പുതിയ രാഷ്ട്രപതി: സാധ്യതാപട്ടികയില്‍ അദ്വാനിയില്ല: സുഷമയും മുരളീമനോഹര്‍ ജോഷിയും പരിഗണനയില്‍
ന്യൂഡല്‍ഹി: ജൂലൈയില്‍ കാലാവധി അവസാനിക്കുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ബി.ജെ.പിയുടെ ചര്‍ച്ച അന്തിമഘട്ടത്തില്‍. വിദേശകാര്യമന്ത്രി സുഷമാസ്വരാജും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ മുരളീമനോഹര്‍ ജോഷിയുമാണു സാധ്യതാ പട്ടികയില്‍ മുന്നിലുള്ളത്. ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടെങ്കിലും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ അദ്വാനിയുടെ പേര് പട്ടികയിലില്ല.
ഒരുകാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശക്തമായി പിന്തുണച്ച അദ്വാനിയാവും പ്രണബിന്റെ പിന്‍ഗാമിയായി രാഷ്ട്രപതിഭവനിലുണ്ടാവുകയെന്നുനേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അടുത്തിടെ മോദി-അമിത്ഷാ കൂട്ടുകെട്ടിനോട് പരസ്യമായി ഇടഞ്ഞതാണ് അദ്ദേഹത്തെ അവഗണിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതിനു പിന്നാലെയാവും എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിക്കുകയെന്നാണുവിവരം. കഴിഞ്ഞദിവസങ്ങളില്‍ നടന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതൃയോഗങ്ങളില്‍ ഇതുസംബന്ധിച്ചുചര്‍ച്ചനടന്നിട്ടുണ്ട്.
1944 മുതല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ മുരളീമനോഹര്‍ ജോഷി 1991ല്‍ ബി.ജെ.പി അധ്യക്ഷനായിട്ടുണ്ട്. ബാബരിമസ്ജിദിന്റെ തകര്‍ച്ചയ്ക്കിടയാക്കിയ സംഭവത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ജോഷിക്കെതിരേ പള്ളി തകര്‍ത്തതിന് കേസുണ്ട്. ഈ കേസ് ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. മോദി മന്ത്രിസഭയില്‍ ഏറ്റവുമധികം പ്രതിച്ഛായയുള്ള സുഷമയെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ സ്ത്രീകളെ പരിഗണിച്ചുവെന്ന പ്രചാരണത്തിനു സാധ്യതയുണ്ടെന്നതാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ഒഡിഷ മുന്‍മന്ത്രിയായ ദ്രൗപതി ആദിവാസി വിഭാഗത്തില്‍നിന്നുള്ള നേതാവാണ്.
ലോക്‌സഭാ, രാജ്യസഭാ എം.പിമാരും സംസ്ഥാനങ്ങളിലെ എം.എല്‍.എമാരുമാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. 4,120 എം.എല്‍.എമാരും 776 എം.പിമാരും ഉള്‍പ്പെടെ 4,896 പേരാണുരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഇലക്ടറല്‍ കോളജിലുണ്ടാവുക. ജനസംഖ്യാനുപാതികമായി പരിഗണിച്ചുപത്തു ലക്ഷത്തോളം ഇലക്ടറല്‍ വോട്ടുകളാണ് ആകെയുള്ളത്. ഒരു എം.പിയുടെ വോട്ടിന് 708 വോട്ടുകളുടെ മൂല്യമുണ്ടാകും. എം.എല്‍.എമാരുടെ വോട്ടുകള്‍ക്ക് അവരുടെ സംസ്ഥാനങ്ങളിലെ ജനസംഖ്യാനുപാതികമായാണു മൂല്യം. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടാന്‍ 5,49,001 വോട്ടുകളാണു ലഭിക്കേണ്ടത്. 338 എം.പിമാരുടെയും 1,126 എം.എല്‍.എമാരുടെയും ശക്തി ബി.ജെ.പിക്കുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലംകൂടി പുറത്തുവരുമ്പോള്‍ ഇതില്‍ മാറ്റമുണ്ടാകും. 10 സംസ്ഥാനങ്ങളില്‍ നിലവില്‍ ബി.ജെ.പി ഭരണത്തിലുണ്ടെങ്കിലും ജനസംഖ്യ കൂടുതലുള്ള ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ അവര്‍ക്കു ശക്തി കുറവാണ്. പാര്‍ട്ടിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി വിജയിക്കാന്‍ ബി.ജെ.പിക്ക് നിലവിലുള്ള ഇലക്ടറല്‍ വോട്ടിനെക്കാള്‍ 75,000 കൂടുതല്‍ വോട്ടുകള്‍ ആവശ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."