ഓസ്കര്: വേദിക്ക് പുറത്ത് ട്രംപിനെതിരേ പ്രതിഷേധം
ലോസ് ആഞ്ചല്‍സ്: ഓസ്കര് പുരസ്കാരങ്ങള്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ പ്രതിഷേധവുമായി ചലച്ചിത്ര ലോകം. ട്രംപിന്റെ കുടിയേറ്റ വിരുദ്ധതയും ഏഴു മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാരെ വിലക്കിയുള്ള ഉത്തരവുകളുമാണ് ചലച്ചിത്ര താരങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. ഓസ്കര് അവാര്‍ഡ് ചടങ്ങിലും ട്രംപിനെതിരേ പ്രതിഷേധമുയരുമെന്നാണ് സൂചന. അവാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് ചെറില്‍ ബൂണ്‍ ഇക്കാര്യം സൂചിപ്പിച്ചു.
പ്രമുഖ നടി ജോഡി ഫോസ്റ്റര്‍ കഴിഞ്ഞ ദിവസം ട്രംപിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രമുഖ നടന് മൈക്കല്‍ ജെ ഫോക്സ്, മുന്‍ ബ്രിട്ടീഷ് വിദേശ കാര്യ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡ്, എന്നിവരും ജോഡി ഫോസ്റ്ററുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
നേരത്തെ ഇറാനിയന്‍ സംവിധായകന് അസ്ഗര്‍ ഫര്‍ഹാദി ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ചിത്രം ദ സെയില്സ്മാന് മികച്ച വിദേശഭാഷാ ചിത്രത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. ഗോള്‍ഡന്‍ ഗ്ലോബ് വേദിയില്‍ മെറില്‍ സ്ട്രിപും ബാഫ്ത പുരസ്കാര വേദിയില്‍ എമ്മാ സ്റ്റോണും ട്രംപിന്റെ നിലപാടുകളെ വിമര്‍ശിച്ചിരുന്നു. അതേസമയം പുരസ്കാര ചടങ്ങുകള്‍ ട്രംപ് കാണില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് സീന്‍ സ്പൈര്‍ പറഞ്ഞു. ഓസ്കര് ചടങ്ങുകള്‍ കാണില്ലെന്ന് ട്രംപ് അനുകൂലികളും പ്രഖ്യാപിച്ചു.
അതിനിടെ, നാമനിര്‍ദേശങ്ങളില്‍ റെക്കോര്‍ഡിട്ട് സംഗീതപ്രാധാന്യമുള്ള പ്രണയചിത്രമായ ലാ ലാ ലാന്‍ഡ് മുന്നിലെത്തി. 14 നാമനിര്‍ദേശങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മൂണ്‍ലൈറ്റ്, ഹിഡന്‍ ഫിഗേഴ്സ് എന്നിവയും തൊട്ടുപിന്നാലെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."