റമദാന്‍: ദൈവ കരുണയുടെ വിശുദ്ധ നാളുകള്‍
നോമ്പ് പരിശുദ്ധിയുടെ ദിനങ്ങളാണ്. ആത്മാവില്‍ വീണുപോയ പാപമുള്ളുകളെ പിഴുതുമാറ്റാന്‍ പ്രലോഭനങ്ങളാല്‍ മലീമസമാക്കപ്പെട്ട ചിന്തകളെ വിശുദ്ധീകരിക്കാന്‍ ദൈവം ഒരുക്കുന്ന സമയം. വളമിട്ട് പരിപാലിച്ചിട്ടും ഫലം നല്‍കാത്ത ഒരു അത്തി വൃക്ഷത്തിന്റെ ഉപമയുണ്ട് വിശുദ്ധ ബൈബിളില്‍. പ്രയോജന രഹിതമായ ആ വൃക്ഷം വെട്ടിമാറ്റാന്‍ യജമാനന്‍ ആവശ്യപ്പെടുന്നുണ്ട്. കൃഷിക്കാരനാവട്ടെ ഒരു വൃക്ഷം കൂടി ചുവടു കിളച്ച് വളമിട്ട് നോക്കാനായി അനുമതി തേടുന്നു; അടുത്തവര്‍ഷം ഫലം നല്‍കിയില്ലെങ്കില്‍ വെട്ടിക്കളഞ്ഞു കൊള്ളുക എന്നൊരു നിബന്ധനയോടെ ഫലം കായ്ക്കാന്‍ ഒരവസരം കൂടി നല്‍കപ്പെടുകയാണ് ആ അത്തി വൃക്ഷത്തിന്. വരും വര്‍ഷങ്ങളില്‍ നൂറുമേനി ഫലം നല്‍കാന്‍ ദൈവം നല്‍കുന്ന കരുണയുടെ ഒരവസരം. ഓരോ നോമ്പുകാലവും കരുണാമയനായ ദൈവം മനുഷ്യനു വച്ചുനീട്ടുന്നതു കാരുണ്യത്തിന്റെ നാളുകളാണ്.
ആത്മരക്ഷയ്ക്കും ആത്മവിശുദ്ധിക്കുമായി പ്രവാചകന്‍ പഠിപ്പിക്കുന്ന അഞ്ചുതിരുകര്‍മങ്ങളായ വിശ്വാസ പ്രഘോഷണം, പ്രാര്‍ഥന, സക്കാത്ത്, ഉപവാസം, ഹജ്ജ് എന്നിവയാണ് ഇസ്‌ലാമിന്റെ നെടുംതൂണുകള്‍. റമദാന്‍ ഉപവാസത്തിന്റെ നാളുകളാണ്. മുഹമ്മദ് നബിക്കു ലഭിക്കുന്ന അരുളപ്പാടുകളുടെ പൂര്‍ണതയാണ് ഒന്‍പതാം മാസമായ റമദാന്‍. വിശുദ്ധീകരിക്കപ്പെട്ട റമദാനാണ്, ഉപവാസാചരണത്തിലൂടെ തന്നിലുള്ള തിന്മകള്‍ക്കെതിരേ ജിഹാദ് നടത്താനായി ഒരു വിശ്വാസി തെരഞ്ഞെടുക്കുന്നത്. ഏതൊരു നോമ്പുകാലത്തിനും ഒഴിച്ചുകൂടാനാവാത്ത അഞ്ചു മേഖലകളുണ്ട്. 1) പരിശോധന: നാളിതുവരെയുള്ള ജീവിതത്തെ ദൈവസന്നിധിയിലിരുന്ന് അവലോകനം ചെയ്തു പാപപ്രവണതകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന ആത്മപരിശോധന. 2) പശ്ചാത്താപം: ചെയ്തുപോയ തിന്മകളെക്കുറിച്ചു വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും ഉപേക്ഷയിലും സൃഷ്ടാവിന്റെ ഹിതത്തിനു വിരുദ്ധമായി സംഭവിച്ചതിനെയോര്‍ത്തുള്ള പശ്ചാത്താപം. 3) പ്രായശ്ചിത്തം: ചെയ്തുപോയ തെറ്റിനുള്ള പരിഹാരമാണത്. ഉടല്‍കൊണ്ടുവന്നതിനെ ഉടലില്‍ പരിഹരിക്കുന്ന ഉപവാസവും അപരനെ നൊമ്പരപ്പെടുത്തിയതിന് അവന്‍ ചെയ്യുന്ന സക്കാത്തുമൊക്കെ ഈ പ്രായശ്ചിത്തമാണ്. 4) പ്രതിജ്ഞ: ഇനിയൊരിക്കലും ദൈവഹിതം മറന്നു പ്രവര്‍ത്തിച്ചു ഫലശൂന്യനാകില്ലെന്ന പ്രതിജ്ഞ. 5) പ്രാര്‍ഥന: സൃഷ്ടാവിന്റെ മുമ്പില്‍ താന്‍ നിസാരനാണെന്ന് ഏറ്റുപറഞ്ഞുകൊണ്ട് അവിടുത്തെ സഹായം തേടിയുള്ള ആഴമേറിയ പ്രാര്‍ഥന. റമദാനിലെ പുണ്യദിനങ്ങളില്‍ നാം കണ്ടെത്തുന്നത് ഈ ചൈതന്യമാണ്. ദൈവം മനുഷ്യനു നല്‍കുന്ന പുണ്യദിനങ്ങളാണു റമദാന്‍. തിന്മകളില്‍ നിന്നും അശുദ്ധിയില്‍ നിന്നുമകന്നു സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും നന്മ മരങ്ങളാകാനുള്ള ദൈവിക വിളിയാണ് ഈ നോമ്പുകാലം. വ്രതവിശുദ്ധിയില്‍ ആത്മസമര്‍പ്പണം ചെയ്ത് റമദാന്‍ ആചരിക്കുന്ന എല്ലാ സഹോദരര്‍ക്കും പ്രാര്‍ഥാനാശംസകള്‍ നേരുന്നു. പരമകാരുണികനായ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."