മാസ്‌കുകള്‍ക്ക് വന്‍ ഡിമാന്റ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കോറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാസ്‌കുകള്‍ക്ക് വന്‍ ഡിമാന്റ്. ലക്ഷക്കണക്കിനു പീസുകളുടെ ആവശ്യമാണ് ദിനംപ്രതി വര്‍ധിക്കുന്നത്. എന്നാല്‍ വര്‍ധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ച് മാസ്‌കുകള്‍ വിപണിയിലെത്തിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് മൊത്തവിതരണ കമ്പനിക്കാര്‍ പറയുന്നു.
വൈറസ് ബാധ തടയുന്നതിനു പലതരത്തിലുള്ള മാസ്‌കുകളാണ് വിപണിയിലുള്ളത്. 3 പ്ലൈ മുതല്‍ എന്‍. 95 വരെയുള്ള മാസ്‌കുകള്‍ക്കാണ് ആവശ്യക്കാര്‍ വര്‍ധിക്കുന്നത്. ഇതില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്ന എന്‍. 95 മാസ്‌കുകള്‍ കേരളത്തിലെന്നല്ല പുറത്തും കിട്ടാനില്ല. ലക്ഷക്കണക്കിനു പീസുകളുടെ ഓര്‍ഡറുകള്‍ ഉണ്ടെങ്കിലും അവ ലഭ്യമാക്കാന്‍ സാധിക്കുന്നില്ലെന്ന് ട്രിവാന്‍ഡ്രം സര്‍ജിക്കല്‍സ് എം.ഡി ഗീത പറയുന്നു.
നേരത്തെ പത്തു ബോക്‌സ് മാസ്‌ക് ചോദിച്ചിരുന്ന ചില്ലറ വില്‍പ്പനക്കാര്‍ ഇപ്പോള്‍ 10,000 ബോക്‌സ് ചോദിച്ചുതുടങ്ങി. ഒരു കണ്ടെയ്‌നര്‍ ബോക്‌സിന് ലഭിച്ച ഓര്‍ഡര്‍ നിരസിക്കേണ്ടി വന്നു. നിലവില്‍ അഞ്ചര ലക്ഷം പീസിന്റെ ഓര്‍ഡര്‍ സ്വീകരിച്ചത് വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഗീത വ്യക്തമാക്കി.
മാസ്‌കുകള്‍ക്ക് ആഗോളതലത്തില്‍ ആവശ്യം വര്‍ധിച്ചതാണ് പ്രതിസന്ധിക്കു കാരണം. ഇന്ത്യയില്‍ എന്‍. 95 മാസ്‌കുകളുടെ ഉല്‍പാദനം കുറവാണ്. ഇവ ചൈനപോലുള്ള രാജ്യങ്ങളില്‍ നിന്നാണ് കൂടുതലും ഇറക്കുമതി ചെയ്യുന്നത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തരം രാജ്യങ്ങളില്‍ നിന്ന് മാസ്‌കുകള്‍ ഇന്ത്യയിലെത്തുന്നില്ല. എന്‍. 95 ലഭ്യമല്ലാത്തതിനാല്‍ 3 പ്ലൈ മാസ്‌കുകളാണ് വിറ്റുപോകുന്നത്.
ഇതിനു ക്ഷാമം വന്നുതുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ പ്രതിസന്ധി വര്‍ധിക്കും.
വിവിധ തരത്തിലുള്ള മാസ്‌കുകള്‍ക്ക് രണ്ടര രൂപ മുതല്‍ 90 രൂപ വരെയാണ് വിപണി വില. ക്ഷാമമുള്ളതിനാല്‍ വില കൂട്ടി വില്‍ക്കുന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."