സമ്പദ്‌വ്യവസ്ഥയുടെ നിശബ്ദ ഹൃദയാഘാതം തുടരുന്നു
ഇന്ത്യയുടെ പൊതു ധനവിനിമയ രംഗം സാമ്പത്തികമായി ഒരു നിശബ്ദ ഹൃദയാഘാതത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം രതിന്‍ റോയ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ധനമന്ത്രി നിര്‍മല സീതാരാമന്‍ 2018-19ലെ ബജറ്റ് അവതരണത്തിനിടെ രാജ്യത്തെ നികുതി വരുമാനത്തിലുണ്ടായ 1.7 ലക്ഷം കോടി രൂപയുടെ കനത്ത ഇടിവിനെ പറ്റി പറഞ്ഞതിന് പിന്നാലെയായിരുന്നു റോയുടെ പരാമര്‍ശം. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.2 ശതമാനമാണ് ആ നികുതിവരുമാനത്തിലെ ഇടിവ്.
റോയ് ഈ ഗുരുതര രോഗനിര്‍ണയം നടത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് വളരെ പ്രധാനമാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ നികുതി വരുമാനത്തിന്റെ കനത്ത ഇടിവിനെക്കുറിച്ച് യാതൊരു സൂചനയും നല്‍കിയിരുന്നില്ല. ഒരുപക്ഷെ മോദി സര്‍ക്കാര്‍ ഈ നിശബ്ദ ഹൃദയാഘാതത്തിന്റെ കാര്യം പൊതുജനങ്ങളുമായി അന്ന് പങ്കുവയ്ക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നുവേണം കരുതാന്‍. എന്നാലും ബി.ജെ.പി പുതിയ സര്‍ക്കാര്‍ രൂപീകരിച്ച്, നിര്‍മല സീതാരാമന്‍ പൂര്‍ണ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ രോഗാതുരമായ ആ ഹൃദയത്തിലെ തുള പിന്നീട് വെളിവായി. അടുത്ത ദശാബ്ദങ്ങളിലൊന്നും കണ്ടിട്ടാല്ലാത്തവിധം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.2 ശതമാനം നികുതി വരുമാനം കുറഞ്ഞു എന്നുതന്നെ യഥാര്‍ത്ഥ നികുതി വരുമാനത്തിന്റെ കണക്കെടുക്കുന്ന കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് വെളിപ്പെടുത്തി.
നികുതിവരുമാനം കുറയുകയും ബജറ്റില്‍ ഉള്‍പ്പെടുത്തിയ തുക കണ്ടെത്താന്‍ കടമെടുക്കല്‍ നിര്‍ബാധം തുടരുകയും ചെയ്താല്‍ എന്തായിരിക്കും അതിന്റെ അനന്തരഫലം? വന്‍തോതിലുള്ള ചെലവു ചുരുക്കലാണ് പിന്നീട് നടന്നത്. തെരഞ്ഞെടുപ്പിനു മുന്നേയുള്ള മാസങ്ങളില്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കിയെങ്കിലും ഈ നിശബ്ദ ഹൃദയാഘാതത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇപ്പോഴും ഒരു വ്യക്തതയില്ല. സ്വകാര്യ മേഖലയിലെ കരാറുകാരുടെ പ്രതിഫലം സര്‍ക്കാര്‍ കൊടുക്കാതെ തടഞ്ഞുവച്ചു. എന്തിനധികം മോദിയുടെ സ്വന്തം വെല്‍ഫെയര്‍ പദ്ധതികള്‍ക്കുള്ള ചെലവുപോലും കണ്ടെത്താനാവാതെ സര്‍ക്കാര്‍ വലഞ്ഞു. പ്രധാനമന്ത്രി കിസാന്‍ പദ്ധതി (പ്രതിവര്‍ഷം 80,000 കോടി രൂപ)യും ഉജ്വല ഗ്യാസ് സിലിണ്ടര്‍ പദ്ധതിയുമെല്ലാം പതുക്കെയായി. വലിയൊരു സംസ്ഥാനത്തെ മുതിര്‍ന്നൊരുദ്യോഗസ്ഥന്‍ പറഞ്ഞത് വലിയ പരസ്യങ്ങള്‍ നല്‍കിയ പ്രധാനമന്ത്രി ഹൗസിങ് പദ്ധതിയും പണമില്ലാതെ ഇഴയുകയാണെന്നാണ്. സംസ്ഥാനങ്ങളാകട്ടെ ആ വിടവ് നികത്തുന്നതിനുവേണ്ടി കൂടുതല്‍ കടമെടുത്തുകൊണ്ടിരിക്കുകയുമാണ്.
