മന്ത്രിമാര്‍ക്ക് സി.പി.എം മൂക്കുകയറിടുന്നു; സ്വകാര്യ പരിപാടികള്‍ ഒഴിവാക്കണം
തിരുവനന്തപുരം: സി.പി.എമ്മുകാരായ മന്ത്രിമാര്‍ സ്വകാര്യപരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം തയാറാക്കിയ പെരുമാറ്റച്ചട്ടത്തിലാണ് ഈ നിര്‍ദേശമുള്ളത്.
എന്തെങ്കിലും കാരണവശാല്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തെയും ബന്ധപ്പെട്ട ജില്ലാഘടകത്തെയും അറിയിക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മന്ത്രിമാരുടെ പരിപാടികള്‍ സംസ്ഥാന, ജില്ലാ ഘടകങ്ങള്‍ അറിഞ്ഞിരിക്കണം.
മന്ത്രിമാര്‍ കൂട്ടത്തോടെ പരിപാടികളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണം. മന്ത്രിമാരുടെ ഓഫിസുകളില്‍ പൊതുജനങ്ങള്‍ക്കു സന്ദര്‍ശനത്തിനു സമയം നിശ്ചയിക്കണം. സന്ദര്‍ശനസമയത്ത് മന്ത്രിമാര്‍ ഓഫിസില്‍ ഉണ്ടായിരിക്കണം. ഓഫിസില്‍ വരുന്നവരോടു നല്ല സമീപനം സ്വീകരിക്കണം.
ഫലപ്രദമായ ഒരു ടീമായി മന്ത്രിമാര്‍ പ്രവര്‍ത്തിക്കണം. അനാവശ്യ കാലതാമസം ഒഴിവാക്കി പരാതികള്‍ നിശ്ചിതസമയത്തു തീര്‍പ്പാക്കണം. മന്ത്രിമാരുടെ ഓഫിസുകള്‍ മാത്രമല്ല മറ്റുള്ള ഓഫിസുകളും അഴിമതി വിമുക്തമാക്കാന്‍ ഇടപെടലുണ്ടാകണം. എല്ലാ സര്‍വിസ് സംഘടനകളെയും വിശ്വാസത്തിലെടുക്കണം. സര്‍വിസ് സംഘടനകളെ ഏകോപിപ്പിച്ച് ഭരണം അഴിമതിവിമുക്തമാക്കണം. ഓരോ വകുപ്പും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രദ്ധിക്കണം. എല്ലാ തീരുമാനങ്ങളും ജനപക്ഷത്തു നിന്നായിരിക്കണം. പാര്‍ട്ടിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സി.പി.എം മന്ത്രിമാരെല്ലാം പാലിക്കണം. ഇപ്പോള്‍ ഇത് സി.പി.എം മന്ത്രിമാര്‍ക്കു മാത്രം ബാധകമാക്കാനേ പാര്‍ട്ടിക്കു കഴിയൂവെന്നും ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത് മറ്റു ഘടകകക്ഷികളുടെ മന്ത്രിമാര്‍ക്കു കൂടി ഇതു ബാധകമാക്കാനുള്ള ശ്രമം നടത്തുമെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."