വന്യജീവി ശല്യത്തില്‍ പൊറുതിമുട്ടി; ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ഷകര്‍
പടിഞ്ഞാറത്തറ: വന്യജീവി ശല്യത്തില്‍ പൊറുതിമുട്ടിയതോടെ ഇനി ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വയനാട്ടിലെ കര്‍ഷകര്‍. ജില്ലയിലെ കര്‍ഷകര്‍ വന്യജീവി ശല്യത്തില്‍ പൊറുതിമുട്ടി കാര്‍ഷിക ജോലി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയില്‍ നില്‍ക്കെ ഇനി ബജറ്റില്‍ പ്രതീക്ഷയര്‍പ്പിക്കുകയാല്ലാതെ മാര്‍ഗമില്ലെന്ന സ്ഥിതിയിലായിരിക്കുന്നത്.
ഓരോ ദിവസം പിന്നിടുമ്പോഴും കര്‍ഷകരുടെ ദുരിതങ്ങള്‍ വര്‍ധിച്ചു വരികയാണ്. വന്യജീവി ശല്യത്താലും മാറി മാറി വരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം കാര്‍ഷിക മേഖല ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ തുടര്‍ച്ചയായുണ്ടായ പ്രളയത്തില്‍ നിന്നും ഇതുവരെയും കര്‍ഷകര്‍ കരകയറിയിട്ടില്ലെന്നതാണ് യതാര്‍ഥ വസ്തുത.
പ്രളയത്തില്‍ നശിച്ച കര്‍ഷകര്‍ക്ക് ഇതുവരെയും അര്‍ഹമായ നഷ്ടപരിഹാര തുക പോലും പൂര്‍ണമായും ലഭ്യമായിട്ടില്ല. മാറി മാറി വരുന്ന സര്‍ക്കാര്‍ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണാമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തുകയല്ലാതെ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ തന്നെ പറയുന്നു.
കാട്ടാന, കാട്ടുപന്നി, കുരങ്ങുകള്‍ തുടങ്ങിയവയുടെ ഉപദ്രവം കര്‍ഷകരെ വലിയതോതില്‍ പൊറുതിമുട്ടിക്കുകയാണ്. വാഴ, ചേമ്പ്, ചേന, കാപ്പി, പച്ചക്കറികള്‍, കമുക്, തെങ്ങ് തുടങ്ങി എല്ലാവിധ കാര്‍ഷിക മേഖലകളിലും വന്യജീവി ശല്യം ഒരുപോലെ ബാധിച്ചിരിക്കയാണ്.
കാട്ടാന ശല്യത്തില്‍ നിന്നും രക്ഷനേടാനായി വിവിധങ്ങളായ പദ്ധതികള്‍ സര്‍ക്കാര്‍ തലങ്ങളിലും കര്‍ഷകര്‍ സ്വന്തമായും തയാറാക്കിയെങ്കിലും അവയൊന്നും കര്‍ഷകര്‍ക്ക് രക്ഷയായില്ലന്നതാണ് വസ്തുത. കല്‍മതിലുകളും ഫെന്‍സിങ്ങും വൈദ്യുതി വേലികളും എല്ലാം കാട്ടാനകള്‍ തകര്‍ത്തതോടെ ഇനിയെന്ത് എന്ന അവസ്ഥയിലായി കര്‍ഷകര്‍.
കുരങ്ങു ശല്യത്തില്‍ പൊറുതിമുട്ടിയതോടെ കര്‍ഷകര്‍ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും അതിനായുള്ള എല്ലാ പദ്ധതികളും മുളയിലേ കരിഞ്ഞ അവസ്ഥയിലാണ്. കുരങ്ങുകളെ പിടികൂടിയ ശേഷം കര്‍ലാട് തടാകത്തിന് സമീപം കൂട് സ്ഥാപിച്ച് വന്ദ്യംകരണം നടത്തുന്നതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഇതുവരെയും നടപ്പായില്ല. കുരങ്ങ് പനിയുള്‍പ്പടെ ജില്ലില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കുരങ്ങ് ശല്യത്തിന് പരിഹാരം കാണാന്‍ ഇതുവരെയും അധികാരികള്‍ക്ക് സാധിച്ചിട്ടില്ല.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ബജറ്റില്‍ പ്രത്യേകം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇനി വരാന്‍ പോകുന്ന കേന്ദ്ര- സംസ്ഥാന ബജറ്റുകളില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."