ഇന്ത്യയുടെ പൊതുധനവിനിമയ രംഗം നിലവില്‍ സാക്ഷിയായിക്കൊണ്ടിരിക്കുന്ന ഈ നിശബ്ദ ഹൃദ്രോഗം ഇപ്പോഴും എങ്ങിനെ രാജ്യത്തെ സാമ്പത്തിക രംഗത്ത് തുടര്‍ന്നുവരുന്നു എന്നാണ് ഇന്നു പ്രഖ്യാപിക്കാനിരിക്കുന്ന നിര്‍മല സീതാരാമന്റെ ബജറ്റ് നമുക്ക് കാണിച്ചുതരാന്‍ പോകുന്നത്. ഒരു ചെറിയ സര്‍ക്കാര്‍ ഡാറ്റ തന്നെ അക്കാര്യം വ്യക്തമാക്കുന്നു. വ്യക്തമായിപ്പറഞ്ഞാല്‍ 2019-20 സാമ്പത്തിക വര്‍ഷത്തേക്ക് നികുതി വരുമാനത്തില്‍ 18.5 ശതമാനം വളര്‍ച്ചയാണ് സര്‍ക്കാര്‍ ബജറ്റ് ചെയ്തത്. അതുപോലെ തന്നെയായിരിക്കും ചെലവും നിശ്ചയിച്ചിട്ടുണ്ടാവുക. അതോടൊപ്പം മൊത്തം ആഭ്യന്തര ഉല്‍പ്പന്നത്തിന്റെ 3.3 ശതമാനം കടമെടുക്കലും(ധനക്കമ്മി) നിശ്ചയിച്ചു. എന്നിരുന്നാലും ഏറ്റവും പുതിയ റിപോര്‍ട്ടുകള്‍ അനുസരിച്ച്, പ്രതീക്ഷിച്ചിരുന്നത് 18.5 ശതമാനത്തെ അപേക്ഷിച്ച് ഒമ്പതു മാസത്തിനുള്ളില്‍ ലഭിച്ച നികുതി വരുമാനം വെറും മൂന്നു ശതമാനമാണ്. അതേ, നിശബ്ദ ഹൃദയാഘാതം തുടരുകയാണ്. 2019-20ലെ ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനം 24,61,000 കോടി രൂപയാണ്. അതാണ് 2018-19ലെ മൊത്തം നികുതി വരുമാനത്തിനൊപ്പം നേടിയെടുക്കാമെന്നു പ്രതീക്ഷിച്ചിരുന്ന 18.5 ശതമാനം വളര്‍ച്ച.
അപ്പോള്‍ ശരിക്കുമുള്ള നികുതി വരുമാനം മൂന്നുശതമാനം മാത്രമേ വളരുന്നുള്ളൂവെങ്കില്‍ ചെറിയ കണക്കുകൂട്ടല്‍ മതി ആസൂത്രണം ചെയ്യപ്പെട്ട തുകയെക്കാള്‍ 2.57 ലക്ഷം കോടി രൂപയുടെ കുറവുണ്ടെന്ന് മനസ്സിലാക്കാന്‍. ഈ ധനക്കമ്മി പ്രതിസന്ധിയിലെ പ്രധാനപ്പെട്ട ഘട്ടം 2017-18 കാലയളവില്‍ ഏതാണ്ട് ജി.എസ്.ടി വരുമാനം നിശ്ചലമായ അവസ്ഥയിലാണ്. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കേന്ദ്രം അത് 14 ശതമാനം എന്ന് ഉയര്‍ത്തിക്കാണിക്കുന്നുണ്ടെങ്കിലും അതല്ല വാസ്തവം.
