സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ വര്‍ധിച്ചതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്ത്.
ഇടതുപക്ഷം അധികാരത്തിലെത്തിയ ശേഷം അക്രമസംഭവങ്ങള്‍ വര്‍ധിച്ചതായി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് 1,75,000 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ത്രീ സുരക്ഷക്കായി നടപ്പാക്കിയ പദ്ധതികള്‍ പ്രയോജനം ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എട്ടുമാസത്തിനിടെ സംസ്ഥാനത്ത് 18 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടായി. പീഡനക്കേസുകള്‍ 1,100. ഇതില്‍ 630 കേസുകളിലും ഇരയായത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍.
സ്ത്രീകള്‍ക്കെതിരേയുള്ള മറ്റ് അതിക്രമങ്ങള്‍ 3200 ലേറെയാണ്. 4200 ലഹരിമരുന്ന് കേസുകള്‍. ദലിത് പീഡനങ്ങളുമായി ബന്ധപ്പെട്ട് 7200 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും റിപ്പോര്‍ട്ട് പറയുന്നു.
യു.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കെ ഇക്കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 61,000 ക്രിമിനല്‍ കേസുകളാണ് കൂടുതല്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. സ്ത്രീപീഡന കേസുകളില്‍ മാത്രം 330 എണ്ണത്തിന്റെ വര്‍ധന. സ്ത്രീ സുരക്ഷ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ കാവലാള്‍, പിങ്ക് പൊലിസ് പദ്ധതികളൊന്നും ഗുണം ചെയ്തില്ല.
കേസുകളുടെ എണ്ണം കൂടാന്‍ ഇതും കാരണമായിട്ടുണ്ട്. നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് ആഭ്യന്തരവകുപ്പിന്റ നിര്‍ദേശപ്രകാരമാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ചാനല്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."