പാരീസില്‍ സ്‌ഫോടനം: നാലു മരണം
പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ബേക്കറിയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 36 പേര്‍ക്കു പരുക്കേറ്റു. ഇവരില്‍ 12 പേരുടെ പരുക്ക് ഗുരുതരമാണ്. മരിച്ചവരില്‍ രണ്ടുപേര്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ്. ബേക്കറി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ വാതകചോര്‍ച്ചയാണ് ദുരന്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് നോര്‍ത്ത് സെന്‍ട്രല്‍ പാരീസിലെ ഒരു ബേക്കറിയില്‍ സ്‌ഫോടനമുണ്ടായത്. രണ്ടു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരടക്കം നാലുപേരുടെ മരണം ഇന്നലെ ഉച്ചയോടെ ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവസമയത്ത് ബേക്കറി തുറന്നിരുന്നില്ല.
ഇതു സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയിരുന്നു.
വാതകചോര്‍ച്ച നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.
ഫ്രാന്‍സില്‍ ശനിയാഴ്ചകളില്‍ മഞ്ഞക്കുപ്പായ പ്രക്ഷോഭം നടക്കുന്നതിനാല്‍ ഇന്നലെ പാരീസിലെങ്ങും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. 80,000 പൊലിസുദ്യോഗസ്ഥരെയാണ് സുരക്ഷാ കാര്യങ്ങള്‍ക്കായി നിയോഗിച്ചിരുന്നത്.
ഇതിനിടെ സ്‌ഫോടനമുണ്ടായപ്പോള്‍ പ്രക്ഷോഭവുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും അതു നിഷേധിച്ച് അധികൃതര്‍തന്നെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ തിയറ്ററുകളും കടകളും അടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."