അമേരിക്കയ്ക്ക് 'ഭരണസ്തംഭന റെക്കോര്‍ഡ് '
വാഷിങ്ടണ്‍: അതിര്‍ത്തി മതിലിനു ഫണ്ട് പാസാക്കുന്നതിനെ ചൊല്ലി അമേരിക്കയില്‍ പ്രതിസന്ധി തുടരുന്നു. വെള്ളിയാഴ്ചയോടെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭരണസ്തംഭനമായി ഇതു മാറിക്കഴിഞ്ഞു.
എന്നാല്‍ വിഷയത്തില്‍ പരിഹാരശ്രമങ്ങളൊന്നും ഇതുവരെ വിജയം കണ്ടിട്ടില്ല.
22 ദിവസം പിന്നിട്ട ഭാഗിക ഭരണസ്തംഭനം അമേരിക്കയുടെ ഭരണ-തൊഴില്‍ മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. എട്ടു ലക്ഷത്തോളം തൊഴിലാളികളാണ് വേതനം ലഭിക്കാതെ ജോലിയെടുക്കുന്നത്. അതേസമയം അതിര്‍ത്തി മതിലിനു പണം അനുവദിച്ചില്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. 1995-96 കാലത്ത് ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കേയുണ്ടായ 21 ദിവസത്തെ ഭരണപ്രതിസന്ധിയായിരുന്നു അമേരിക്കയുടെ ചരിത്രത്തില്‍ ഇതുവരെ ഏറ്റവും ദൈര്‍ഘ്യമേറിയത്.
കഴിഞ്ഞ ദിവസം ടെക്‌സാസിലെ റിയോ ഗ്രാന്‍ഡ് വാലിയിലുള്ള മക്അലെന്‍ അതിര്‍ത്തി പെട്രോളിങ് കേന്ദ്രത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ട്രംപ് വീണ്ടും അടിയന്തരാവസ്ഥാ ഭീഷണി മുഴക്കിയത്. കോണ്‍ഗ്രസ് മതില്‍ ഫണ്ടിന് അംഗീകാരം നല്‍കിയില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും ട്രംപ് പറഞ്ഞു.
യുദ്ധവേളയിലും അടിയന്തരാവസ്ഥയിലും ധനകാര്യവകുപ്പില്‍നിന്നു പണമെടുത്തു നിര്‍മാണ പ്രവൃത്തികള്‍ നടത്താനുള്ള അധികാരം അമേരിക്കന്‍ പ്രസിഡന്റിനുണ്ട്.
അതിര്‍ത്തി മതിലിന് ഫണ്ട് ധനബില്ലില്‍ വകയിരുത്താന്‍ ഡെമോക്രാറ്റുകള്‍ വിസമ്മതിച്ചതു കാരണമാണ് 22 ദിവസമായി അമേരിക്കയില്‍ ഭാഗിക ഭരണസ്തംഭനം തുടരുന്നത്.
ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സെനറ്റില്‍ ധനബില്‍ പാസാക്കാന്‍ ആദ്യം ഡെമോക്രാറ്റുകള്‍ വിസമ്മതിച്ചതോടെയാണ് ഭരണസ്തംഭനത്തിനു തുടക്കമായത്. പിന്നീട് മതിലിനുള്ള തുക ഒഴിവാക്കി ബാക്കി ബില്ലിനു സെനറ്റ് അംഗീകാരം നല്‍കി. എന്നാല്‍, മതിലിനുള്ള ഫണ്ടിന് അംഗീകാരം ലഭിക്കാതെ മുന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ട്രംപ്. ഫെഡറല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എട്ടു ലക്ഷത്തോളം തൊഴിലാളികളെയാണ് ഭരണ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. ഇതില്‍ വലിയൊരു ശതമാനം പേര്‍ അവധിയില്‍ പോയിരിക്കുകയാണ്.
അതേസമയം ഭരണസ്തംഭന വിഷയത്തില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സെനറ്റിനും പ്രസിഡന്റിനുമെതിരേ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനങ്ങള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."