വലിയൊരു ചോദ്യം ചോദിക്കാനുള്ളത് എന്താണെന്നുവച്ചാല്‍ ആസൂത്രണം ചെയ്യപ്പെട്ട വരുമാനങ്ങളില്‍ ഇത്രയും വലിയ കുറവുവരുമ്പോള്‍ എങ്ങിനെയാണ് കേന്ദ്രം അത് നേരിടുന്നത്? ബജറ്റില്‍ നിശ്ചയിച്ചുറപ്പിച്ച ചെലവുകള്‍ എങ്ങിനെയാണ് സര്‍ക്കാര്‍ കണ്ടെത്തുന്നത്? 2018-19 വര്‍ഷം ചെയ്തതുപോലെ ജി.ഡി.പി വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും വിധം ചെലവ് കണ്ണും പൂട്ടി വെട്ടികുറയ്ക്കുകയാണോ? നാം നേടുന്നത് ചെറിയ ഒരു ജി.ഡി.പി വളര്‍ച്ചയാണെങ്കില്‍ കൂടി അത് സ്വകാര്യ ഉപഭോഗവും നിക്ഷേപവുമൊന്നും ഇല്ലാത്ത അവസ്ഥയില്‍ സര്‍ക്കാര്‍ നടത്തുന്ന ചെലവിലൂടെയാണ് ലഭിക്കുന്നത്.
അപ്പോള്‍ ഇന്ന് ബജറ്റവതരിപ്പിക്കുമ്പോള്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കേണ്ട വലിയൊരു ഉത്തരം ഇത്രയും കുറഞ്ഞ വരുമാനംകൊണ്ട് ഏങ്ങിനെയാണ് ബജറ്റില്‍ വകയിരിത്തിയിട്ടുള്ള ചെലവുകള്‍ അവര്‍ നടത്താന്‍ ഉദ്ദേശിക്കുന്നത് എന്നതാണ്. അവര്‍ക്കുചെയ്യാനാവുന്ന ഒരേയൊരുകാര്യം മാര്‍ക്കറ്റില്‍ നിന്ന് ഇനിയും കടമെടുക്കുക എന്നതാണ്. പക്ഷെ അവരതു ചെയ്യുന്നുണ്ടോ? 2020 ജനുവരി- മാര്‍ച്ച് പാദത്തില്‍ ചെലവു ഗണ്യമായി കുറയ്ക്കാനുള്ള ബോധപൂര്‍വമായ നടപടികളെടുത്തിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അത് ജി.ഡി.പി വളര്‍ച്ചയെ തടസ്സപ്പെടുത്തി, ഈയടുത്ത കാലത്തൊന്നും ജി.ഡി.പി മെച്ചപ്പെടാനുള്ള സാധ്യതയെ ഇല്ലാതാക്കുകയാണ്. രാഷ്ട്രീയത്തില്‍ ബി.ജെ.പി അവരുടെ സ്വന്തം ഇടം ഉണ്ടാക്കിയെടുക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ അക്കങ്ങളെല്ലാം മറ്റൊരു കഥപറയുമ്പോള്‍, ബദലുകള്‍ ഉണ്ടാക്കിയെടുക്കാന്‍ അവര്‍ക്കാവുന്നില്ല. അതായത് സാമ്പത്തികമായ നിശബ്ദ ഹൃദയാഘാതം അത്ര നിശബ്ദമല്ലെന്നു സാരം.
(ദ വയര്‍ സ്ഥാപക എഡിറ്ററാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."