ഉറി ഭീകരാക്രമണം: പാക് ബന്ധത്തിന് എന്‍.ഐ.എക്ക് തെളിവില്ല: പിടിയിലായ പാക് പൗരന്മാരെ ഇന്ത്യ വിട്ടയക്കും
ന്യൂഡല്‍ഹി: ഉറിയിലെ സൈനിക കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ അറസ്റ്റിലായ പാക്പൗരന്മാരായ കൗമാരക്കാര്‍ക്കെതിരേ തെളിവു നല്‍കാന്‍ എന്‍.ഐ.എക്കായില്ല. ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ 'വഴികാട്ടി' എന്ന് എന്‍.ഐ.എ ആരോപിച്ചിരുന്ന ഫൈസല്‍ ഹുസൈന്‍ അവാന്‍, അഹ്‌സാന്‍ ഖുര്‍ഷിദ് എന്നിവര്‍ക്കെതിരായ തെളിവുകള്‍ കണ്ടെത്തുന്നതിലാണ് എന്‍.ഐ.എ പരാജയപ്പെട്ടത്.
ഡല്‍ഹിയിലെ എന്‍.ഐ.എ പ്രത്യേക കോടതിയില്‍ വ്യാഴാഴ്ച സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇരുവരെയും എന്‍.ഐ.എ കുറ്റവിമുക്തരാക്കിയത്. ഇതോടെ രണ്ടുപേരെയും എന്‍.ഐ.എ സ്വദേശത്തേക്കു പറഞ്ഞുവിടും. അടുത്തിടെ അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്ന ചന്തുചവാന്‍ എന്ന സൈനികനെ ഇന്ത്യക്കു കൈമാറിയ നടപടിക്കു പ്രത്യുപകാരമെന്ന നിലയില്‍ ഇരുവരെയും പാകിസ്താന് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇരുവരും അശ്രദ്ധമായി നിയന്ത്രണരേഖ കടന്നതാകാമെന്ന നിഗമനത്തിലാണ് എന്‍.ഐ.എ. ഫൈസലിനെയും അഹ്‌സാനെയും പാകിസ്താനു കൈമാറുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടതു വിദേശകാര്യ മന്ത്രാലയമാണ്. ഉറി കേസില്‍ ഇരുവര്‍ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് എന്‍.ഐ.എ വിദേശകാര്യ മന്ത്രാലയത്തെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സംബന്ധിച്ച് കോടതി തീരുമാനമെടുത്തതിനു ശേഷമാവും മന്ത്രാലയത്തെ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുക.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 18നാണ് ഉറിയിലെ സൈനിക ക്യാംപിനു നേരെ ഭീകരാക്രമണമുണ്ടായത്. 19 പേര്‍ മരിച്ച സംഭവത്തിനു പിന്നാലെ സെപ്റ്റംബര്‍ 21നാണ് ഫൈസലിനെയും അഹ്‌സാനെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. ഇരുവരും വഴിതെറ്റി ഇന്ത്യയിലെത്തിയതാണെന്നും ഇവര്‍ക്ക് ആക്രമണത്തില്‍ പങ്കില്ലെന്നും കുടുംബം അറിയിച്ചിരുന്നു. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ഫൈസലും അഹ്‌സാനും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."