നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങള്‍ എവിടെ; പൊലിസ് പരക്കം പാച്ചിലില്‍
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രധാന തെളിവുകള്‍ കണ്ടെത്താനാകാതെ പൊലിസ്. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡും മൊബൈല്‍ ഫോണും കണ്ടെത്താന്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കഴിഞ്ഞിട്ടില്ല. അതേസമയം മെമ്മറി കാര്‍ഡിലും ഫോണിലും ദൃശ്യമുണ്ടായിരുന്നെന്നും കൂട്ടുപ്രതികളേയും കോയമ്പത്തൂരിലെ ലഹരികേന്ദ്രത്തിലെ ചിലരേയും കാണിച്ചിരുന്നതായും തെളിഞ്ഞിട്ടുണ്ട്. സുനിയുടെ കൂട്ടുപ്രതികളുടെ മൊഴിയും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഒരു മൊബൈല്‍ഫോണ്‍ അഭിഭാഷകനെ ഏല്‍പ്പിച്ചിരുന്നു. ഇത് നടിയുടെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷം ഏല്‍പ്പിച്ചതാണെന്നു പൊലിസ് സംശയിക്കുന്നു. സംഭവം നടന്നതിന്റെ പിറ്റേദിവസമാണ് ഫോണ്‍ അഭിഭാഷകനെ ഏല്‍പ്പിച്ചത്. താന്‍ പിടിക്കപ്പെട്ടാല്‍ തെളിവ് ലഭിക്കാതിരിക്കാനാണ് അഭിഭാഷകനെ ഫോണ്‍ ഏല്‍പ്പിച്ചത്. എന്നാല്‍ അഭിഭാഷകന്റെ നിര്‍ദേശ പ്രകാരം തൊണ്ടിമുതല്‍ കോടതിയില്‍ സമര്‍പ്പിക്കാനാണു നല്‍കിയതെന്നും പൊലിസ് വിശ്വസിക്കുന്നുണ്ട്.
അതേസമയം നടിയുടെ ദൃശ്യങ്ങളുള്ള ഫോണ്‍ വലിച്ചെറിഞ്ഞെന്നു പ്രതി സുനില്‍കുമാര്‍ മൊഴി നല്‍കിയെങ്കിലും ഇക്കാര്യം പൊലിസ് വിശ്വസിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നു പിടികൂടിയ മൊബൈല്‍ ഫോണില്‍ നിന്നു തെളിവ് ലഭിച്ചില്ലെങ്കില്‍ പ്രതിയെ നുണ പരിശോധനയ്ക്കു വിധേയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനാണ് പൊലിസ് തീരുമാനം.
സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്നതാണ് മറ്റൊരു അന്വേഷണ വിഷയം. എന്നാല്‍, ഇക്കാര്യത്തില്‍ കൊടും ക്രിമിനലായ സുനിലിന്റെ മൊഴി പൊലിസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പണം തട്ടിയെടുക്കാനാണു കൃത്യം ചെയ്തതെന്നു മുഖ്യപ്രതി പറയുന്നുണ്ടെങ്കിലും ഗൂഢാലോചനയും തള്ളിക്കളയുന്നില്ല.
എട്ടു ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ കിട്ടിയതെങ്കിലും അന്വേഷണം പൂര്‍ത്തീകരിക്കാത്തതിനാല്‍ കസ്റ്റഡി കാലയളവ് നീട്ടാന്‍ പൊലിസ് ഹരജി നല്‍കിയേക്കുമെന്നും അറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."