കി പതിച്ചു നല്‍കാം. 1990 ജനുവരി രണ്ടിന് ശേഷവും 2008 ഓഗസ്റ്റ് 25 ന് മുന്‍പും കൈവശം വച്ചുവരുന്നു എന്ന് തെളിയിക്കാനുതകുന്ന രേഖകള്‍ ഹാജരാക്കുകയാണെങ്കില്‍ കമ്പോള വില ഈടാക്കി പതിച്ചു നല്‍കാം.
ക്ലബുകള്‍ ഒഴികെയുള്ള വിവിധ കലാ കായിക സാംസ്‌കാരിക സംഘടനകളും വായന ശാലകളും ചാരിറ്റബ്ള്‍ സ്ഥാപനങ്ങളും കൈവശം വച്ചിരിക്കുന്ന ശരിയായ രേഖകള്‍ ഇല്ലാത്ത ഭൂമി സംബന്ധിച്ച് പ്രത്യേക നിബന്ധനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ചാരിറ്റബ്ള്‍ സ്ഥാപനങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതിന് 2020 ജനുവരി 29 ന് മുന്‍പുള്ള 10 വര്‍ഷമെങ്കിലും തുടര്‍ച്ചയായി സേവനം നല്‍കുന്നവയായിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."