പ്രമേയം അനുവദിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളി: ചെന്നിത്തല
തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിക്കുന്ന പ്രതിപക്ഷത്ത പ്രമേയത്തില്‍ ചര്‍ച്ച അനുവദിക്കാത്ത സര്‍ക്കാര്‍ നിലപാട് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജനവികാരം മാനിക്കുന്ന സര്‍ക്കാരാണെങ്കില്‍ ഗവര്‍ണര്‍ക്കെതിരേ റൂള്‍ 130 അനുസരിച്ച് കൊണ്ടുവന്ന ഈ പ്രമേയം അംഗീകരിക്കുമായിരുന്നു എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .
നമ്മള്‍ ഇവിടെ പ്രമേയം പാസാക്കി ഗവര്‍ണറെ നീക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടാല്‍ ബി.ജെ.പി ഇതര സര്‍ക്കാരുകള്‍ക്കെതിരേ ഗവര്‍ണറെ വച്ചു കളിക്കുന്ന നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നിലപാടുകളെ ചെറുക്കാന്‍ കഴിയുമായിരുന്നു. അതിനുള്ള അവസരമാണ് ഇല്ലാതാക്കുന്നത്. വളരെ ദൗര്‍ഭാഗ്യകരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രമേയം നിരാകരിക്കുന്നതിന് കാര്യോപദേശക സമിതിയില്‍ പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ ഉന്നയിച്ച കാര്യങ്ങളൊന്നും നിലനില്‍ക്കുന്നവയല്ല.
റൂള്‍ 130 അനുസരിച്ച് സ്പീക്കര്‍ പ്രമേയം സ്വീകരിച്ചിട്ടില്ല എന്ന വാദം ശരിയല്ല. സ്പീക്കര്‍ പ്രമേയം അനുവദിച്ചതു കൊണ്ടാണ് കാര്യോപദേശക സമിതിയില്‍ ചര്‍ച്ചയ്ക്കു വന്നതു തന്നെ. പ്രമേയം നിമപരമായി ക്രമപ്രകാരമാണെന്ന് അദ്ദേഹം നോട്ടിസ് കിട്ടിയപ്പോള്‍ തന്നെ പറഞ്ഞിരുന്നു. പിന്നീട് സഭാനേതാവുമായി ആലോചിച്ച് ചര്‍ച്ചയ്ക്ക് തീയതി നിശ്ചയിക്കുകയോ അല്ലെങ്കില്‍ കാര്യോപദേശക സമിതി വിളിച്ച് സമയം തീരുമാനിക്കുകയോ ആണ് വേണ്ടത്. രണ്ടാമത്തെ വഴിയാണ് സ്പീക്കര്‍ സ്വീകരിച്ചത്. യഥാര്‍ത്ഥത്തില്‍ സ്പീക്കറുടെ തീരുമാനത്തെയാണ് പാര്‍ലമെന്ററി കാര്യ മന്ത്രി ചോദ്യം ചെയ്തിരിക്കുന്നത്.
കീഴ്‌വഴക്കമില്ലെന്ന വാദവും ശരിയല്ല. ഇ.എം.എസിന്റെയും ഇ.കെ നായനാരുടെയും കാലത്ത് ഗവര്‍ണര്‍ക്കെതിരായ പ്രമേയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള കള്ളക്കളിയാണ് ഇവിടെ കാണുന്നത്. ഇവര്‍ക്ക് ഗവര്‍ണറുടെ ആനുകൂല്യം വേണം. അതിനുവേണ്ടിയിട്ടുള്ള ഒത്തുകളിയാണെന്നും ചെന്നിത്തല പറഞ്ഞു. കെ.സി ജോസഫ്. പി.ജെ ജോസഫ്, എം. ഉമ്മര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."